പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് നിയമപരമെന്ന് കോടതി. നാടകീയമായ അറസ്റ്റിന് പിന്നാലെ രാജ്യത്താകെ സംഘര്‍ഷം വ്യാപിക്കുന്നതിനിടെയാണ് ഇസ്ലാമബാദ് ഹൈക്കോടതി അറസ്റ്റ് നിയമപരമെന്ന് പ്രഖ്യാപിച്ചത്. അതേസമയം പിടിഐ നേതാക്കളായ ഫവാദ് ചൗധരി, സൈഫുള്ള നിയാസി, ഫൈസല്‍ ചൗധരി, നീം ഹൈദര്‍, അലി ബുഖാരി എന്നിവരുടെ അറസ്റ്റ് കോടതി തടഞ്ഞു.
രണ്ട് കേസുകളിലെ വാദവുമായി ബന്ധപ്പെട്ട് ഇസ്ലാമബാദ് ഹൈക്കോടതിയിലെത്തിയ ഇമ്രാനെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അറസ്റ്റ് ചെയ്തത്. അല്‍ ഖാദിര്‍ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ടാണ്, അര്‍ധസൈനിക വിഭാഗമായ റേഞ്ചേസ് തെഹരിഖ്- ഇ- ഇന്‍സാഫ് പാര്‍ട്ടി തലവനെ പിടികൂടിയത്. അറസ്റ്റ് നിയമപരമല്ലെങ്കില്‍ ഇമ്രാന്‍ ഖാനെ ഉടന്‍ വിട്ടയക്കേണ്ടിവരുമെന്ന് ഇസ്ലാമബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആമീര്‍ ഫറൂഖ് നേരത്തെ നിരീക്ഷിച്ചിരുന്നു.
നിരവധി തവണ നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും പാലിക്കാത്തതിനാലാണ് അറസ്റ്റെന്നാണ് പാക് സര്‍ക്കാരിന്‌റെ വാദം. അതേസമയം അറസ്റ്റ് സമയത്ത് ഇമ്രാന്‍ ഖാനെതിരെ അതിക്രമമുണ്ടായെന്ന് അദ്ദേഹത്തിന്‌റെ അഭിഭാഷകന്‍ പറഞ്ഞു. തലയിലും, പരുക്കേറ്റ കാലിലും മര്‍ദിച്ചെന്നും അഭിഭാഷകന്‍ പറയുന്നു.
അറസ്റ്റിന് പിന്നാലെ പിടിഐ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പല നഗരങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. പെഷവാറിലെ റേഡിയോ പാകിസ്താന്‍ ആസ്ഥാനം തീയിട്ടു. ഇമ്രാൻ അനുകൂലികൾ റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്ത് ഇരച്ചു കയറി.
ഇസ്ലാമബാദില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ സ്‌കൂളുകള്‍ നാളെ മുതല്‍ ഒരു അറിയിപ്പ് ഉണ്ടാകും വരെ തുറന്നു പ്രവര്‍ത്തിക്കില്ല. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. അസദ് ഉമര്‍ അധ്യക്ഷനായ ആറംഗ സമിതി പിടിഐയുടെ ഭാവി പരിപാടികള്‍ തീരുമാനിക്കും.