WORLD

പലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് 'സെൻസർഷിപ്പ്': സമൂഹ മാധ്യമങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

വെബ് ഡെസ്ക്

ഗാസയില്‍ ഹമാസിനെതിരെ എന്ന പേരില്‍ ഇസ്രയേല്‍ നടത്തുന്ന സൈനിക നീക്കം രണ്ടാഴ്ച പിന്നിടുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇസ്രയേല്‍ അനുകൂല സെന്‍സര്‍ഷിപ്പ് ശക്തമാകുന്നതായി ആക്ഷേപം. പലസ്തീൻ അനുകൂല പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുന്നു എന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, ടിക്ക്ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ ഇത്തരം പോസ്റ്റുകൾ സെൻസർ ചെയ്യുകയും പോസ്റ്റുകളുടെ (റീച്ച്) വ്യാപനം വലിയ തോതില്‍ കുറയ്ക്കുകയോ ചെയ്യുന്നു എന്നാണ് ആരോപണം. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്ള ഉപയോക്താക്കളാണ് വ്യാപകമായി ഈ പ്രശ്നം ഉയർത്തിക്കാട്ടുന്നത്.

"FreePalestine", "ISTandWithPalestine" തുടങ്ങിയ ഹാഷ്‌ടാഗുകൾ അടങ്ങിയ പോസ്റ്റുകളും ഇസ്രയേൽ സൈന്യം കൊലപ്പെടുത്തിയ സാധാരണക്കാരായ പലസ്തീനികളെ പിന്തുണക്കുന്ന സന്ദേശങ്ങളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകൾ സെൻസർ ചെയ്യുന്നത്. ലോകമെമ്പാടുമുള്ള എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, പത്രപ്രവർത്തകർ, ചലച്ചിത്ര പ്രവർത്തകർ എന്നിവരോടൊപ്പം സ്ഥിരം ഉപയോക്താക്കളും ഈ ആരോപണം ഉന്നയിക്കുന്നുണ്ട്.

കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതിന് പലസ്തീനെക്കുറിച്ചുള്ള പോസ്റ്റുകൾ മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം ഏകപക്ഷീയമായി നീക്കം ചെയ്തതായും ചില ഉപയോക്താക്കൾ ആരോപിച്ചു. ലോസ് ഏഞ്ചൽസിലും സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലും പലസ്തീനെ പിന്തുണച്ചുള്ള പ്രതിഷേധങ്ങളെക്കുറിച്ച് പങ്കുവെച്ചിരുന്ന റീലുകളും സ്റ്റോറികളും ഉള്‍പ്പെടെ ഇൻസ്റ്റഗ്രാം തടഞ്ഞിട്ടുണ്ട്. ചില പലസ്തീൻ അനുകൂല ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലെ ബയോഗ്രഫിയിൽ 'തീവ്രവാദി' എന്ന വാക്ക് പ്രത്യക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ തെറ്റിന് മെറ്റ മാപ്പ് പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം.

ഒക്‌ടോബർ 15-ന് എക്‌സിൽ മെറ്റാ വക്താവ് ആൻഡി സ്റ്റോൺ, പോസ്റ്റുകളുടെ റീച്ച് കുറയുന്നത് ബഗ് മൂലമാണെന്ന് വ്യക്തമാക്കിയിരുന്നു. "ഈ ബഗ് ലോകമെമ്പാടുമുള്ള അക്കൗണ്ടുകളെ ഒരുപോലെ ബാധിച്ചിട്ടുണ്ട്. ഉള്ളടക്കത്തിന്റെ വിഷയവുമായി അതിന് യാതൊരു ബന്ധവുമില്ല. ഞങ്ങൾ കഴിയുന്നത്ര വേഗത്തിൽ അത് പരിഹരിച്ചിട്ടുണ്ട്," സ്റ്റോൺ വ്യക്തമാക്കി.

രാഷ്ട്രീയം വിഷയമാക്കിയുള്ള ഉള്ളടക്കം മോഡറേറ്റ് ചെയ്യുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ല എന്ന് ടിക് ടോക് വ്യക്തമാക്കിയതായി അൽജസീറ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ വിവിധ മനുഷ്യാവകാശ സംഘടനകൾ ഈ ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ്. യുട്യൂബും എക്‌സും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

പലസ്തീൻ, അറബ് സിവിൽ സൊസൈറ്റിയുടെ ഡിജിറ്റൽ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അറബ് സെന്റർ ഫോർ സോഷ്യൽ മീഡിയ അഡ്വാൻസ്‌മെന്റ്, ഉൾപ്പെടെ 48 സംഘടനകൾ, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഫലസ്തീന്റെ ഡിജിറ്റൽ അവകാശങ്ങളെ മാനിക്കണമെന്ന് ടെക് കമ്പനികളോട് അഭ്യർത്ഥിച്ചുകൊണ്ട് പ്രസ്താവനയിറക്കിയിട്ടുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്

370-ാം ഭേദഗതി റദ്ദാക്കിയത് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് അവകാശ വാദം; എന്നാല്‍ കശ്മീരില്‍ മത്സരിക്കാതെ ഒളിച്ചോടി ബിജെപി!

നരേന്ദ്ര ദാഭോല്‍ക്കര്‍ വധം: രണ്ട് സതാതൻ സൻസ്ഥ പ്രവർത്തകര്‍ക്ക് ജീവപര്യന്തം, മൂന്നുപേരെ വെറുതെവിട്ടു

ജെസ്‌ന തിരോധാനക്കേസില്‍ തുടരന്വേഷണം; ഉത്തരവ് പിതാവിന്റെ ഹർജിയില്‍