INDIA

'അച്ചടക്കത്തെ ബലഹീനതയായി തെറ്റിദ്ധരിക്കരുത്'; കേന്ദ്രത്തിന് മുന്നറിയിപ്പുമായി ആർഎസ്എസ് അനുകൂല കർഷക സംഘടന

വെബ് ഡെസ്ക്

കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പ് വരുത്തണമെന്ന കർഷകരുടെ അഭ്യർത്ഥന കേന്ദ്രസർക്കാർ ഗൗനിക്കുന്നില്ലെന്ന പരാതിയുമായി ആർഎസ്എസ് അനുകൂല കർഷക സംഘടന ഭാരതീയ കിസാൻ സംഘ് (ബികെഎസ്). ചർച്ചയിലൂടെ കാര്യങ്ങൾ പരിഹരിക്കുന്നതിന് മുൻഗണന കൊടുക്കുന്നതിനെ ബലഹീനതയുടെ അടയാളമായി തെറ്റിദ്ധരിക്കരുതെന്ന മുന്നറിയിപ്പും ബികെഎസ് സർക്കാരിന് നൽകി. അതേസമയം, ചില കർഷക സംഘടനകളുടെ അക്രമോത്സുക പ്രതിഷേധത്തെയും ബികെഎസ് അപലപിച്ചു.

രാജ്യത്തെ കർഷക സംഘടനകൾ അച്ചടക്കത്തോടെയും സമാധാനപരമായുമാണ് ഡൽഹിയിൽ വന്ന് പ്രശ്നങ്ങളും ആവശ്യങ്ങളും അവതരിപ്പിച്ചതെന്ന് ബികെഎസ് ജനറൽ സെക്രട്ടറി മോഹിനി മോഹൻ മിശ്ര പറഞ്ഞു. ശരിയായ വേദികളിൽ അവതരിപ്പിച്ചിട്ടും അവരോട് സർക്കാർ സംസാരിക്കാൻ കൂട്ടാക്കുന്നില്ല. സർക്കാരിൻ്റെ സമീപനം അപലപനീയമാണ്. അതുകൊണ്ടാണ് അക്രമാസക്തമായ പ്രക്ഷോഭത്തിന് സാധ്യത വർധിക്കുന്നതെന്നും ബികെഎസ് പറഞ്ഞു.

രാജസ്ഥാനിലെ അജ്മീറിൽ നടന്ന ഭാരവാഹികളുടെയും മറ്റ് പ്രതിനിധികളുടെയും യോഗത്തിൽ പാസാക്കിയ പ്രമേയത്തിൽ കർഷകരുടെ പേരിൽ നടക്കുന്ന അക്രമങ്ങളെയും രാഷ്ട്രീയത്തെയും ബികെഎസ് അപലപിച്ചു. "ഞങ്ങളുടെ ദേശീയത നിലപാടും അച്ചടക്കവും ചർച്ചയ്ക്കുള്ള മുൻഗണനയും ബലഹീനതയുടെ അടയാളങ്ങളായി തെറ്റിദ്ധരിക്കരുത്," സർക്കാരിന് മുന്നറിയിപ്പ് നൽകി.

പഞ്ചാബ്, ഹരിയാന അതിർത്തിയിൽ ആയിരകണക്കിന് കർഷകർ പ്രതിഷേധവുമായി ഒത്തുകൂടിയിരിക്കുന്ന സാഹചര്യത്തിലാണ് ബികെഎസിന്റെ പ്രസ്താവന. സമരത്തെ നേരിടാനെത്തിയ സുരക്ഷാ സേന, പെല്ലറ്റ് തോക്കുകളും കണ്ണീർ വാതക ഷെല്ലുകളും ലാത്തികളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചിരുന്നു. ഇതേ തുടർന്ന് രണ്ടോളം മരണങ്ങൾ സംഭവിച്ചതായും കർഷകർ ആരോപിച്ചിരുന്നു.

മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സംയുക്ത കിസാൻ മോർച്ചയുടെ രാഷ്ട്രീയേതര വിഭാഗമാണ് ഇപ്പോൾ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നത്.

2022 ഡിസംബറിൽ ബികെഎസിന്റെ കീഴിലുള്ള ആയിരക്കണക്കിന് കർഷകർ ഡൽഹിയിലെ രാംലീല മൈതാനിയിൽ മിനിമം താങ്ങുവില ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. അഹിംസാ മാർഗം തിരഞ്ഞെടുത്തെന്ന് കരുതി അതൊരു നിർബന്ധമല്ലെന്നും ബി കെ എസ് പറഞ്ഞിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ 560 ജില്ലകളിലെ കർഷകരുടെ സമ്മേളനത്തിൽ, സംസ്ഥാനങ്ങളിലെയും കേന്ദ്രത്തിലെയും സർക്കാരുകൾ കർഷകരുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധാലുവല്ലെന്ന് ഇപ്പോൾ തെളിഞ്ഞതായി ബികെഎസ് പ്രഖ്യാപിച്ചു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍