സിദ്ധാർത്ഥ് വരദരാജൻ
സിദ്ധാർത്ഥ് വരദരാജൻ 
INDIA

‘ദി വയർ’ എഡിറ്റർമാരുടെ വീടുകളിൽ പോലീസ് പരിശോധന; ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു

വെബ് ഡെസ്ക്

വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ച് അപകീര്‍ത്തിപ്പെടുത്തിയെന്ന ബിജെപി നേതാവ് അമിത് മാളവ്യയുടെ പരാതിയെത്തുടർന്ന് സ്വതന്ത്ര ഓൺലൈൻ മാധ്യമമായ 'ദ വയറി'ന്റെ എഡിറ്റർമാരുടെ വീടുകളിൽ ഡൽഹി പോലീസ് പരിശോധന നടത്തി. 'ദി വയറി'ന്റെ സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ് വരദരാജന്റെയും എം കെ വേണുവിന്റെയും വീടുകളിലാണ് പരിശോധന നടത്തിയത്. ഫോണുകളും ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തു. എന്നാൽ ആരെയും കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല.

ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി എഡിറ്റർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് പരിശോധന നടന്നത്. തന്റെ പ്രശസ്തി അപകീർത്തിപ്പെടുത്താനും കളങ്കപ്പെടുത്താനും 'ദി വയർ' വ്യാജ രേഖകൾ ചമച്ചുവെന്നും മാളവ്യ പരാതിയിൽ ആരോപിക്കുന്നു. സിദ്ധാർത്ഥ് വരദരാജൻ, എം കെ വേണു, സിദ്ധാർത്ഥ് ഭാട്ടിയ, ജാഹ്‌നവി സെൻ എന്നിവർക്കെതിരെയാണ് എഫ്ഐആർ.

വൈകുന്നേരം 4.40ഓടെയാണ് തന്റെ വീട്ടില്‍ പോലീസ് പരിശോധന ആരംഭിച്ചതെന്ന് എം കെ വേണു പറഞ്ഞു. ''അമിത് മാളവ്യ സമർപ്പിച്ച എഫ്‌ഐആറില്‍ ഡൽഹി പോലീസ് ക്രൈംബ്രാഞ്ചിന് വേണ്ടിയാണ് തങ്ങൾ ഇവിടെ എത്തിയതെന്ന് അവർ പറഞ്ഞു. അവർ എന്റെ ഐഫോണും ഐപാഡും എടുത്തിട്ടുണ്ട്''- വേണു പറഞ്ഞു. വരദരാജന്റെയും ജാഹ്‌നവി സെന്നിന്റെയും വീടുകളിൽ പരിശോധന നടന്നതും ഇതേ സമയത്താണ്. സിദ്ധാർത്ഥ് ഭാട്ടിയയുടെ വീട്ടിൽ രാത്രി 7.30 ഓടെയും 30 ഓളം പോലീസ് ഉദ്യോഗസ്ഥർ രാത്രി 8 മണിക്ക് ശേഷം ദി വയർ ഓഫീസിലെത്തിയും പരിശോധന നടത്തി.

ഉദ്യോഗസ്ഥരുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്ന് സിദ്ധാർത്ഥ് വരദരാജൻ പറഞ്ഞു. ''അവർ ആവശ്യപ്പെട്ട ഉപകരണങ്ങളും പാസ്‌വേഡുകളും ഞങ്ങൾ അവർക്ക് നൽകിയിട്ടുണ്ട്. ഒരു മാക്ബുക്ക്, രണ്ട് ഐഫോണുകൾ, ഒരു ഐപാഡ് അടക്കം നാല് ഉപകരണങ്ങൾ അവർ കൊണ്ടുപോയിട്ടുണ്ട്'' -വരദരാജൻ പറഞ്ഞു.

അമിത് മാളവ്യയ്ക്ക് അപ്രിയമായ 700 ലധികം പോസ്റ്റുകള്‍ മെറ്റ നീക്കം ചെയ്യുന്നു എന്നായിരുന്നു ദി വയര്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. മെറ്റയില്‍ സര്‍ക്കാരിനെയോ ബിജെപിയെയോ വിമര്‍ശിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ഉളളടക്കങ്ങള്‍ കണ്ടെത്തിയാല്‍ അത് നീക്കം ചെയ്യാനുള്ള അധികാരം മാളവ്യയ്ക്കുണ്ട് എന്നും വാര്‍ത്തയില്‍ ആരോപിച്ചിരുന്നു.

മെറ്റയിലെ ഉദ്യോഗസ്ഥന്‍ തന്നെ പുറത്തുവിട്ട രേഖകള്‍ അടിസ്ഥാനമാക്കിയായിരുന്നു ദി വയര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദി വയര്‍ ലേഖനങ്ങളുടെ ഒരു പരമ്പര തന്നെ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അത് വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ എക്‌സിക്യൂട്ടീവ് ന്യൂസ് പ്രൊഡ്യൂസറായ ജാഹ്‌നവി സെന്‍ വാര്‍ത്തയില്‍ സംഭവിച്ച പാകപ്പിഴയുടെ പേരില്‍ വായനക്കാരോട് ക്ഷമാപണവും നടത്തിയിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ മെറ്റ നിഷേധിച്ചിട്ടും ദി വയര്‍ വീണ്ടും വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു കൊണ്ടേയിരുന്നു എന്നാണ് മാളവ്യയുടെ ആരോപണം. തെറ്റായ വാര്‍ത്ത തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടും ക്ഷമാപണം നടത്താനോ വാര്‍ത്ത പിന്‍വലിക്കാനോ സ്ഥാപനം തയ്യാറായിട്ടില്ലെന്നും മാളവ്യ ആരോപിച്ചിരുന്നു.

അതേസമയം, കേസെടുത്തതിന് പിന്നാലെ മുൻ കൺസൾട്ടന്റുകളിലൊരാളായ ദേവേഷ് കുമാറിനെതിരെ ദി വയര്‍ രംഗത്തുവന്നിരുന്നു. കെട്ടിച്ചമച്ച രേഖകൾ നൽകിയെന്ന് ആരോപിച്ച് ദേവേഷ് കുമാറിനെതിരെ ദി വയർ പരാതി നൽകുകയും ചെയ്തിരുന്നു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും