യുക്രെയ്നിലെ അധിനിവേശം കടുപ്പിക്കാനൊരുങ്ങി പുടിൻ; സൈനിക ചെലവ് 25 ശതമാനം ഉയർത്തി റഷ്യൻ ബജറ്റ്

യുക്രെയ്നിലെ അധിനിവേശം കടുപ്പിക്കാനൊരുങ്ങി പുടിൻ; സൈനിക ചെലവ് 25 ശതമാനം ഉയർത്തി റഷ്യൻ ബജറ്റ്

പാർലമെൻ്റിൻ്റെ വെബ്‌സൈറ്റിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കരട് ബജറ്റ് രേഖകൾ പ്രകാരം, 109 ബില്യൺ യൂറോയായിട്ടാണ് റഷ്യ പ്രതിരോധ ചെലവ് വർധിപ്പിച്ചത്
Published on

യുക്രെയ്ൻ അധിനിവേശം ശക്തമായി തുടരവേ, പ്രതിരോധത്തിനുള്ള ബജറ്റ് തുക വർധിപ്പിച്ച് റഷ്യ. യുക്രെയ്നിനെ പിന്തുണയ്ക്കുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നിലപാട് കടുപ്പിക്കുന്നതിനിടെയാണ് ബജറ്റിൽ 25 ശതമാനത്തിന്റെ വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യയുടെ എക്കാലത്തെയും വലിയ സൈനിക ബജറ്റാണിത്.

പാർലമെൻ്റിൻ്റെ വെബ്‌സൈറ്റിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച കരട് ബജറ്റ് രേഖകൾ പ്രകാരം, 109 ബില്യൺ യൂറോയായിട്ടാണ് റഷ്യ പ്രതിരോധ ചെലവ് വർധിപ്പിച്ചത്. റഷ്യയിൽ പണപ്പെരുപ്പം വർധിക്കുമ്പോഴും സൈനിക ബജറ്റിലുള്ള വർധനവ്, ഒരു യുദ്ധകാലാടിസ്ഥാനത്തിലേക്ക് കാര്യങ്ങൾ മാറിയതിന്റെ സൂചനയാണെന്നാണ് റഷ്യൻ സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ നയങ്ങൾ, ദേശീയ സാമ്പത്തികാവസ്ഥ എന്നിവയുടെ ആകെ ബജറ്റിനേക്കാൾ അധികമാണ് നിലവിലെ സൈനിക-സുരക്ഷാ ചെലവുകൾ.

അടുത്ത സഖ്യകക്ഷികളിൽനിന്നുള്ള പിന്തുണയിൽ യുക്രെയ്ൻ അനിശ്ചിതത്വം നേരിടുന്ന സാഹചര്യത്തിൽ കൂടിയാണ് റഷ്യയുടെ നീക്കം. സൈനിക ബജറ്റിലേക്കുള്ള വൻതോതിലുള്ള റഷ്യൻ നിക്ഷേപം യൂറോപ്പിലൊട്ടാകെ ആശങ്ക പടർത്തിയിട്ടുണ്ട്. സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും സൈനിക ബജറ്റിനായി വലിയ തുക വകയിരുത്തുന്നത് റഷ്യയുടെ ദീർഘകാലായുധത്തിനുള്ള തയ്യാറെടുപ്പായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

യുക്രെയ്നിലെ അധിനിവേശം കടുപ്പിക്കാനൊരുങ്ങി പുടിൻ; സൈനിക ചെലവ് 25 ശതമാനം ഉയർത്തി റഷ്യൻ ബജറ്റ്
ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍; സൈനിക നീക്കം ലോകരാഷ്ട്രങ്ങളുടെ അഭ്യര്‍ഥന നിരാകരിച്ച്, പ്രതിരോധിക്കുമെന്ന് ഹിസ്ബുള്ള

കുർസ്‌ക് ആക്രമണത്തിലൂടെ റഷ്യയെ പിടിച്ചുകെട്ടാൻ യുക്രെയ്ൻ ശ്രമിച്ചെങ്കിലും കിഴക്കൻ യുക്രെയ്നിലെ പൊക്രൊവ്സ്ക്കിൽ വലിയ നേട്ടമാണ് പുട്ടിന്റെ സൈന്യം നേടിയത്. അതിന്റെ ആത്മവിശ്വാസവും റഷ്യയ്ക്കുണ്ട്. റഷ്യൻ അതിർത്തിക്കുള്ളിൽ പാശ്ചാത്യ ശക്തികൾ നൽകിയ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ൻ അനുമതി തേടുന്നുണ്ടെങ്കിലും പുട്ടിന്റെ ആണവായുധ ഭീഷണിയുടെ പശ്ചാത്തലത്തിൽ കാര്യങ്ങൾ പ്രതികൂലമാകാനാണ് സാധ്യത.

റഷ്യയുടെ ദീർഘകാല സാമ്പത്തിക വീക്ഷണം അധിനിവേശത്തിന് മുമ്പുള്ളതിനേക്കാൾ വളരെ ഇരുണ്ടതാണെന്നാണ് വിശകലന വിദഗ്ധർ വിശ്വസിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാൻ ചൈനയിലേക്കും മറ്റ് വിപണികളിലേക്കുമുള്ള റഷ്യ ചുവടുമാറ്റത്തിലൂടെ പാശ്ചാത്യ വിപണികൾക്ക് പകരമാകാൻ സാധിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in