അതിശക്തയായ ഭരണാധികാരിയുടെ ജീവിതം എന്നതിനൊപ്പം മനോഹരമായ ഒരു പ്രണയ കാവ്യം കൂടിയായിരുന്നു എലിസബത്ത് രാജ്ഞിയുടെ ജീവിതം. ആ കാവ്യഭംഗി കൊണ്ടു തന്നെയാവണം ഫിലിപ്പ് രാജകുമാരനുമായി പ്രണയത്തിലാതെങ്ങനെയെന്നു വിശദീകരിക്കുന്ന രാജ്ഞിയുടെ കത്ത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 14,000 പൗണ്ടിന് (ഏകദേശം 12.81 ലക്ഷം രൂപ) ലേലത്തില്‍ പോയത്. 1947-ല്‍ തന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ വിവാഹത്തിനു മാസങ്ങള്‍ക്കു മുന്‍പ് എലിസബത്ത് രാജകുമാരി എഴുതിയ കത്താണു ലേലത്തില്‍ വച്ചത്.
ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്, ഫിലിപ് രാജകുമാരന്റെ കാറില്‍ പോകുമ്പോള്‍ ഒരു ഫോട്ടോഗ്രഫര്‍ പിന്നാലെ പാഞ്ഞത്, ലണ്ടന്‍ നിശാക്ലബ്ബില്‍ നൃത്തം ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് എഴുത്തുകാരി ബെറ്റി ഷൗവിനെഴുതിയ ഈ കത്തിലുള്ളത്. എലിസബത്ത് രാജ്ഞിയുടെ തൊണ്ണൂറാം പിറന്നാള്‍ സമയത്തായിരുന്നു പ്രണയ ഓര്‍മ്മകള്‍നിറഞ്ഞ പഴയ കത്ത് ലേലത്തില്‍ പോയത്.
ജന്മം കൊണ്ടു ഗ്രീക്ക്-ഡാനിഷ് രാജകുമാരനാണ് ഫിലിപ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഗ്രീസിന്റെ രാജാവായിരുന്നു. എന്നാല്‍, 1922 ല്‍ ഭരണ അട്ടിമറിയെത്തുടര്‍ന്നു ഗ്രീസില്‍ നിന്നു മാതാപിതാക്കള്‍ക്കൊപ്പം പലായനം ചെയ്തു. ഓറഞ്ച് ബോക്‌സ് കൊണ്ടു നിര്‍മിച്ച തൊട്ടിലില്‍ കിടത്തിയാണു 18 മാസം പ്രായമുള്ള ഫിലിപ്പിനെയും കൊണ്ട് അമ്മ ആലിസ് രാജകുമാരി ഒരു ബ്രിട്ടിഷ് പടക്കപ്പലില്‍ ഇറ്റലിയില്‍ എത്തിയത്. 1930 ല്‍ ഫിലിപ്പിന് എട്ടു വയസ്സുള്ളപ്പോള്‍ അമ്മ മാനസികാരോഗ്യപ്രശ്‌നം കാരണം ആശുപത്രിയിലായി. ഫ്രാന്‍സിലേക്കു പോയ പിതാവ് പിന്നീടു മടങ്ങിവന്നില്ല. ഫിലിപ്പിന് അഭയമായത് അമ്മയുടെ ബ്രിട്ടിഷ് രാജകുടുംബ ബന്ധമാണ്. ഫിലിപ്പിന്റെ അമ്മ ആലിസ്, ബ്രിട്ടനിലെ വിക്ടോറിയ രാജ്ഞിയുടെ പേരക്കുട്ടിയുടെ മകളായിരുന്നു. സ്‌കോട്ടിഷ് ബോര്‍ഡിങ് സ്‌കൂളായ ഗോര്‍ഡന്‍സ്റ്റണില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഫിലിപ് റോയല്‍ നേവി കോളജില്‍ ചേര്‍ന്നു മികച്ച കെഡറ്റ് എന്ന അംഗീകാരം നേടി. രണ്ടാം ലോകയുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം 21-ാം വയസ്സില്‍ റോയല്‍ നേവിയുടെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റുമാരിലൊരാളായി.
1939-ലാണ് ഫിലിപ്പും എലിസബത്തും തമ്മില്‍ കണ്ടുമുട്ടുന്നത്. 13 വയസ്സുള്ള എലിസബത്ത് രാജകുമാരിയുമായുള്ള കൂടിക്കാഴ്ച പിന്നീടു പ്രണയമായി വളര്‍ന്നു. രണ്ടാം ലോക മഹായുദ്ധകാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തീവ്രമായത്. ഇതിനിടെ ചില മാധ്യമങ്ങളില്‍ ഇരുവരുടെയും ബന്ധത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടു. ഒടുവില്‍ ഇരുവരുടേയും വിവാഹം നടത്താന്‍ രാജകുടുംബം തീരുമാനിക്കുകയായിരുന്നു. 1947 നവംബര്‍ 20 ന് ആയിരുന്നു വിവാഹം. ഫിലിപ്പിന് 26 വയസ്സ്. നവവധുവിന് 21. ഇതോടെ എഡിന്‍ബര്‍ഗിലെ പ്രഭു (ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗ്) എന്ന സ്ഥാനം ഫിലിപ് രാജകുമാരന് ലഭിച്ചു. ലോക നേതാക്കളെല്ലാം വിവാഹത്തിനെത്തി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുണ്ടായ മാന്ദ്യസമയത്തായിരുന്നു വിവാഹം. എന്നാല്‍ യാതൊരു കുറവും വിവാഹത്തിനുണ്ടായിരുന്നില്ല. വിവാഹത്തോടെ, നാവികസേനാ ജീവിതത്തിനു വിടപറഞ്ഞ് ഫിലിപ് കൊട്ടാരജീവിതം ആരംഭിച്ചു.
1952ലാണു എലിസബത്ത് രാജ്ഞിയായത്. എലിസബത്തിന്റെ എല്ലാ നേട്ടങ്ങളിലും പിന്തുണയായി ഫിലിപ് രാജകുമാരന്‍ ഒപ്പമുണ്ടായിരുന്നു. ബ്രിട്ടനില്‍ രാജ്ഞിയുടെ ഭര്‍ത്താവിനു ഭരണഘടനാപരമായ പദവികളൊന്നുമില്ല. രാജ്ഞി പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഒരു ചുവട് പിന്നില്‍ നടന്ന അദ്ദേഹം കൊട്ടാരരീതികളെ ആധുനീകരിക്കുന്നതില്‍ മുന്‍കയ്യെടുത്തു. എലിസബത്ത് ബ്രിട്ടീഷ് രാജ്ഞിയായതു മുതല്‍ അവരെ ഔദ്യോഗിക പരിപാടികളിലും വിദേശയാത്രകളിലും അനുഗമിച്ചു. 2021ല്‍ മരണത്തിന് കീഴടങ്ങുന്നതു വരെ രാജ്ഞിയുടെ നിഴലായി ഫിലിപ് ഉണ്ടായിരുന്നു. 100 വയസ്സാകാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ 2021 എപ്രില്‍ 9നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഭര്‍തൃവിയോഗത്തിന്റെ ഒരു വര്‍ഷവും അഞ്ചു മാസവും പൂര്‍ത്തിയാകുന്നതിനിടെ എലിസബത്ത് രാജ്ഞിയുടെ വിയോഗവും.