ENTERTAINMENT

പാളിപ്പോയ ഹെയ്സ്റ്റ്; നിരാശയായി ബോസ്സ് & കോ

ദുൽഖർ ചിത്രം കൊത്ത ആവറേജ് അനുഭവം മാത്രമായി മാറിയപ്പോൾ ഒരു ദിവസം കാത്തിരുന്നുവന്ന ബോസ്സ് & കോയിൽ നേരിയ പ്രതീക്ഷ വെച്ചിരുന്നു പ്രേക്ഷകർ

സുല്‍ത്താന സലിം

കിങ് ഓഫ് കൊത്തയും ആർ ഡി എക്സും ആക്ഷൻ രം​ഗങ്ങൾ കൊണ്ട് ഓണം വിപണി പിടിക്കാൻ ശ്രമിക്കുമ്പോൾ തമാശയും സസ്പൻസും കൊണ്ട് ഫാമിലി ഓഡിയൻസിനെ തിയേറ്ററിലെത്തിക്കുമെന്ന് കരുതിയ ചിത്രമായിരുന്നു നിവിൻ പോളി - ഹനീഫ് അദേനി കൂട്ടിൽ എത്തിയ രാമചന്ദ്രബോസ്സ് & കോ. ദുൽഖർ ചിത്രം കൊത്ത തെലുങ്ക് ചിത്രത്തിന്റെ പ്രതീതി തന്ന് മലയാളിക്ക് ആവറേജ് അനുഭവം മാത്രമായി മാറിയപ്പോൾ ഒരു ദിവസം കാത്തിരുന്നുവന്ന ബോസ്സ് & കോയിൽ നേരിയ പ്രതീക്ഷ വെച്ചിരുന്നു പ്രേക്ഷകർ. പക്ഷെ പ്രതീക്ഷിച്ച പോലെ ചിരിപ്പിക്കാനോ ആകാംഷ ജനിപ്പിക്കാനോ ബോസ്സ് & കോയ്ക്ക് കഴിഞ്ഞില്ല. സാറ്റർഡെ നൈറ്റിൽ ഉണ്ടായ അതേ നിരാശ തന്നെയാണ് ബോസിന്റെ ഏഴം​​ഗസംഘം തിയേറ്ററിൽ സമ്മാനിക്കുന്നത്.

നിവിൻ പോളി, ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു ഉൾപ്പെടുന്ന കാസ്റ്റിങ്. ബോസിന്റെ നേതൃത്വത്തിൽ കൊള്ളയ്ക്ക് ഇറങ്ങിത്തിരിക്കുന്ന സംഘം, മണിഹെയ്സ്റ്റിന്റെ മാതൃകയിൽ ത്രസിപ്പിക്കുന്ന ഹെയ്സ്റ്റ് പ്ലാനും എക്സിക്കൂഷനും, ഇടയിൽ അനിവാര്യമായ ആക്ഷൻ രം​ഗങ്ങൾ, ചെയ്സ് സീനുകൾ, ഹെയ്സ്റ്റിനിടയിൽ റിലീഫിനായി അൽപം കോമഡി, തുടങ്ങി ആദ്യ നരേഷനിൽ ത്രില്ലടിപ്പിക്കുന്നതായിരുന്നു ബോസ്സ് & കോയുടെ പ്രമേയം. പക്ഷെ കരുതിയതിന്റെ പകുതിപോലും ത്രില്ലടിപ്പിക്കാൻ സിനിമയ്ക്ക് ആവുന്നില്ല.

ജാഫർ ഇടുക്കിയിലാണ് കഥ തുടങ്ങുന്നത്. തിരക്കഥയിലെ അമിത വൈകാരികതയും സംവിധാനത്തിലെ പാളിച്ചയിൽ സംഭവിച്ച അഭിനയത്തിലെ പിഴവുകളും ആദ്യം പ്രകടമായതും ജാഫർ ഇടുക്കിയുടെ കഥാപാത്രത്തിൽ തന്നെ. തുടർന്നങ്ങോട് തമ്മിലാർക്കാണ് ഏറ്റവും മോശമായി അഭിനയിക്കാനാവുക എന്ന മത്സരത്തിലായിരുന്നു ബാക്കി ഉളളവരെന്ന് തോന്നും. അതിൽ ഭേദപ്പെട്ട കാഴ്ച്ചാസുഖം തന്നത് വിനയ് ഫോർട്ടിന്റെ കഥാപാത്രമായിരുന്നെങ്കിലും ഒരു ഘട്ടം കഴിഞ്ഞ് വിനയും മടുപ്പിക്കാൻ തുടങ്ങി. ആർക്കും കൃത്യമായി എഴുതിവെച്ച ഡയലോ​ഗുകൾ ഇല്ല. ഒരു ലക്ഷ്യവുമില്ലാതെ എങ്ങനെയൊക്കെയോ പറഞ്ഞുപോകുന്നു എന്നതല്ലാതെ വൃത്തിയുളള ഒരു സീൻ പോലും ഉളളതായി തോന്നിയില്ല.

ആർക്കും കൃത്യമായി എഴുതിവെച്ച ഡയലോ​ഗുകൾ ഇല്ല. ഒരു ലക്ഷ്യവുമില്ലാതെ എങ്ങനെയൊക്കെയോ പറഞ്ഞുപോകുന്നു എന്നതല്ലാതെ വൃത്തിയുളള ഒരു സീൻ പോലും ഉളളതായി തോന്നിയില്ല

കേരളത്തിൽ നിന്നും ​മാറി ​ഗൾഫാണ് കഥ നടക്കുന്ന പശ്ചാത്തലം. മരുഭൂമിയിലെ കാർ ചെയ്സ് രം​ഗങ്ങളിലാണ് നിവിൻ പോളിയുടെ ഇന്‍ട്രോ. ഇത്തരം സീനുകൾ പുതുമ നൽകുന്നതുതന്നെ, എങ്കിലും പ്രതീക്ഷിക്കുന്നതിനേക്കാൾ അമിത ദൈർഘ്യമായിരുന്നു പല രം​ഗങ്ങളിലും മടുപ്പായി അനുഭവപപ്പെട്ടത്. ഹെയ്സ്റ്റിനായി നിവിൻ ഒരുക്കുന്ന പദ്ധതികളും വില്ലന്റെ മാസും ഇടയിലെ പാട്ടുകളുമടക്കം തമ്മിൽ ബന്ധമില്ലാതെ വന്നുപോകുന്നു. ചുണ്ടിനൊത്തല്ലാതെ എന്തോ പറഞ്ഞുപോകുന്ന വില്ലന്റെ സംഭാഷണങ്ങളും ചില നേരങ്ങളിലെ അലർച്ചകളും അരോചകമായി തോന്നാം.

വിഷ്ണു തണ്ടാശേരിയുടെ ​ക്യാമറ മികച്ചതെങ്കിലും ചിട്ടയില്ലാത്ത സ്ക്രീൻപ്ലേ ആവാം ദൃശ്യങ്ങളുടെ ഭം​ഗിയെ കുറക്കുന്നത്. ​ഗൾഫിലെ ബിനാലെ രം​ഗങ്ങൾ പകർത്തിയിരിക്കുന്നതിലൊക്കെ യഥാർത്ഥ കാഴ്ചാസുഖം സമ്മാനിക്കാൻ സിനിമയ്ക്ക് ആയിട്ടില്ല. തിരക്കഥയിലെ അലസത എഡിറ്റിങ്ങിനെയും ബാധിച്ചു. മിഥുൻ മുകുന്ദനാണ് ചിത്രത്തിനായി സം​ഗീതം ചെയ്തിരിക്കുന്നത്. അവിടെയും ആവറേജ് അനുഭവം മാത്രമാണ്. ആകെ നോക്കിയാൽ ഓണം വിപണി ബോസ് & കോ നേടില്ലെന്ന് അനുമാനിക്കാം.

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ

സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ഡ്രോണുകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുന്ന സാഹചര്യം; യുക്രെയ്‌നിലെ റഷ്യന്‍ ക്രൂരതകള്‍ക്ക് പുതിയ തെളിവുകള്‍

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു