INDIA

നിജ്ജാറിന്റെ കൊലപാതകം: ആരോപണം വേണ്ട, തെളിവ് തരൂ; എങ്കിൽ അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

വെബ് ഡെസ്ക്

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണങ്ങളല്ലാതെ തെളിവുകള്‍ നൽകണമെന്ന് ക്യാനഡയോട് ഇന്ത്യ. മതിയായ തെളിവുകൾ ലഭിച്ചാൽ, കാനഡയുടെ അന്വേഷണവുമായി സഹകരിക്കുമെന്ന് ഇന്ത്യ അറിയിച്ചു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രതികരണം. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ പുതിയ പാർലമെന്റ് മന്ദിരത്തിൽ വിദേശകാര്യ മന്ത്രാലയവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നതതല യോഗം ചേർന്നു. കാനഡയിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും കേന്ദ്രം വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മിൽ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്

ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്കെതിരായ ആരോപണത്തിൽ സത്യം തെളിയണമെന്നും, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ കാനഡയിലെ അന്വേഷണവുമായി സഹകരിക്കാൻ ഇന്ത്യ തയ്യാറാണെന്നും നയതന്ത്ര ചാനലുകൾ വഴി ഒട്ടാവയിലേക്ക് സന്ദേശമയച്ചു. കൂടാതെ, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതവും പ്രാദേശിക രാഷ്ട്രീയ പ്രേരിതവുമാണെന്നും യുഎസ് ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ഇന്ത്യൻ പ്രതിനിധികളോട് ദേശീയ സുരക്ഷാ ആസൂത്രകർ വ്യക്തമാക്കി.

കാനഡയിലെ ഇന്ത്യക്കാരുടെ സുരക്ഷയാണ് പ്രധാന ആശങ്കകളിലൊന്നെന്ന് അധികൃതർ പറയുന്നു. നിരോധിത വിഘടനവാദി സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് നേതാവ് ഗുർപത്വന്ത് സിങ് പന്നു കനേഡിയൻ ഹിന്ദുക്കളോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയതും ആശങ്ക വർധിപ്പിക്കുന്നു. കനേഡിയൻ ഹിന്ദുക്കൾ കാനഡയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും പന്നു ബുധനാഴ്ച പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിരുന്നു. അതിനാല്‍, കാനഡയിലെ ഇന്ത്യൻ വംശജർ സുരക്ഷിതരാണെന്നും സിഖുകാരും ഹിന്ദുക്കളും തമ്മിൽ ധ്രുവീകരിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമുള്ള പദ്ധതികള്‍ സർക്കാർ ആവിഷ്കരിക്കുന്നുണ്ട്.

ഖാലിസ്ഥാൻ അനുഭാവിയായ ജഗ്മീത് സിങ്ങിന്റെ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടിയാണ് ട്രൂഡോ സർക്കാരിനെ പിന്തുണക്കുന്നത്. 2018 ഫെബ്രുവരി 21 ന് അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി നേതാവുമായ അമരീന്ദർ സിംഗ് കാനഡയിൽ അഭയം തേടിയ 10 ഭീകരരുടെ പട്ടികയും ഫയലും ട്രൂഡോയ്ക്ക് കൈമാറിയിരുന്നു. കാനഡയിലെ എല്ലാ ഭീകരവാദികളുടെയും വിലാസങ്ങളും അവരുള്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയും കൈമാറിയ ശേഷം, ഇവർക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ട്രൂഡോ ഒന്നും ചെയ്തിരുന്നില്ല. ശേഷം, ജൂൺ 19 ന് വാൻകൂവറിലെ സറേയിലാണ് കനേഡിയൻ പൗരനും ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്) നേതാവുമായ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ട്രൂഡോ ഉന്നയിച്ച ആരോപണങ്ങള്‍ ഇന്ത്യ നേരത്തെ തന്നെ നിഷേധിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനായി സെപ്റ്റംബർ 23 ന് ന്യൂയോർക്കിലേക്ക് പോകുന്ന വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, നിജ്ജാർ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും