ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞം: മൂന്ന് ദിവസത്തേക്കു വെടിനിര്‍ത്തൽ സന്നദ്ധത അറിയിച്ച് ഇസ്രയേല്‍

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞം: മൂന്ന് ദിവസത്തേക്കു വെടിനിര്‍ത്തൽ സന്നദ്ധത അറിയിച്ച് ഇസ്രയേല്‍

25 വര്‍ഷത്തിനുശേഷം ഗാസയില്‍ ആദ്യമായി പോളിയോ ബാധിച്ച് പത്ത് മാസം പ്രായമായ കുഞ്ഞ് ഭാഗികമായി തളര്‍ന്നെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് കരാര്‍
Published on

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞത്തിനായി മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്രയേല്‍ സന്നദ്ധത അറിയിച്ചതായി ലോകാരോഗ്യ സംഘടന. ഗാസയിലുടനീളമുള്ള 640,000 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് 'മാനുഷിക പരിഗണന' എന്ന കാമ്പയിന്‍ ലക്ഷ്യമിടുന്നതെന്നും ഞായറാഴ്ചയോടെ വാക്‌സിന്‍ യജ്ഞം ആരംഭിക്കുമെന്നും ഡബ്ല്യുഎച്ച്ഒയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റിക് പീപ്പര്‍കോണ്‍ പറഞ്ഞു.

ഗാസ മുനമ്പിന്റെ മധ്യ, തെക്ക്, വടക്ക് ഭാഗങ്ങളിലായി മൂന്ന് ഘട്ടങ്ങളായാണ് വാക്‌സിന്‍ നല്‍കുക. ഓരോ ഘട്ടത്തിലും പ്രാദേശിക സമയം ആറിനും പതിനഞ്ചിനും ഇടയില്‍ മൂന്ന് ദിവസത്തേക്ക് പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തും. 25 വര്‍ഷത്തിനുശേഷം ഗാസയില്‍ ആദ്യമായി പോളിയോ ബാധിച്ച് പത്ത് മാസം പ്രായമായ കുഞ്ഞ് ഭാഗികമായി തളര്‍ന്നെന്ന് യുഎന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞ് ദിവസങ്ങള്‍ക്കു ശേഷമാണ് കരാര്‍.

നോവല്‍ ഓറല്‍ പോളിയോ വാക്‌സിന്‍ ടൈപ്പ് 2 ന്‌റെ ഏകദേശം 12.6 ലക്ഷം ഡോസുകള്‍ ഗാസയിലുണ്ട്. 400,000 അധികഡോസ് ഉടന്‍ എത്തിക്കും. ലോകാരോഗ്യസംഘടന, യൂണിസെഫ്, യുഎന്‍ആര്‍ഡബ്ല്യുഎ എന്നിവയുമായി സഹകരിച്ച് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം കാമ്പെയ്ന്‍ നിയന്ത്രിക്കും. വാക്‌സിന്‍ നല്‍കുന്നതിനായി രണ്ടായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചിട്ടുണ്ട്.

ഗാസയിലെ പോളിയോ വാക്‌സിന്‍ യജ്ഞം: മൂന്ന് ദിവസത്തേക്കു വെടിനിര്‍ത്തൽ സന്നദ്ധത അറിയിച്ച് ഇസ്രയേല്‍
'ഗാസയിലെ സ്ഥിതി ഹൃദയഭേദകമെന്ന് പറയുമ്പോൾ തന്നെ പ്രതിരോധിക്കാൻ ഇസ്രയേലിന് അവകാശമുണ്ട്'; ആക്രമണത്തെ ന്യായീകരിച്ച് കമല ഹാരിസ്

മുനമ്പിലുടനീളം തൊണ്ണൂറ് ശതമാനം വാക്‌സിന്‍ കവറേജ് നേടാനാണ് ഡബ്ല്യുഎച്ച്ഒ ലക്ഷ്യമിടുന്നത്. ഗാസയ്ക്കുള്ളില്‍ വൈറസ് പകരുന്നത് തടയാന്‍ ഇത് ആവശ്യമാണ്. ഈ നില കൈവരിക്കാന്‍ ആവശ്യമാണെങ്കില്‍ വാക്‌സിനേഷന്‌റെ നാലാമത്തെ ദിവസംകൂടി കരാര്‍ ഉണ്ടാകും.

ഗാസയിലെയും അധിനിവേശ വെസ്റ്റ് ബാങ്കിലേയും പ്രതിരോധ കുത്തിവെയ്പ് നിരക്ക് സംഘര്‍ഷത്തിനുമുമ്പ് മികച്ചതായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2022-ല്‍ 99 ശതമാനമായിരുന്ന പോളിയോ വാക്‌സിന്‍ കവറേജ് ഏറ്റവുംപുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 89 ശതമാനമായി കുറഞ്ഞു.

തങ്ങളുടെ സൈനികര്‍ക്ക് രോഗത്തിനെതിരെ ജൂലൈയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചിരുന്നു. ഗാസ മുനമ്പിലെ 650,000 പലസ്തീന്‍ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന ഈ കാമ്പയിന്‍ സുരക്ഷിതമാക്കാന്‍ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹമാസ് ഉദ്യോഗസ്ഥന്‍ ബേസെം നെയിം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ മൂന്ന് ദിവസത്തെ ഇടവേള ' ഒരു വെടിനിര്‍ത്തല്‍ അല്ല' എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in