INDIA

ഒഡിഷ ട്രെയിൻ ദുരന്തം; ജൂനിയർ എഞ്ചിനിയറുടെ വീട് സീൽ ചെയ്ത് സിബിഐ

വെബ് ഡെസ്ക്

ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ ബാലസോറിലെ സോറോ വിഭാഗം സിഗ്നൽ ജൂനിയർ എഞ്ചിനിയറുടെ വീട് സീൽ ചെയ്ത് സിബിഐ. സിഗ്നൽ ജൂനിയർ എഞ്ചിനിയര്‍ അമീർ ഖാന്റെ സോറോയിലെ വാടക വീടാണ് ഉദ്യോ​ഗസ്ഥർ സീൽ ചെയ്തത്. കഴിഞ്ഞ ദിവസം സിബിഐ സംഘം അമീർ ഖാന്റെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട് പൂട്ടിക്കിടക്കുന്നതായി കണ്ടെത്തിയ സംഘം വീട് സീൽ ചെയ്യുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അജ്ഞാത കേന്ദ്രത്തിൽ വച്ച് നേരത്തെ എഞ്ചിനിയറെ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്.

ബഹനാഗയിലെ ദുരന്തത്തിന് ശേഷം അമീറും കുടുംബവും വാടകവീട് വിട്ട് പോയതായാണ് വിവരം. ജൂൺ 16-ന് ബാലസോർ സന്ദർശനത്തിന് ശേഷം, തിങ്കളാഴ്ച തിരിച്ചെത്തിയ സിബിഐ സംഘം എഞ്ചിനിയറുടെ വീട് സീൽ ചെയ്യുകയായിരുന്നു. സിബിഐ അന്വേഷണം ആരംഭിച്ചയുടൻ, ലോഗ് ബുക്കും, റിലേ പാനലും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത് സ്റ്റേഷനും സീൽ ചെയ്തിരുന്നു. റിലേ ഇന്റർലോക്ക് പാനലും സീൽ ചെയ്തു. സിഗ്നലിങ് സിസ്റ്റത്തിലേക്കുള്ള ജീവനക്കാരുടെ പ്രവേശനവും താത്ക്കാലികമായി നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാസഞ്ചറോ ഗുഡ്സ് ട്രെയിനുകളോ ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തില്ല.

ബഹനാഗ ബസാറിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ അഞ്ച് റെയിൽവേ ജീവനക്കാർക്ക് ട്രെയിൻ ദുരന്തത്തിൽ പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മറ്റ് നാല് ജീവനക്കാര്‍ സിഗ്‌നലിങ്ങില്‍ ജോലി ചെയ്യുന്നുണ്ടെന്നും ഈ മാസം ആദ്യം അപകടസമയത്ത് ഡ്യൂട്ടിയിലായിരുന്നുവെന്നുമാണ് വിവരം. അന്വേഷണത്തിന്റെ ഭാ​ഗമായി സ്റ്റേഷൻ മാസ്റ്ററെ വീടും സിബിഐ സംഘം സന്ദർശിച്ചിരുന്നു.

അതേസമയം, ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 292 ആയി. ഈ മാസം ആദ്യം ഉണ്ടായ അപകടത്തിൽ 287 പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. മറ്റ് അഞ്ച് പേർ വിവിധ ആശുപത്രികളിൽ വച്ചും മരിച്ചു. 1,208 പേർക്ക് പരുക്കേറ്റിറ്റുണ്ട്. ജൂൺ ആറിനാണ് ട്രെയിൻ അപകടത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തത്. കേസിൽ സിബിഐ പ്രഥമവിവര റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അപകടത്തിന് ശേഷം ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ കൃത്രിമം നടന്നതായി ആരോപണം ഉയർന്നതോടെയാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം