WORLD

ചീറ്റ സംരക്ഷണ പ്രവർത്തക നിലൗഫ‍‍ര്‍ ബയാനിയെ വിട്ടയച്ച് ഇറാന്‍; ജയില്‍മോചനം ആറ് വർഷത്തിനുശേഷം

വെബ് ഡെസ്ക്

ചാരവൃത്തി ആരോപിച്ച് തുറുങ്കിലടച്ച നിലൗഫ‍‍ര്‍ ബയാനി ഉൾപ്പെടെയുള്ള നാല് ചീറ്റ സംരക്ഷണ പ്രവർത്തകരെ ആറ് വർഷത്തിനുശേഷം വിട്ടയച്ച് ഇറാന്‍. താഹർ ഗാദിരിയന്‍, ഹൗമാന്‍ജോക്ക‍‍ര്‍, സെപിദെഹ് കഷാനി എന്നിവരാണ് ജയില്‍ മോചിതരായ മറ്റുള്ളവർ. ഇറാന്റെ നടപടിയെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും സംരക്ഷണ പ്രവർത്തകരുടെയും ആഗോള കൂട്ടായ്മകള്‍ സ്വാഗതം ചെയ്തു.

വന്യജീവി സംരക്ഷണ ജീവശാസ്ത്ര ഗവേഷകയും ആക്ടിവിസ്റ്റുമായ നിലൗഫ‍‍റിനും മറ്റ് ഏഴ് സംരക്ഷണ പ്രവർത്തകര്‍ക്കുമെതിരെ 2018 ജനുവരിയിലാണ്ചാരവൃത്തി ആരോപണമുണ്ടായതും അറസ്റ്റ് ചെയ്തതും. എട്ട് പേർക്കും നാല് മുതല്‍ 10 വർഷം വരെയാണ് തടവുശിക്ഷ ലഭിച്ചത്. ശിക്ഷാനടപടിയെ പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും അപലപിച്ചിരുന്നു. നിലൗഫ‍‍റിനെ 10 വർഷം തടവിനാണ് ശിക്ഷിച്ചത്.

ടെ‌ഹ്റാന്‍ ആസ്ഥാനമായിട്ടുള്ള പരിസ്ഥിതി സംഘടനയായ പേർഷ്യന്‍ വൈല്‍ഡ് ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷന്റെ ഭാഗമാണ് അറസ്റ്റിലായ എട്ട് പേരും. വംശനാശ ഭീഷണി നേരിടുന്ന ഏഷ്യാറ്റിക്ക് ചീറ്റകളുടെയും മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇവരോടൊപ്പം അറസ്റ്റിലായ ഒരു സഹപ്രവർത്തകന്‍ കസ്റ്റഡിയിലിരിക്കെ മരിച്ചിരുന്നു.

1986ൽ ടെഹ്‌റാനിൽ ജനിച്ച നിലൗഫർ ബയാനി 2009-ൽ കാനഡയിലെ മക്‌ഗിൽ സർവകലാശാലയിൽനിന്ന് ബയോളജിയിൽ ബി എസ്‌സി നേടി. കൊളംബിയ സർവകലാശാലയിൽനിന്ന് കൺസർവേഷൻ ബയോളജിയിൽ എംഎയും നേടി. 2012 നും 2017 നുമിടയിൽ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി (യുഎൻഇപി)യുടെ കൺസൾട്ടൻ്റും പ്രോജക്ട് അഡ്വൈസറുമായും ജനീവയിൽ പ്രവർത്തിച്ചു. പിന്നീടാണ് ലോകത്തില്‍ ഏറ്റവും വലിയ വംശനാശ ഭീഷണി നേരിടുന്ന പേർഷ്യന്‍ ചീറ്റകളുടെ സംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കാന്‍ നിലൗഫ‍‍ര്‍ ഇറാനിലേക്ക് മടങ്ങിയത്.

ചാരവൃത്തി ആരോപിച്ച് ഇസ്ലാമിക് റവലൂഷണറി ഗാര്‍ഡ് അറസ്റ്റ് ചെയ്ത നിലൗഫര്‍ ബയാനി ജയിലില്‍ കടുത്ത പീഡനങ്ങളാണ് നേരിട്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇറാന്റെ പരമോന്നത ആയത്തുള്ള അലി ഖൊമേനിക്ക് 2019ല്‍ ബയാനി കത്തെഴുതിയിരുന്നു. എവിന്‍ ജയിലില്‍നിന്ന് ബയാനി എഴുതിയ കത്തുകള്‍ 2020 ഫെബ്രുവരി 18-ന്ബിബിസി പേര്‍ഷ്യ പ്രസിദ്ധീകരിച്ചിരുന്നു.

ബയാനിയെ പ്രത്യേകമായി എട്ട് മാസത്തോളം രഹസ്യതടങ്കലില്‍ വെക്കുകയും ചോദ്യം ചെയ്തവര്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ലൈംഗികാതിക്രമ ഭീഷണി ഉയര്‍ത്തുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 ലാണ് ബയാനി ശിക്ഷിക്കപ്പെട്ടത്. കോടതിയില്‍ അവര്‍ക്ക് അഭിഭാഷകന്റെ സേവനമുണ്ടായിരുന്നില്ല. ബയാനിയുടെ അറസ്റ്റിനും തടവിനുമെതിരെ ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ ബയാനിയുടെ ആരോപണങ്ങളെല്ലാം ഇറാന്‍ തള്ളുകയായിരുന്നു. ചോദ്യം ചെയ്യല്‍ നടപടിക്രമങ്ങൾ വീഡിയോയില്‍ പകര്‍ത്തിയെന്നായിരുന്നു പ്രോസിക്യൂട്ടറുടെ അവകാശവാദം.

ഇന്ത്യയിലെ വംശനാശം നേരിട്ട ചീറ്റയുടെ ഉപവിഭാഗമാണ് ഏഷ്യാറ്റിക്ക് ചീറ്റ. ഇതിന്റെ ഏറ്റവും ചേർന്ന് നില്‍ക്കുന്ന ഇനം ചീറ്റകള്‍ ഇറാനില്‍ മാത്രമാണ് അതിജീവിക്കുന്നത്. പാകിസ്താന്റെയും അഫ്ഗാനിസ്താന്റെയും അതിർത്തി മേഖലകളിലും ഇവയെ കാണാറുണ്ട്.

വംശനാശം നേരിട്ടതിന് ഏഴ് പതിറ്റാണ്ടിനുശേഷം ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യ പുനരവതരിപ്പിച്ചശേഷമാണ് ചീറ്റ സംരക്ഷണം വീണ്ടും ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്.ചീറ്റകളെ വീണ്ടും രാജ്യത്ത് എത്തിക്കുന്നതിനായി ആഫ്രിക്കന്‍ രാജ്യങ്ങളായ നമീബിയയെയും ദക്ഷിണാഫ്രിക്കയെയും സമീപിക്കുന്നതിന് മുന്‍പ് ഇന്ത്യ ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നു. പക്ഷേ, രാജ്യത്തെ ചീറ്റകളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് ചീറ്റകളെ വിട്ടു നല്‍കാന്‍ ഇറാന്‍ തയാറായില്ല.

2017ലെ ഒരു ഗവേഷണ റിപ്പോർട്ട് പ്രകാരം ഇറാനില്‍ 26 ചീറ്റകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത് 2022ല്‍ എത്തിയപ്പോള്‍ 15 ആയി കുറഞ്ഞതായും വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഇന്ത്യയുടെ മുന്‍ ഡീന്‍ ഡോ. വൈ വി ഝാല പറയുന്നു.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി