Science

പ്രപഞ്ചോത്പത്തിയുടെ രഹസ്യങ്ങൾ അറിയാന്‍, ചന്ദ്രനെക്കുറിച്ച് പഠിക്കാന്‍; ജപ്പാന്റെ റോക്കറ്റ് വിക്ഷേപണം വിജയകരം

വെബ് ഡെസ്ക്

ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള ജപ്പാന്റെ ബഹിരാകാശ ദൗത്യത്തിന്റെ വിക്ഷേപണം വിജയകരം. പ്രപഞ്ചത്തിന്റെ ഉത്ഭവത്തെ കുറിച്ച് പഠിക്കാനുള്ള എക്സ്-റേ ടെലിസ്കോപ്പ് സംവിധാനവും ചാന്ദ്ര ലാൻഡറും വഹിച്ചുകൊണ്ടാണ് ജപ്പാൻ വ്യാഴാഴ്ച എച്ച്ഐഐ -എ റോക്കറ്റ് വിക്ഷേപിച്ചത്. തെക്കുപടിഞ്ഞാറൻ ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി(ജാക്സ) വിക്ഷേപണം നടത്തിയത്.

വിക്ഷേപണം കഴിഞ്ഞ് പതിമൂന്ന് മിനിറ്റുകൾക്ക് ശേഷം റോക്കറ്റ് ഭൗമ ഭ്രമണപഥത്തിൽ എത്തിയാതായി ജാക്സ അറിയിച്ചു. റോക്കറ്റിലെ എക്സ്-റേ ഇമേജിങ് ആൻഡ് സ്പെക്ട്രോസ്കോപ്പി മിഷൻ (XRISM) എന്നറിയപ്പെടുന്ന ഉപഗ്രഹം ഗാലക്സികൾക്കിടയിലുള്ള വേഗതയും ഘടനയും അളക്കും. സെലസ്റ്റിയൽ വസ്തുക്കൾ രൂപപ്പെട്ടത് എങ്ങനെയെന്ന് പഠിക്കാനും പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നതിനെ കുറിച്ചുള്ള നിഗൂഢരഹസ്യം അറിയാനും ലക്ഷ്യമിട്ടാണ് ജാക്സയുടെ ദൗത്യം. നാസയുമായി സഹകരിച്ച് വിവിധ തരംഗദൈർഘ്യങ്ങളിലുള്ള പ്രകാശത്തിന്റെ ശക്തി, ബഹിരാകാശത്തെ വസ്തുക്കളുടെ താപനില, അവയുടെ ആകൃതികൾ, തെളിച്ചം എന്നിവ വിലയിരുത്തിയാകും പഠനം.

സമീപകാലത്ത് നടത്തിയ പല ദൗത്യങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ ജപ്പാന്റെ സ്പേസ് ഏജൻസിക്ക് കഴിഞ്ഞിരുന്നില്ല

എച്ച്ഐഐ -എ റോക്കറ്റിൽ ചന്ദ്രനിൽ പര്യവേക്ഷണം നടത്താനുള്ള സ്മാർട്ട് ലാൻഡറും ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം ആദ്യത്തോടെയാകും ചന്ദ്രനിൽ ഇറങ്ങുകയെന്നും സ്പേസ് ഏജൻസി അറിയിച്ചു. ചന്ദ്രനിൽ ഇറങ്ങാൻ ലക്ഷ്യമിട്ടിരിക്കുന്ന പ്രദേശത്തിൽ നിന്ന് ഏകദേശം 100 മീറ്ററിനുള്ളിൽ തന്നെ ലാൻഡ് ചെയ്യാൻ കഴിയുന്ന രീതിയിലാണ് സ്മാർട്ട് ലാൻഡർ രൂപകൽപന ചെയ്തിരിക്കുന്നത്. മറ്റുള്ള ഗ്രഹങ്ങളിൽ ഉൾപ്പെടെ കൃത്യമായൊരു ബിന്ദുവിൽ ഇറങ്ങാനുള്ള സാങ്കേതിക വിദ്യയും ജാക്സ വികസിപ്പിക്കുന്നുണ്ട്.

ആഗോള തലത്തിലെ ബഹിരാകാശ മത്സരത്തിന് വീണ്ടുമൊരു ഉണർവ് ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ജപ്പാന്റെ പുതിയ ചന്ദ്ര ദൗത്യം. ഇതുവരെ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ചന്ദ്രനിൽ വിജയകരമായി ലാൻഡർ ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ മാസം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യ ചന്ദ്രയാൻ 3 വിജയകരമായി ഇറക്കിയിരുന്നു. യു എസ് എസ് ആറിന്റെ തകർച്ചയ്ക്ക് ശേഷം റഷ്യ നടത്തിയ ആദ്യ ചന്ദ്രദൗത്യം പരാജയപ്പെട്ട് ദിവസങ്ങൾ പിന്നിടുമ്പോഴായിരുന്നു ഇന്ത്യയുടെ ദൗത്യം വിജയകരമായി ലക്ഷ്യത്തിലെത്തിയത്. ജപ്പാന്റെ സ്വകാര്യ ബഹിരാകാശ സ്ഥാപനമായ ഐസ്‌പേസും ഏപ്രിലിൽ നടത്തിയ ചന്ദ്രദൗത്യവും പരാജയപ്പെട്ടിരുന്നു.

സമീപകാലത്ത് നടത്തിയ പല ദൗത്യങ്ങളും ലക്ഷ്യത്തിലെത്തിക്കാൻ ജപ്പാന്റെ സ്പേസ് ഏജൻസിക്ക് കഴിഞ്ഞിരുന്നില്ല. 2023 ഫെബ്രുവരിയിൽ എച്ച്3 റോക്കറ്റ് വിക്ഷേപണ വേളയിൽ തന്നെ സാങ്കേതിക തകരാറുകൊണ്ട് ഉപേക്ഷിച്ചിരുന്നു. ഒരുമാസത്തിന് ശേഷം വിക്ഷേപണം നടന്നെങ്കിലും ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിൽ ജ്വലനത്തിലുണ്ടായ അപാകതമൂലം റോക്കറ്റ് തകരുകയായിരുന്നു.

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍