കോവിഡിനേക്കാള്‍ മാരകമായ വൈറസ് ഉടന്‍ ആവിർഭവിച്ചേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡിനേക്കാള്‍ മാരകമായ വൈറസ് ഉടന്‍ ആവിർഭവിച്ചേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡ് മഹാമാരി പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും ഡബ്ല്യുഎച്ച്ഒ തലവന്‍ നല്‍കുന്നു

രണ്ട് കോടി മനുഷ്യരുടെ ജീവനെടുത്ത കോവിഡ് മഹാമാരിയേക്കാള്‍ മാരകമായ വൈറസിനെ നേരിടാന്‍ ലോകം സജ്ജമാകണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേസസ്. അടുത്ത മഹാമാരി തടയുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ട സമയമാണിതെന്നും ജനീവയില്‍ നടന്ന വാര്‍ഷിക ആരോഗ്യ അസംബ്ലിയില്‍ അദ്ദേഹം പറഞ്ഞു.

വലിയ ജനവിഭാഗത്തെ രോഗത്തിന്റെയും മരണത്തിന്റെയും പിടിയിലാക്കുന്ന കോവിഡിനേക്കാള്‍ മാരകമായ വൈറസ് വകഭേദത്തിന്റെ ഭീഷണിയിലാണ് ലോകമുള്ളത്. വളരെ എളുപ്പത്തില്‍ ഈ മഹാമാരിയെ നേരിടാന്‍ സാധിക്കില്ലെന്നും ഏത് നിമിഷം ഈ മഹാമാരി കടന്നുവരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വലിയ രീതിയില്‍ ബാധിച്ചേക്കാവുന്ന ഒന്‍പത് രോഗങ്ങളെയാണ് ഇതുവരെ ലോകാരോഗ്യ സംഘടന തിരിച്ചറിഞ്ഞിട്ടുള്ളത്. കൃത്യമായ ചികിത്സയുടെ അഭാവവും രോഗത്തെ പ്രതിരോധിക്കാനുള്ള ജനങ്ങളുടെ ശേഷിക്കുറവും വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാം.

കോവിഡിന്റെ അപ്രതീക്ഷിതമായ കടന്നു വരവ് നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയാണ് ലോകത്ത് സൃഷ്ടിച്ചത്. ഈ മഹാമാരി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ലോകത്തെ തലകീഴായി മാറ്റി. 70 ലക്ഷം കോവിഡ് മരണമാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. എന്നാൽ രണ്ടു കോടി പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ അനുമാനം.

കോവിഡ് സാഹചര്യത്തില്‍ പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ ലോകാരോഗ്യ സംഘടന അടുത്തിടെയാണ് പിന്‍വലിച്ചത്. എന്നാല്‍ കോവിഡ് മഹാമാരി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ തലവന്‍ നല്‍കുന്നുണ്ട്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in