TECHNOLOGY

കുട്ടികളുടെ സ്വകാര്യത ലംഘിച്ചു; മൈക്രോസോഫ്റ്റിന് രണ്ട് കോടി ഡോളർ പിഴ

വെബ് ഡെസ്ക്

ടെക് ഭീമനായ മൈക്രോസോഫ്റ്റിന് വൻതുക പിഴ ചുമത്തി അമേരിക്ക. 200 ലക്ഷം ഡോളറാണ് പിഴയായി കമ്പനി അടയ്ക്കേണ്ടത്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളിൽ നിന്ന് അനധികൃതമായി വിവരങ്ങൾ ശേഖരിച്ച കുറ്റത്തിനാണ് പിഴ ചുമത്തിയത്. യുഎസ് ഫെഡറൽ ട്രേഡ് കമ്മീഷന്റെ (എഫ്ടിസി) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അമേരിക്കയിലെ എക്സ്ബോക്സ് എന്ന ഗെയിമിങ് സിസ്റ്റത്തിൽ സൈൻ അപ്പ് ചെയ്ത കുട്ടികളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു എന്നതാണ് മൈക്രോസോഫ്റ്റിനെതിരായ കുറ്റം. രാജ്യത്ത് കുട്ടികളുടെ ഓൺലൈൻ ഉപയോഗവുമായി ബന്ധപ്പെട്ട ചിൽഡ്രൻസ് ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്റ്റിന്റെ ലംഘനമാണ് കമ്പനി നടത്തിയത് എന്നാണ് ആരോപണം. എക്‌സ്‌ബോക്‌സ് ഗെയിമിങ് സിസ്റ്റത്തിൽ സൈൻ അപ്പ് ചെയ്‌ത കുട്ടികളിൽ നിന്ന് മാതാപിതാക്കളെ അറിയിക്കാതെയും അവരുടെ സമ്മതം വാങ്ങാതെയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു. കുട്ടികളുടെ സ്വകാര്യ വിവരങ്ങൾ കൈവശംവച്ച് നിയമ ലംഘനം നടത്തി എന്നാണ് ആരോപണം.

കമ്പനിയുടെ ഓൺലൈൻ ഗെയിമിങ് സിസ്റ്റത്തിൽ നിയമങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഫെഡറൽ ട്രേഡ് കമ്മീഷൻ നിർദേശിച്ചു. മൈക്രോസോഫ്റ്റ് കുട്ടികളുടെ ഡാറ്റ പങ്കിടുന്ന മൂന്നാംകക്ഷിക്കും പരിരക്ഷകൾ വ്യാപിപ്പിക്കണം. കുട്ടികളുടെ വിവരങ്ങൾ ഏതെങ്കിലും മൂന്നാംകക്ഷിക്ക് കൈമാറുന്നതിനിടയായാൽ ഓൺലൈൻ സ്വകാര്യതാ നിയമം സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. കുട്ടികളുടെബയോ മെട്രിക് വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ തുടങ്ങിയവ ഈ നിയമത്തിന്റെ പരിധിയിൽ വരും.

13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നിർദേശിച്ചിരിക്കുന്ന ഓൺലൈൻ സേവനങ്ങളും വെബ്‌സൈറ്റുകളും ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങളെക്കുറിച്ച് മാതാപിതാക്കളെ അറിയിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. കുട്ടികളുടെ ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനും ഉപയോഗിക്കുന്നതിനും മുൻപായി രക്ഷിതാക്കളുടെ സമ്മതം തേടണമെന്നും നിയമത്തിൽ നിർദേശിക്കുന്നു.

കുട്ടികളുടെ സ്വകാര്യതാ നിയമം ലംഘിച്ചതിന്റെ പേരിൽ ഫെഡറൽ ട്രേഡ് കമ്മീഷന്റെ ആരോപണങ്ങളെത്തുടർന്ന് മറ്റൊരു ടെക് ഭീമനായ ആമസോണിൽനിന്ന് 250 ലക്ഷം ഡോളർ പിഴ ഈടാക്കാൻ നേരത്തെ ഉത്തരവിട്ടിരുന്നു. മാതാപിതാക്കളെ തെറ്റിദ്ധരിപ്പിക്കുകയും കുട്ടികളുടെ ശബ്ദ റെക്കോർഡുകൾ അനധികൃതമായി സൂക്ഷിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് ആമസോണിന് പിഴ ചുമത്തിയത്.

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

'ഞാനൊരിക്കലും സംതൃപ്തനായിട്ടില്ല'; സുനില്‍ ഛേത്രിയുടെ പ്രസിദ്ധമായ വാക്കുകള്‍

കള്ളപ്പണക്കേസ് പ്രത്യേക കോടതി പരിഗണിച്ചശേഷം കുറ്റാരോപിതരെ അറസ്റ്റ് ചെയ്യാന്‍ ഇ ഡിക്ക് അധികാരമില്ല: സുപ്രീംകോടതി

'അവര്‍ മാവോയിസ്റ്റുകളല്ല, ഇലകള്‍ പെറുക്കി വിറ്റ് ജീവിക്കുന്നവര്‍'; പോലീസ് കൊലപ്പെടുത്തിയത് ആദിവാസികളെയെന്ന് ആരോപണം