INDIA

സീല്‍ഡ് കവര്‍ ഉണ്ടല്ലോ, അതു തുറന്നാല്‍ മതി; വിവരങ്ങള്‍ പുറത്തുവന്നുകൊള്ളുമെന്ന് എസ്ബിഐയോട് സുപ്രീം കോടതി

വെബ് ഡെസ്ക്

ഇലക്ടറല്‍ ബോണ്ട് രേഖകൾ കൈമാറുന്നതിൽ എസ്‌ബിഐക്ക് അന്ത്യശാസനം നൽകി സുപ്രീം കോടതി. ജൂൺ 30 വരെ സമയം നീട്ടി ചോദിച്ച എസ്ബിഐയോട് സമയം നീട്ടി തരാൻ ആകില്ലെന്ന് വ്യക്തമാക്കിയ കോടതി നാളെ തന്നെ മുഴുവൻ വിവരങ്ങളും നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം നാളത്തെ ബാങ്ക് പ്രവർത്തന സമയം അവസാനിക്കുന്നതിന് മുൻപ് എസ്‌ബിഐ സമ്പൂർണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. ഈ വിവരങ്ങൾ കമ്മീഷൻ മാർച്ച് 15 ന് 5 മണിക്ക് മുൻപേ വെബ്സൈറിൽ അത് പ്രസിദ്ധീകരിക്കണം. ഇല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എസ്ബിഐയുടെ മനപ്പൂർവ്വമായ അവഗണനയെ വളരെ രൂക്ഷമായാണ് കോടതി വിമർശിച്ചത്. കോടതിയുടെ ഉത്തരവുകൾ പാലിച്ച ശേഷം സത്യവാങ്മൂലം സമർപ്പിക്കാൻ അതിൻ്റെ ചെയർമാനോടും മാനേജിംഗ് ഡയറക്ടറോടും നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കിന് പെട്ടെന്ന് വിവരങ്ങൾ കൈമാറുന്നതിനുള്ള വെല്ലുവിളികൾ എസ്‌ബിഐക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു.

പ്രത്യേക വിവര ശേഖരങ്ങളിൽ സൂക്ഷിച്ച് വെച്ചിട്ടുള്ള ദാതാക്കളുടെ വിശദാംശങ്ങളും വീണ്ടെടുക്കൽ വിശദാംശങ്ങളും സമന്വയിപ്പിക്കുന്നതിലെ ബുദ്ധിമുട്ടികളാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. അതിനാൽ വിശദാംശം സമർപ്പിക്കാനുള്ള സമയം നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബാങ്കിനോട് മാച്ചിങ് എക്സസൈസ് ചെയ്യാനല്ല പറഞ്ഞതെന്നും വിവരങ്ങൾ പുറത്ത് വിടാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢ് മറുപടി പറഞ്ഞു. നമ്പര്‍ ബാങ്കാണ് എസ്ബിഐ എന്നും കെവൈസി അടക്കം വിവരങ്ങള്‍ ബാങ്കില്‍ ലഭ്യമാണെന്നും കോടതി പറഞ്ഞു.

വാങ്ങുന്നയാളുടെ വിശദാംശങ്ങൾ എസ്‌ബിഐയുടെ പക്കലുണ്ടെന്ന് സാൽവെ സമ്മതിച്ചെങ്കിലും അവ ബോണ്ട് നമ്പറുകളുമായി പൊരുത്തപ്പെടുത്തുന്നതിലെ ബുദ്ധിമുട്ട് സാൽവെ കോടതിയിൽ വിശദീകരിച്ചു. എന്നാൽ ഇതുവരെയുള്ള പുരോഗതികൾ അറിയിക്കാത്തതിൽ കോടതി എസ്ബിഐയെ വിമർശിച്ചു. വിവരങ്ങള്‍ നല്‍കാന്‍ ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്.

26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു. സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി സൂചിപ്പിച്ചു. ഇലക്റ്ററൽ ബോണ്ട് സംബന്ധിച്ച വിവരങ്ങൾ മുംബൈ മെയിന്‍ ബ്രാഞ്ചില്‍ ഇല്ലേയെന്നും ഒപ്പം കോടതി ചോദിച്ചിരുന്നു.

വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പറും കോര്‍ ബാങ്കിങ് സിസ്റ്റത്തില്‍ ഇല്ല എന്നും വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കെയാണ് എന്നും എസ് ബിഐ പറഞ്ഞു. വിവരങ്ങള്‍ തിടുക്കത്തില്‍ നല്‍കി തെറ്റുവരുത്താന്‍ കഴിയില്ലെന്നും കുറച്ച് സമയം തന്നാല്‍ വിവരങ്ങള്‍ കൈമാറാമെന്നും വ്യക്തമാക്കി.

രഹസ്യമാക്കി സീല്‍ കവറില്‍ വെച്ചിരിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ മാത്രമാണ് പറഞ്ഞതെന്നും, സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ എന്ന് കോടതി ചോദിച്ചു. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്ക് അല്ലെ നിങ്ങള്‍ക്ക് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു. വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചിരുന്നു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും