'ഇതൊരുപക്ഷേ എന്റെ അവസാന ട്വീറ്റായേക്കാം'; അറസ്റ്റിന് വീണ്ടും കളമൊരുങ്ങുന്നുണ്ടെന്ന സൂചനകള്‍ നല്‍കി ഇമ്രാന്‍ ഖാന്‍

'ഇതൊരുപക്ഷേ എന്റെ അവസാന ട്വീറ്റായേക്കാം'; അറസ്റ്റിന് വീണ്ടും കളമൊരുങ്ങുന്നുണ്ടെന്ന സൂചനകള്‍ നല്‍കി ഇമ്രാന്‍ ഖാന്‍

കലാപകാരികളെന്ന് സംശയിക്കുന്ന അനുയായികളെ കൈമാറാൻ 24 മണിക്കൂര്‍ സമയമാണ് സര്‍ക്കാര്‍ ഇമ്രാഖാനും പാര്‍ട്ടിക്കും നല്‍കിയിരിക്കുന്നത്

വീണ്ടും താന്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ നല്‍കി പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ”തന്റെ വീട് പോലീസ് വളഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ അടുത്ത അറസ്റ്റിന് മുമ്പുള്ള എന്റെ അവസാന ട്വീറ്റായിരിക്കാം ഇത്” ഖാൻ ട്വിറ്ററിൽ കുറിച്ചു.

സമർദത്തിലാക്കി പാര്‍ട്ടിയുടെ അന്ത്യം കാണാമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ആരൊക്കെ പാര്‍ട്ടി വിട്ടാലും രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി നിലനില്‍ക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. അഴിമതിക്കേസില്‍ നാളുകള്‍ നീണ്ടു നിന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഇമ്രാന്‍ ഖാന്‍ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ഖാനെ സമര്‍ദത്തിലാക്കുന്ന പുതിയ നടപടിയുമായി പാക് സര്‍ക്കാര്‍ രംഗത്തെത്തിയത്.

സമർദത്തിലാക്കി പാര്‍ട്ടിയുടെ അന്ത്യം കാണാമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഇമ്രാന്‍ ഖാന്‍

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ അഭയം പ്രാപിച്ച കലാപകാരികളെന്ന് സംശയിക്കുന്ന 30 നും 40നും ഇടയിൽ അനുയായികളെ കൈമാറാൻ പാകിസ്താന്‍ പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല സർക്കാർ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് (പിടിഐ)യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനായി 24 മണിക്കൂര്‍ സമയമാണ് നല്‍കിയിരിക്കുന്നത്.

സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട സഹായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇമ്രാന്‍ ഖാന്‍ അഭയം നല്‍കിയിരിക്കുകയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്. സൈന്യത്തിന്‍റെ കെട്ടിടങ്ങളും, ടെന്റുകളും തകര്‍ക്കാന്‍ ശ്രമിച്ച ഭീകരവാദികളാണ് അവര്‍. പിടിഐ തീവ്രവാദികളെ കൈമാറണം, അല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകും."ലാഹോറിൽ നടന്ന വാർത്താസമ്മേളനത്തില്‍ പഞ്ചാബ് പ്രവിശ്യയിലെ ഇൻഫർമേഷൻ മന്ത്രി അമീർ മിർ വ്യക്തമാക്കി.

സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി തെഹ്‌രീകെ ഇൻസാഫ് (പിടിഐ)പാർട്ടി നേതാവ് തൈമൂർ ഖാൻ ജാഗ്ര രംഗത്തെത്തി. ഇമ്രാന്‍ ഖാന്‍ കലാപത്തിലെ പ്രതികളെ ഒളിപ്പിച്ചെന്ന ആരോപണം സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കും. പരാമര്‍ശത്തിന് പിന്നില്‍ വലിയ അപകടം പതിയിരിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതി ആരോപണത്തെ തുടര്‍ന്ന് മെയ് 9 ന് അറസ്റ്റിലായ ഇമ്രാന്‍ ഖാ‍നെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്ലാമാബാദ് ഹൈക്കോടതി ജാമ്യത്തിൽ വിട്ടത്. ഇത് രാജ്യത്തുടനീളം അക്രമങ്ങൾക്കും പ്രതിഷേധത്തിനും കാരണമായി. ലാഹോറിൽ സെനറ്റർ ഇജാസ് ചൗധരിയുടെ നേതൃത്വത്തിൽ പിടിഐ അനുഭാവികൾ ലിബർട്ടി ചൗക്കിൽ ഒത്തുകൂടി. പ്രതിഷേധക്കാർ വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇമ്രാന്റെ സമാൻ പാർക്കിലെ വസതിക്ക് പുറത്ത്, പിടിഐ അനുകൂലികൾ സർക്കാർ ബാനറുകളും വലിച്ചുകീറി.

logo
The Fourth
www.thefourthnews.in