HOCKEY

കൊറിയയെ വീഴ്ത്തി; ജൂനിയര്‍ വനിതാ ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക്

വെബ് ഡെസ്ക്

ജൂനിയര്‍ വനിതാ ഏഷ്യാ കപ്പ് ഹോക്കിയില്‍ കന്നിക്കീരടം ചൂടി ഇന്ത്യന്‍ വനിതകള്‍. ജപ്പാനിലെ കാകമിഗാഹരയില്‍ ഇന്നു നടന്ന ഫൈനലില്‍ ശക്തരായ ദക്ഷിണകൊറിയയെ തോല്‍പിച്ചായിരുന്നു ടീം ഇന്ത്യയുടെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്.

ഇന്ത്യക്കു വേണ്ടി സ്‌ട്രൈക്കര്‍ അന്നുവും പ്രതിരോധതാരം നീലവുമാണ് സ്‌കോര്‍ ചെയ്തത്. അതേസമയം പാര്‍ക്ക് സിയോ യോനാണ് കൊറിയയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതാദ്യമായാണ് ഇന്ത്യ ജൂനിയര്‍ വനിതാ ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കുന്നത്.

ഇന്നു നടന്ന ആവേശ ഫൈനലില്‍ തുടക്കത്തിലേ ലീഡ് നേടിയാണ് ഇന്ത്യ വിജയം കൊയ്തത്. മത്സരത്തിന്റെ രണ്ടാം ക്വാര്‍ട്ടറിലാണ് ആദ്യ ഗോള്‍ പിറന്നത്. 22-ാം മിനിറ്റില്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി സ്‌ട്രോക്ക് ലക്ഷ്യത്തിലെത്തിച്ച അന്നുവാണ് സ്‌കോര്‍ ചെയ്തത്.

എന്നാല്‍ ലീഡ് നേടിയ ആഹ്‌ളാദം അധികം നീണ്ടില്ല. വെറും മൂന്നു മിനിറ്റിനുള്ളില്‍ തന്നെ കൊറിയ ഒപ്പത്തിനെത്തി. മധ്യവരയില്‍ നിന്നു കുതിച്ചു കയറിയ യോന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ മാധുരി കിന്‍ഡോയ്ക്ക് ഒരവസരവും നല്‍കാതെ സ്‌കോര്‍ ചെയ്യുകയായിരുന്നു.

1-1 എന്ന സ്‌കോറില്‍ രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചശേഷം മൂന്നാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റുകളില്‍ വീണ്ടും ഇന്ത്യ ലീഡ് പിടിച്ചെടുക്കുകയായിരുന്നു. 41-ാം മിനിറ്റില്‍ മികച്ചൊരു ഡ്രാഗ്ഫ്‌ളിക്കിലൂടെ നീലം ആണ് ഇന്ത്യക്ക് വീണ്ടും ലീഡ് സമ്മാനിച്ചത്. പിന്നീട് അവസാന ക്വാര്‍ട്ടറില്‍ മികച്ച പ്രതിരോധം കാഴ്ചവച്ച ഇന്ത്യ കൊറിയയ്ക്ക് തിരിച്ചുവരവിന് അവസരം നല്‍കാതെ കിരീടം സ്വന്തമാക്കുകയും ചെയ്തു.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി