BUSINESS

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടക്കേസ് നൽകാൻ ഒരുങ്ങി ഓസ്ട്രേലിയൻ മേയർ

മേയർ നിയമനടപടിയിലേക്ക് കടന്നാല്‍ ചാറ്റ് ജിപിടിക്കെതിരെയുള്ള ആദ്യത്തെ കേസായിരിക്കുമിത്

വെബ് ഡെസ്ക്

ചാറ്റ് ജിപിടിക്കെതിരെ മാനനഷ്ടത്തിന് പരാതി നൽകുമെന്ന് ഓസ്‌ട്രേലിയൻ മേയർ. താൻ കൈക്കൂലി വാങ്ങിയെന്ന ചാറ്റ്‌ ജിപിടിയുടെ തെറ്റായ അവകാശവാദങ്ങൾ തിരുത്തിയില്ലെങ്കിൽ മാതൃകമ്പനിയായ ഓപ്പൺ എഐയ്‌ക്കെതിരെ പരാതി നൽകുമെന്നാണ് ഹെപ്ബേൺ ഷയർ മേയർ ബ്രയാൻ ഹുഡ് പറഞ്ഞിരിക്കുന്നത്.

2000ത്തിന്റെ തുടക്കത്തിൽ റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനം ഉൾപ്പെട്ട അഴിമതിയിൽ ചാറ്റ് ജിപിടി ബ്രയാൻ ഹുഡിനെ കുറ്റവാളിയായി നാമകരണം ചെയ്‌തെന്ന് പൊതുജനങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്. ഇത്തരത്തിലുള്ള തെറ്റായ ആരോപണം തന്റെ മേയർ പദവിയെ ബാധിക്കുമെന്ന് ബ്രയാൻ ചൂണ്ടിക്കാട്ടി.

റിസർവ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയയുടെ അനുബന്ധ സ്ഥാപനമായ നോട്ട് പ്രിന്റിംഗ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടിയാണ് ഹുഡ് ജോലി ചെയ്തിരുന്നത്. വിദേശ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കറൻസി പ്രിന്റിംഗ് കരാറുകൾ കൈക്കലാക്കുന്നത് അധികാരികളെ അറിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ അഴിമതിയിൽ കുറ്റവാളിയായാണ് ബ്രയാനെ ചാറ്റ് ജിപിടി നാമകരണം ചെയ്തിരിക്കുന്നത്.

വിഷയം ചൂണ്ടിക്കാട്ടി മാർച്ച് 21ന് ഓപ്പൺഎഐക്ക് ഒരു കത്ത് അയച്ചതായി ബ്രയാന്റെ അഭിഭാഷകർ പറയുന്നു. 28 ദിവസത്തിനകം വിശദീകരണം നൽകിയില്ലെങ്കിൽ മാനനഷ്ടക്കേസുമായി മുൻപോട്ട് പോകുമെന്നും കത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഓപ്പൺഎഐ ഇതുവരെ കത്തിൽ പ്രതികരിച്ചിട്ടില്ല.മേയർ നിയമനടപടിയിലേക്ക് കടന്നാല്‍ ലോകവ്യാപകമായി സ്വീകാര്യത നേടുന്ന ചാറ്റ് ജിപിടിക്കെതിരെയുള്ള ആദ്യത്തെ കേസായിരിക്കുമിത്.

ചാറ്റ് ജിപിടി ഉപയോഗം സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാട്ടി ഇറ്റാലിയൻ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിരുന്നു. ചാറ്റ് ജിപിടിക്കും എഐക്കുമെതിരെ അന്വേഷണം ആരംഭിച്ചതായും അതോറിറ്റി അറിയിച്ചിരുന്നു. മാർച്ച് 20ന് റിപ്പോർട്ട് ചെയ്ത ഒരു ഡാറ്റാ ലംഘനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഉപയോഗം സുരക്ഷിതമല്ല എന്ന നിഗമനത്തിലെത്തുന്നത്. ഇതോടെ ചാറ്റ് ജിപിടി നിരോധിച്ച ആദ്യ പാശ്ചാത്യ രാജ്യമായി ഇറ്റലി.

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ

സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ഡ്രോണുകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുന്ന സാഹചര്യം; യുക്രെയ്‌നിലെ റഷ്യന്‍ ക്രൂരതകള്‍ക്ക് പുതിയ തെളിവുകള്‍

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു