ENTERTAINMENT

ഇന്ദ്രൻസിനൊപ്പം അഭിനയിക്കണം, ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കണം; ആഗ്രഹം പറഞ്ഞ് ഉണ്ണിമായ നാലപ്പാടം

സിനിമയിലും പരസ്യ ചിത്രങ്ങളിലുമൊക്കെ ഡബ്ബ് ചെയ്തെങ്കിലും അഭിനയിച്ച ശേഷമാണ് ശബ്ദമൊക്കെ പ്രേക്ഷകർ തിരിച്ചറിയാൻ തുടങ്ങിയത്

ഗ്രീഷ്മ എസ് നായർ

പെട്ടെന്ന് ശ്രദ്ധിക്കുകയോ കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നവരോ അല്ലാത്ത വേഷങ്ങളാണെങ്കിലും പ്രകടനമികവ് കൊണ്ട് മാത്രം ശ്രദ്ധിക്കപ്പെടുന്ന ചില കഥാപാത്രങ്ങളുണ്ടാകും സിനിമകളില്‍. സമീപകാലത്ത് അങ്ങനെ ശ്രദ്ധിക്കപ്പെട്ട രണ്ട് കഥാപാത്രങ്ങളാണ് തിങ്കളാഴ്ച നിശ്ചയത്തിലെ സുരഭിയും പ്രണയവിലാസത്തിലെ റംലയും.

സ്വാഭാവികതയായിരുന്നു ഈ രണ്ട് കഥാപാത്രങ്ങളുടെയും സവിശേഷത. വടക്കന്‍ കേരളത്തിന്‌റെ പശ്ചാത്തലത്തിലൊരുങ്ങിയ രണ്ടു സിനിമകളിലേയും കഥാപാത്രത്തെ അവതരിപ്പിച്ച ഉണ്ണിമായ നാലപ്പാടം സംസാരിക്കുന്നു.

ആദ്യ സിനിമ തിങ്കളാഴ്ച നിശ്ചയം

കോളേജില്‍ പഠിക്കുന്ന കാലത്ത് നാടകത്തിൽ അഭിനയിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. പക്ഷേ 'തിങ്കളാഴ്ച നിശ്ചയ'ത്തിലേക്ക് എത്തിയത് ഓഡിഷന്‍ വഴിയാണ്. കാസ്റ്റിങ് കാള്‍ കണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ് അനുസരിച്ചാണ് അപേക്ഷിച്ചത്. ഓഡിഷനും ആക്ടിങ് വര്‍ക്ക് ഷോപ്പിലുമൊക്കെ പങ്കെടുത്ത ശേഷമാണ് സിനിമയിലേക്ക് എത്തിയത്. ചെറിയൊരു സെറ്റപ്പില്‍ ഒരു വീട് ലൊക്കേഷനാക്കി ചെയ്ത ഒരു സിനിമയായിരുന്നു അത്. തികച്ചും പുതിയ ഒരു അനുഭവമായിരുന്നു തിങ്കളാഴ്ച നിശ്ചയം. സിനിമ പുറത്തിറങ്ങിയപ്പോള്‍ ലഭിച്ച പ്രതികരണം കൂടുതല്‍ ആത്മവിശ്വാസം തന്നു. ആ സിനിമയിലെ പ്രകടനം കണ്ടാണ് പ്രണയവിലാസത്തിലേക്ക് വിളിക്കുന്നത്

പ്രണയവിലാസം

റംലയും സുരഭിയെ പോലെ തന്നെയുള്ള ഒരു കഥാപാത്രമായിരുന്നു. പറയേണ്ടത് പറയേണ്ട സമയത്ത് പറയുന്ന ആള്‍ക്കാരാണ് രണ്ടുപേരും. പ്രണയവിലാസവും ഒരു ചെറിയ സിനിമയായിരുന്നു, പക്ഷേ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ കണക്ടാകുന്ന പ്രമേയമായിരുന്നു. മാത്രമല്ല തിങ്കളാഴ്ച നിശ്ചയത്തില്‍ ഞങ്ങളെല്ലാവരും പുതുമുഖങ്ങളായിരുന്നെങ്കില്‍ പ്രണയവിലാസത്തില്‍ കുറച്ചുകൂടി എക്‌സ്പീരിയന്‍സൊക്കെയുള്ള കുറേ പേരുണ്ടായിരുന്നു.

ആ സെറ്റില്‍ ആദ്യ ദിവസം അര്‍ജുന്‍ അശോകനെ കണ്ടപ്പോള്‍ ജസ്റ്റ് ഒരു ഹായ് പറഞ്ഞു, അര്‍ജുന് എന്നെ അറിയില്ലല്ലോ എന്ന് കരുതി. പക്ഷേ രണ്ടാമത്തെ ദിവസം അര്‍ജുന്‍ ഞാന്‍ ഇരിക്കുന്ന സ്ഥലത്ത് വന്ന് ഇന്നലെ എനിക്ക് മനസിലായില്ലായിരുന്നു എന്ന് പറഞ്ഞ് സംസാരിച്ചു, സന്തോഷം തോന്നി. അതിലേറെ , ഒരു സിനിമാ കുടുംബത്തില്‍നിന്ന് വരുന്ന നടന്‍ ഡൗണ്‍ ടു എര്‍ത്തായി എങ്ങനെ പെരുമാറുന്നുവെന്നത് നോക്കി പഠിക്കുകയായിരുന്നു. ആ ഷൂട്ട് തീരുന്നവരെ അര്‍ജുന്‍ അങ്ങനെ തന്നെയായിരുന്നു. പിന്നെ മനോജേട്ടന്‍ (മനോജ് കെ യു) രണ്ട് സിനിമയിലും ഉണ്ടായിരുന്നു. അദ്ദേഹം എന്നെ കോളേജ് കാലത്ത് നാടകം പഠിപ്പിച്ചിട്ടുണ്ട്. അങ്ങനെ നേരത്തെ പരിചയമുണ്ടായിരുന്നു.

സ്വാഭാവികതയാണ് രണ്ട് കഥാപാത്രങ്ങളുടേയും സവിശേഷത.

കഥാപാത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അവര്‍ ഓരോ സാഹചര്യത്തോടും എങ്ങനെയാകും പ്രതികരിക്കുകയെന്ന് ആലോചിച്ചാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. പ്രണയവിലാസത്തില്‍ അര്‍ജുനെ വഴക്ക് പറയുന്ന ഒരു സീനുണ്ട്. അതില്‍ ഞാനാ ണെങ്കില്‍ എങ്ങനെയാകും വഴക്ക് പറയുകയെന്ന രീതിയിലാണ് ആലോചിച്ചതും ചെയ്തതും. അല്ലാതെ ചെയ്യുമ്പോള്‍ ആര്‍ട്ടിഫിഷലായിപ്പോകുമെന്നാണ് തോന്നുന്നത്.

സിനിമകളിലെ കാസര്‍ഗോഡ് സ്ലാങ്

നേരത്തെ സിനിമകളില്‍ കാസര്‍ഗോഡന്‍ സ്ലാങ്ങിനെ കോമഡിയാക്കിയാണ് കാണിച്ചിരുന്നത്. ഇപ്പോള്‍ അത് മാറി. അതില്‍ സന്തോഷമുണ്ട്. ഇവിടെ തന്നെ ഒരോ പ്രദേശത്തും ഓരോ സ്ലാങ് ആണ്. ഉറുദു- കന്നഡ ഒക്കെ മികസാണ് പലയിടത്തും. അതൊക്കെ ഇപ്പോ എല്ലാവര്‍ക്കും മനസിലായി വരുന്നുണ്ട്. തിങ്കളാഴ്ച നിശ്ചയത്തില്‍ കാഞ്ഞങ്ങാട് സ്ലാങ്ങും പ്രണയവിലാസത്തില്‍ പയ്യന്നൂര്‍ സ്ലാങ്ങുമാണ് ഉപയോഗിച്ചത്. എന്‌റെ തന്നെ സ്ലാങ് ആയതുകൊണ്ട് ഫേക്ക് ചെയ്യേണ്ടി വന്നില്ല.

ഈ നാട്ടുകാരിയെന്ന നിലയില്‍ അതെനിക്ക് സന്തോഷം തരുന്നതാണെങ്കിലും പിന്നീട് വന്ന സിനിമകളെല്ലാം ഇതുമായി ബന്ധപ്പെട്ടായിരുന്നു. അങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാന്‍ ആഗ്രഹമില്ലാത്തതില്‍ അതൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പഠിച്ചതൊക്കെ പല ഭാഗത്തായതുകൊണ്ട് തന്നെ എനിക്ക് അങ്ങനെ ഈ സ്ലാങ്ങ് മാത്രമേ പറ്റൂയെന്ന് തോന്നിയിട്ടില്ല. പക്ഷേ രണ്ട് സിനിമകളും വടക്കന്‍ സ്ലാങ്ങായിരുന്നത് കൊണ്ട്, വേറെ സ്ലാങ് പറ്റില്ലേയെന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നുണ്ടോയെന്ന് തോന്നുന്നുണ്ട്. അങ്ങനെ അല്ലാത്ത സിനിമകള്‍ ചെയ്യണമെന്നുണ്ട്. നല്ല സിനിമയാണെങ്കില്‍ കാസര്‍ഗോഡ് സ്ലാങ് ആയാലും ചെയ്യും. നല്ല സിനിമകളുടെ ഭാഗമാവാനാവുക എന്നതാണല്ലോ കാര്യം.

രണ്ടു സിനിമകളിലാണ് അഭിനയിച്ചത്, പക്ഷേ ഒരുപാട് സിനിമകള്‍ ചെയ്ത പോലെ ...

ഇങ്ങനെ കുറേപേര് പറഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയവും പ്രണയവിലാസവും മാത്രമാണ് അഭിനയിച്ചത്. എവിടെയോ കണ്ടു മറന്ന പോലെ എന്ന് ഒരുപാട് പേര് പറയാറുണ്ട്. പരിചയമുള്ള പോലെ തോന്നുന്നത് കൊണ്ടാവും കുറേ സിനിമ ചെയ്തെന്ന ഫീൽ പ്രേക്ഷകർക്ക് തോന്നുന്നത്. രണ്ട് സിനിമയെ ചെയ്തിട്ടുള്ളൂവെന്ന് പലര്‍ക്കുമറിയില്ല.

ഇന്ദ്രന്‍സിനൊപ്പം അഭിനയിക്കാനും കോമഡി കഥാപാത്രങ്ങള്‍ ചെയ്യാനും ആഗ്രഹം

സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെയുണ്ടായിരുന്നു, പക്ഷേ ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് കരുതിയില്ല. എന്നാലും ഇന്നസെനന്‌റേട്ടന്‍, മാമുക്കോയ, കെ പി എ സി ലളിത ചേച്ചി അവരുടെയൊന്നും കൂടെ അഭിനയിക്കാന്‍ സാധിച്ചില്ലല്ലോയെന്ന വിഷമമുണ്ട്. ഇന്ദ്രന്‍സേട്ടന്‌റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. അതിപ്പോള്‍ തുടങ്ങിയ ആഗ്രഹം അല്ലാട്ടോ, സിനിമയില്‍ വരുന്നതിന് മുന്‍പ് തൊട്ട് അങ്ങനെയൊരു ആഗ്രഹം മനസില്‍ സൂക്ഷിച്ചിരുന്നു.

മറ്റൊരു ആഗ്രഹം കോമഡി കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നതാണ്. ഉര്‍വശി ചേച്ചിയൊക്കെ ചെയ്ത പോലെ, കാരണം കോമഡി എപ്പോഴും ചലഞ്ചിങ് ആണ്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അവര്‍ക്ക് ലഭിച്ചപ്പോലുള്ള കഥാപാത്രങ്ങളുള്ള കഥകള്‍ ഇപ്പോള്‍ ഇല്ല. പൊളിറ്റിക്കല്‍ കറക്ടനസ് എന്ന ഘടകമൊക്കെ വളരെ പ്രധാനവുമാണ്. കഥകളുടെ കാര്യത്തിലും തലമുറ മാറ്റം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് നല്ല വേഷങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമാണ് പ്രധാനം.

ഉണ്ണിമായ എന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റ്

മനോജ് കാന വഴി അമീബ എന്ന ചിത്രത്തിലൂടെയാണ് ഡബ്ബിങിനുള്ള അവസരം ലഭിച്ചത്. അവിടെ വച്ചാണ് ചരണ്‍ വിനായിക്കിനെ (ഭര്‍ത്താവ്) പരിചയപ്പെടുന്നത്. അദ്ദേഹം സൗണ്ട് ഡിസൈനറാണ്. അതിനുശേഷം പരസ്യചിത്രങ്ങള്‍ക്കൊക്കെ ഡബ്ബ് ചെയ്‌തെങ്കിലും സിനിമയില്‍ അഭിനയിച്ച ശേഷമാണ് ശബ്ദം പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.

സിനിമയ്‌ക്കൊപ്പം ടീച്ചിങ്ങും

നേരത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപികയായിരുന്നു. ഇപ്പോള്‍ സെറ്റ്, പി എസ് സി പരീക്ഷകൾക്ക് പരിശീലനം കൊടുക്കുന്ന കോച്ചിങ് സെന്റര്‍ നടത്തുണ്ട്. അത് എന്‌റെ പ്രൊഫഷനാണ്, സിനിമ പാഷനും. താല്‍പ്പര്യമുണ്ടെങ്കില്‍ എല്ലാം ഒരുമിച്ച് കൊണ്ടുപോകാനാകുമെന്നാണ് തോന്നിയിട്ടുള്ളത്.

പേര് മാറ്റാന്‍ ആഗ്രഹമില്ല

ഞാന്‍ സിനിമയില്‍ വരുമ്പോള്‍ തന്നെ ഉണ്ണിമായ പ്രസാദ് സിനിമയിലുണ്ട്, സീനിയറാണ്. പക്ഷേ എനിക്ക് എന്‌റെ പേര് മാറ്റാന്‍ താല്‍പ്പര്യമില്ല. എന്‌റെ തന്നെ ഐഡന്‌റിയില്‍ അറിയപ്പെടാനാണ് ആഗ്രഹം. ഉണ്ണിമായ പ്രസാദിന് സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ കുറച്ച് അഭിനന്ദനം എനിക്കും കിട്ടിയിരുന്നു, ആളുമാറിയിട്ടാണെങ്കിലും. നല്ല സിനിമകളിലൂടെ ഈ രണ്ട് പേരുകളും പ്രേക്ഷകര്‍ക്ക് തിരിച്ചറിയാനാകുമെന്നാണ് കരുതുന്നത്.

പുതിയ പ്രൊജക്ടുകള്‍

കഥ കേള്‍ക്കുന്നുണ്ട്. ഉടനെ തന്നെ അടുത്ത സിനിമയുണ്ടാകുമെന്നാണ് പ്രതീക്ഷ

പ്രകൃതി ദുരന്തങ്ങള്‍ രണ്ട് പതിറ്റാണ്ടിനിടെ കവര്‍ന്നത് 5 ലക്ഷത്തിലധികം ജീവനുകള്‍; കാലാവസ്ഥാ വ്യതിയാനം ഭൂമിയെ രൂക്ഷമായി ബാധിക്കുന്നു

എം കെ സാനുവിനും എസ് സോമനാഥിനും സഞ്ജു സാംസണും കേരള പുരസ്കാരം

ലോകത്ത് ക്ഷയരോഗം കുതിച്ചുയരുന്നു; കഴിഞ്ഞ വർഷം ബാധിച്ചത് 80 ലക്ഷം പേരെ

സിവിലിയന്‍മാരെ ലക്ഷ്യമിട്ട് ഡ്രോണുകള്‍, എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടുന്ന സാഹചര്യം; യുക്രെയ്‌നിലെ റഷ്യന്‍ ക്രൂരതകള്‍ക്ക് പുതിയ തെളിവുകള്‍

യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ അന്തരിച്ചു