KERALA

'ആയിരക്കണക്കിന് രോഗികൾ മരണത്തെ നേരിട്ടുകണ്ട് കാത്തിരിക്കുന്നു'; അവയവദാനം സുതാര്യമായി തുടരണമെന്ന് ഐഎംഎ

വെബ് ഡെസ്ക്

സംസ്ഥാനത്ത് അവയവദാനം സംബന്ധിച്ച ചര്‍ച്ചകൾ സജീവമാകുന്നതിനിടെ പ്രതികരണവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) രംഗത്ത് . അവയവദാനം സുതാര്യമായി തുടരണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു. പ്രക്രിയയുമായി ബന്ധപ്പെട്ട ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ കോടതി ഇടപെടൽ സഹായകമാകുമെന്നും ഐഎംഎ വ്യക്തമാക്കി.

'' കേരളത്തില്‍ ആയിരക്കണക്കിന് രോഗികൾ മരണത്തെ നേരിട്ടുകണ്ട് അവയവദാനത്തിനായി കാത്തിരിക്കുന്നതിനാൽ ഈ മഹത്തായ പ്രക്രിയ അനസ്യൂതം തുടരേണ്ടതാണ്. ഇതില്‍ സുതാര്യത ഉറപ്പ് വരുത്തി വേണം മുന്നോട്ട് പോകുവാന്‍. ജീവിച്ചിരിക്കുന്ന ആളുകളില്‍ നിന്നും അവയവം നല്‍കുന്നതിനേക്കാള്‍ ലോകത്തെമ്പാടും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള മരണാനന്തര അവയവദാന പ്രക്രിയ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്'' - ഐഎംഎ പ്രസ്താവനയിൽ പറയുന്നു.

മസ്തിഷ്‌കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അനധികൃതമായി അവയവദാനം നടത്തിയെന്ന പേരിൽ കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയ്ക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരായ കേസ് തുടരാനുള്ള കോടതി ഉത്തരവ് വന്നതോടെയാണ് ഇത് സംബന്ധിച്ച് സംസ്ഥാനത്ത് ചര്‍ച്ചകൾ സജീവമായത്.

2009 നവംബർ 29-ന് കോതമംഗലത്തുണ്ടായ അപകടത്തിലാണ് പതിനെട്ടുകാരനായ എബിന് പരുക്കേറ്റത്. സഹോദരനോടൊപ്പം ബൈക്കില്‍ പോകുമ്പോഴായിരുന്നു അപകടം. തുടർന്ന് എബിനെ കോതമംഗലം ബസേലിയേഴ്‌സ് ആശുപത്രിയിലും പിന്നീട് ലേക്‌ഷോറിലും പ്രവേശിപ്പിച്ചു. പിറ്റേദിവസം ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ എബിന് മസ്തിഷ്ക മരണം സംഭവിച്ചതായി കുടുംബത്തെ അറിയിച്ചു. തുടർന്ന് അവയവദാനം ചെയ്യാൻ നിർദേശിക്കുകയും എബിന്റെ മാതാവിൽ നിന്ന് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിക്കുകയുമായിരുന്നു.

എബിന്റെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. വേണ്ട ചികിത്സ നല്‍കിയില്ലെന്നും മസ്തിഷ്‌ക മരണമെന്ന് വിശ്വസിപ്പിച്ച് അനധികൃത നടപടികളിലൂടെ അവയവങ്ങള്‍ ദാനം ചെയ്തതെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വദേശി ഡോ. ഗണപതി സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് അന്വേഷണം തുടരാന്‍ ഉത്തരവിട്ടത്. ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസെടുക്കാനും ഉത്തരവിട്ടിരുന്നു.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍