WORLD

സിഡ്‌നി മാളിൽ 6 പേരെ കുത്തിക്കൊന്നയാളെ വെടിവച്ചുകൊന്ന് പോലീസ്; ആക്രമണത്തിൽ നവജാതശിശു ഉൾപ്പെടെ നിരവധിപേർക്ക് പരുക്ക്

വെബ് ഡെസ്ക്

സിഡ്‌നി മാളില്‍ ആറ് പേരെ കുത്തിക്കൊന്ന അക്രമിയെ വെടിവച്ചുകൊന്ന് പോലീസ്. വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് അക്രമിയെ വെടിവെച്ചു വീഴ്ത്തിയെന്ന് അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ആന്റണി കൂക്ക് പറഞ്ഞു. മാളിന്റെ അഞ്ചാം നിലയിലേക്ക് ഓടിക്കയറിയ അക്രമിയെ പിന്തുടര്‍ന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ അപകടകാരിയായ അക്രമിയെ വെടിവച്ചുകൊന്ന പോലീസ് ഉദ്യോഗസ്ഥയെ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് അഭിനന്ദിച്ചു. അവര്‍ ഹീറോയാണെന്നും അവരുടെ പ്രവര്‍ത്തനത്തിലൂടെ മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചുവെന്നതില്‍ സംശയമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

''യൂണിഫോം ധരിക്കുന്നവര്‍ അപകടത്തിലേക്ക് കുതിക്കുന്നവരാണെന്നും അതില്‍നിന്ന് മാറിനില്‍ക്കേണ്ടവരല്ലെന്നുമുള്ള ഓര്‍മപ്പെടുത്തലാണിത്. അവര്‍ എല്ലാവരും ഇതുവരെ സ്വീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്കും സ്വീകരിക്കാനിരിക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു,'' അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകിട്ടോടെയാണ് സിഡ്നിയിലെ 'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍' മാളില്‍ ആക്രമണം നടന്നത്. കത്തിയുമായെത്തിയ അക്രമി മാളിലുണ്ടായിരുന്ന നിരവധിപ്പേരെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നവജാതശിശുവടക്കം നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മിഷണര്‍ റീസ് കെര്‍ഷോ അറിയിച്ചു.

അക്രമം നടക്കുന്ന സമയം നിരവധി പേരാണ് മാളിലുണ്ടായത്. അക്രമി കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങളും വൈറലാണ്. സംഭവത്തിനു പിന്നാലെ അധികാരികള്‍ ഷോപ്പിങ് കോംപ്ലക്‌സുകള്‍ അടപ്പിക്കുകയും ആളുകള്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും