'കഥ ഇതോടെ അവസാനിക്കുന്നില്ല;' ഹിസ്‌ബുള്ളയ്ക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് സൂചന നൽകി ഇസ്രയേൽ

'കഥ ഇതോടെ അവസാനിക്കുന്നില്ല;' ഹിസ്‌ബുള്ളയ്ക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് സൂചന നൽകി ഇസ്രയേൽ

അധിനിവിഷ്ട ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഹിസ്ബുള്ള വലിയ ഡ്രോൺ- റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു
Updated on
1 min read

ലെബനൻ സായുധ വിഭാഗമായ ഹിസ്‌ബുള്ളയ്ക്ക് എതിരെ ഞായറാഴ്ച നടത്തിയ ആക്രമണം അവസാനത്തേതല്ലെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹിസ്‌ബുള്ളയുടെ നൂറിലേറെ റോക്കറ്റ് വിക്ഷേപണ ശ്രമങ്ങളെ ഇസ്രയേൽ തകർത്തതായാണ് റിപ്പോർട്ട്. ഇത് 'കഥയുടെ അവസാനമല്ലെന്നായിരുന്നു ക്യാബിനറ്റ് യോഗത്തിലെ പ്രഖ്യാപനം. പശ്ചിമേഷ്യയിൽ സംഘർഷസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഹിസ്‌ബുള്ളയ്‌ക്കെതിരെ ഇനിയും അക്രമണമുണ്ടാകുമെന്ന സൂചന ഇസ്രയേൽ നൽകുന്നത്.

"റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേൽ രാഷ്ട്രത്തെ ആക്രമിക്കാൻ ഹിസ്ബുള്ള ശ്രമിച്ചു. ആ ഭീഷണി ഇല്ലാതാക്കാൻ ശക്തമായ, മുൻകരുതൽ ആക്രമണം നടത്താൻ ഐഡിഎഫിന് നിർദ്ദേശം നൽക്കുകയായിരുന്നു” ഞായറാഴ്ച ലെബനനിൽ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് നെതന്യാഹു പറയുന്നു. തെക്കൻ ലെബനനിലുടനീളം നൂറോളം ജെറ്റുകൾ ഉപയോഗിച്ചായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ വ്യോമാക്രമണം. അതിന് മറുപടിയായി അധിനിവിഷ്ട ഗോലാൻ കുന്നിലെ ഇസ്രയേൽ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഹിസ്ബുള്ളയും വലിയ ഡ്രോൺ- റോക്കറ്റ് ആക്രമണങ്ങൾ നടത്തിയിരുന്നു.

'കഥ ഇതോടെ അവസാനിക്കുന്നില്ല;' ഹിസ്‌ബുള്ളയ്ക്ക് നേരെ ഇനിയും ആക്രമണമുണ്ടാകുമെന്ന് സൂചന നൽകി ഇസ്രയേൽ
ലെബനനിലേക്ക് 40 മിസൈല്‍ തൊടുത്ത് ഇസ്രയേല്‍; 320 റോക്കറ്റുകള്‍കൊണ്ട് ഹിസ്ബുള്ളയുടെ തിരിച്ചടി, സംഘർഷം രൂക്ഷം

അതിനിടെ ഹിസ്‌ബുള്ളയുടെ ആക്രമണങ്ങളെ പ്രകീർത്തിച്ചും പിന്തുണച്ചും ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഹൂതി എന്നീ ഇറാൻ പിന്തുണയുള്ള മേഖലയിലെ മറ്റ് സായുധ സംഘങ്ങളും രംഗത്തെത്തിയിരുന്നു. ഗാസയിൽ വെടിനിർത്തലിനുള്ള മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയില്ലെന്ന് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതോടെയാണ് സംഘർഷം രൂക്ഷമായത്. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലുണ്ടായിരുന്ന ഹമാസ് പ്രതിനിധി സംഘം നഗരം വിട്ടതായി വാർത്തകളുണ്ടായിരുന്നു.

തങ്ങളുടെ സൈനിക കമാൻഡർ ഫുഅദ് ശുക്കറിനെ വധിച്ചതിനുള്ള മറുപടിയാണെന്നായിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹിസ്ബുള്ള വ്യക്തമാക്കിയത്. ഇസ്രയേലിനെതിരായ തിരിച്ചടിയുടെ ആദ്യ ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഹിസ്‌ബുള്ള അറിയിച്ചു. ഇസ്രയേലിലേക്ക് 320 കത്യുഷ റോക്കറ്റുകളാണ് ഹിസ്‌ബുള്ള തൊടുത്തത്.

അതിനിടെ, ഇസ്രയേലിൽ അടുത്ത 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രയേൽ-ഹിസ്ബുള്ള ഏറ്റുമുട്ടൽ കൂടുതൽ കരുത്താർജിച്ച പശ്ചാത്തലത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷ സമിതി വക്താവ് സീൻ സാവെറ്റും അറിയിച്ചു.

logo
The Fourth
www.thefourthnews.in