മാലദ്വീപിലെ 28 ദ്വീപുകളില്‍ പ്രവര്‍ത്തനാധികാരം; ചൈനയ്ക്കുമേല്‍ ഇന്ത്യയുടെ നയതന്ത്രവിജയം
ഒരിടവേളയ്ക്കുശേഷം ഇന്ത്യയും മാലദ്വീപും സൗഹൃദത്തിന്റെയും മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിന്റെയും വഴിയിലേക്ക് തിരിച്ചെത്തിയെന്നു റിപ്പോര്‍ട്ട്. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ മാലദ്വീപ് സന്ദര്‍ശനം ഇരുരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. വിഷയത്തില്‍ ചൈനയ്ക്കു മേല്‍ ഇന്ത്യ നേടുന്ന നയതന്ത്ര വിജയമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
ഇന്ത്യ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചൈനീസ് അനുകൂല സമീപനം കൈക്കൊള്ളുകയും ചെയ്യുന്ന മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റായി എത്തിയശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നത്. ഇതിനു പിന്നാലെ നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിക്കുകയും വിനോദസഞ്ചാരികളെ അങ്ങോട്ടേക്ക് ക്ഷണിക്കുകയും ചെയ്‌തോടെ മാലദ്വീപുമായുള്ള ബന്ധം കൂടുതല്‍ മോശമായി.
വിദേശകാര്യ മന്ത്രി ജയശങ്കര്‍ കഴിഞ്ഞദിവസമാണ് മാലദ്വീപ് സന്ദര്‍ശനം അവസാനിപ്പിച്ച് തിരികെയെത്തിയത്. ഇരുരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി ധാരണാപത്രങ്ങളില്‍ (എംഒയു) ഒപ്പുവെച്ചു. കൂടാതെ ആറ് ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്റ്റുകളും (എച്ച്‌ഐസിഡിപി) ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ 1,000 മാലിദ്വീപ് സര്‍ക്കാര്‍ ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളും മാലിദ്വീപില്‍ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) അവതരിപ്പിക്കുന്നതിനുള്ള കരാറുകളും ഒപ്പിട്ടവയില്‍ ഉള്‍പ്പെടുന്നു. മാനസികാരോഗ്യം, പ്രത്യേക വിദ്യാഭ്യാസം, സ്പീച്ച് തെറാപ്പി, തെരുവ് വിളക്കുകള്‍ തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആറ് എച്ച്‌ഐസിഡിപികള്‍ സംയുക്തമായി ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
മാലദ്വീപില്‍നിന്ന് ഇന്ത്യന്‍ സൈനികരെയും സാങ്കേതിക തൊഴിലാളികളെയും പുറത്താക്കിയ സര്‍ക്കാരായിരുന്നു മുയിസുവിന്റേത്. എന്നാല്‍, ഇപ്പോള്‍ മാലദ്വീപിലെ 28 ദ്വീപുകളിലെ ജല, മലിനജല ശൃംഖലയുടെ ഇന്ത്യന്‍ സഹായ പദ്ധതിയായ ലൈന്‍ ഓഫ് ക്രെഡിറ്റ് (എല്‍ഒസി) പ്രസിഡന്റ് മുയിസുവിന്റെ സാന്നിധ്യത്തില്‍ ജയശങ്കറും വിദേശകാര്യ മന്ത്രിയും സംയുക്തമായി ഉദ്ഘാടനം ചെയ്യുകയായികുന്നു. 28 ദ്വീപുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ഇന്ത്യയോട് പ്രസിഡന്റ് മുയിസു അഭ്യര്‍ത്ഥിക്കുകയും ഇന്ത്യ അതിന് സമ്മതം അറിയിക്കുകയുമായിരുന്നു.
മാലിദ്വീപിനുള്ള ഇന്ത്യയുടെ തുടര്‍ച്ചയായ വികസന സഹായങ്ങളെ പ്രസിഡന്റ് മുഹമ്മദ് മുയിസു അഭിനന്ദിക്കുകയും ഇന്ത്യ-മാലദ്വീപ് ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള തന്റെ പ്രതിബദ്ധത ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജയശങ്കറിന്റെ സന്ദര്‍ശനവേളയില്‍, സാമൂഹിക, അടിസ്ഥാന സൗകര്യ, സാമ്പത്തിക മേഖലകള്‍ ഉള്‍പ്പെടെ മാലിദ്വീപിന്റെ മൊത്തത്തിലുള്ള വികസനത്തിനുള്ള ഇന്ത്യയുടെ പിന്തുണയെ മാലിദ്വീപ് പക്ഷം അഭിനന്ദിച്ചു.
അതേസമയം, ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇത്തവണത്തെ കേന്ദ്രബജറ്റില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മാലദ്വീപിനുള്ള സഹായത്തില്‍ 48 ശതമാനം കുറവു വരുത്തിയിരുന്നു. നിലവിലെ സാമ്പത്തിക വിഹിതം 400 കോടി രൂപയായാണ് ചുരുക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ 770 കോടി അനുവദിച്ചിരുന്നു.