EXPLAINER

മ്യാൻമറിൽ കൂടുതൽ രൂക്ഷമായി റോഹിങ്ക്യൻ പ്രതിസന്ധി; രാജ്യത്തെ റോഹിങ്ക്യൻ - ബുദ്ധ സംഘർഷങ്ങളുടെ ചരിത്രം

വെബ് ഡെസ്ക്

മാതൃരാജ്യങ്ങളിലെ വിവിധ തരം പീഡനങ്ങൾ കാരണം രാജ്യം ഉപേക്ഷിക്കേണ്ടി വരികയും പൗരത്വമില്ലാതെ പല രാജ്യങ്ങളിൽ അഭയം തേടേണ്ടി വരികയും ചെയ്യുന്ന ലോകത്തിലെ മുഴുവൻ അഭയാർഥികളുടെയും മുഖമായി മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലിങ്ങൾ സമീപ വർഷങ്ങളിൽ മാറിയിട്ടുണ്ട്. മ്യാന്മറിൽ ഔദ്യോഗിക കണക്കുകൾ ഒന്നും തന്നെ ഈ വിഭാഗത്തെ അവരുടെ പൗരന്മാരായി കണക്കാക്കുന്നില്ലെങ്കിലും മ്യാൻമറിൽ ഒരു ദശലക്ഷത്തിലധികം റോഹിങ്ക്യകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഏകദേശം ഒരു ദശലക്ഷത്തോളം പേർ അഭയാർഥികളായും കുടിയേറ്റക്കാരായും വിവിധ വിദേശ രാജ്യങ്ങളിൽ ചിതറി കിടക്കുന്നുണ്ട്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിൽ മാത്രം 900,000 അഭയാർഥികളുണ്ട്. 33 ക്യാമ്പുകൾ പല വർഷങ്ങളായി ഈ മേഖലയിൽ രൂപപ്പെട്ടിട്ടുണ്ട്.

രാജ്യത്തെ റോഹിങ്ക്യൻ ന്യൂനപക്ഷവും ബുദ്ധ ഭൂരിപക്ഷവും തമ്മിലുള്ള വംശീയ സംഘർഷമാണ് ഈ കലാപങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.

മ്യാൻമറിലെ റോഹിങ്ക്യൻ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത് രാജ്യത്തെ ഭരണകൂട പീഡനങ്ങളും പതിറ്റാണ്ടുകളായി അവിടെ സാമൂഹിക ചുറ്റുപാടിൽ ലയിച്ചുചേർന്ന് കിടക്കുന്ന ഘടനയുമാണ്. സമീപ വർഷങ്ങളിൽ റോഹിങ്ക്യൻ മുസ്ലിങ്ങൾക്ക് കൂടുതൽ നിയമപരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും മ്യാൻമർ സൈന്യം ക്രൂരമായ അടിച്ചമർത്തലുകൾ നടത്തുകയും ചെയ്തതോടെ ലക്ഷക്കണക്കിന് റോഹിങ്ക്യകൾ രാജ്യം വിട്ട് പലായനം ചെയ്തിട്ടുണ്ട്. സാധാരണക്കാരെ കൊല്ലുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ഗ്രാമങ്ങൾ നശിപ്പിക്കുകയും ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

ആരാണ് റോഹിങ്ക്യകൾ?

മ്യാൻമറിലെ വംശീയ ന്യൂനപക്ഷമാണ് റോഹിങ്ക്യകൾ, അവരിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണ്. മ്യാൻമറിലെ റാഖൈൻ സംസ്ഥാനത്താണ് ഇവർ കൂടുതലായും തിങ്ങിപ്പാർക്കുന്നത്. നേരത്തെ ഇവർ അരക്കൻ എന്നും അറിയപ്പെട്ടിരുന്നു. റോഹിങ്ക്യകൾ രാജ്യത്തെ വംശീയ ന്യൂനപക്ഷമാണെന്ന് മ്യാൻമർ സർക്കാർ ഒരിക്കലും അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. റോഹിങ്ക്യകൾ ബംഗ്ലാദേശ് സ്വദേശികളാണെന്നാണ് സർക്കാരിന്റെ വാദം. അതിനാൽ ഈ ന്യൂനപക്ഷത്തിന് സർക്കാർ പൗരത്വം നിഷേധിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സ്വദേശികളാണെന്ന് സാക്ഷ്യപ്പെടുത്തുന്നവർക്ക് മാത്രമേ പൗരത്വം നൽകുകയുള്ളൂ.

റോഹിങ്ക്യകളെ പൗരന്മാരായി കണക്കാക്കാത്തതിനാൽ, പൗരന്മാർക്ക് ലഭ്യമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ലഭിക്കില്ല. 2015-ൽ മ്യാൻമറിൽ ജനാധിപത്യം തിരിച്ചുവന്നെങ്കിലും ഒരു ദശലക്ഷത്തിലധികം വരുന്ന റോഹിങ്ക്യകൾ വോട്ട് ചെയ്യാൻ യോഗ്യരായിരുന്നില്ല.

മ്യാൻമറിലെ റോഹിങ്ക്യ-ബുദ്ധ സംഘർഷം

മ്യാൻമറിലെ റോഹിങ്ക്യ- ബുദ്ധ സംഘർഷത്തിന് പോസ്റ്റ്-കൊളോണിയൽ മ്യാൻമറിന്റെ സ്ഥാപകത്തോളം പഴക്കമുണ്ട്. 1948-ൽ മ്യാൻമർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, റാഖൈനിലെ മുസ്‌ലിംകൾ തുല്യാവകാശങ്ങൾ ആവശ്യപ്പെട്ട് സംഘർഷങ്ങൾ ആരംഭിച്ചെങ്കിലും 1954-ഓടെ ഈ കലാപം അടിച്ചമർത്തപ്പെട്ടു. റോഹിങ്ക്യകളോടുള്ള ഭൂരിപക്ഷ മനോഭാവം അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ കൂടുതൽ മോശമായി മാറി.

1962-ലെ മ്യാൻമറിലെ സൈനിക അട്ടിമറി മതപരവും വംശീയവുമായ ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ നിലപാട് കടുപ്പത്തിലാക്കി, പ്രത്യേകിച്ച് റാഖൈൻ സ്റ്റേറ്റിലെ റോഹിങ്ക്യൻ മുസ്‌ലിംകൾ വീണ്ടും അടിച്ചമർത്തപ്പെട്ടു. 1982-ൽ റോഹിങ്ക്യകളെ അവരുടെ പൗരത്വം നീക്കം ചെയ്യുകയും അവർ രാജ്യത്തെ പൗരന്മാരല്ലെന്ന് മുദ്രകുത്തുകയും ചെയ്തുവെന്നും തിങ്ക് ടാങ്ക് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ രേഖകൾ പറയുന്നു.

1970-കളിൽ റോഹിങ്ക്യകളുടെ ഒരു വിഭാഗം കലാപം പുനരാരംഭിച്ചു. ഈ കലാപത്തിന് ചുക്കാൻ പിടിക്കുന്നത് അരാകൻ റോഹിങ്ക്യ സാൽവേഷൻ ആർമി (ARSA) എന്ന സംഘടനയാണ്. 2013 ലാണ് അത്ത്തുള്ള അബു അമർ ജുനുനി ഈ സംഘടന രൂപീകരിക്കുന്നത്. റോഹിങ്ക്യകളെ പൗരന്മാരായി പരിഗണിക്കാനും അടിസ്ഥാന അവകാശങ്ങൾ നൽകാനും വിസമ്മതിച്ചത് ഉൾപ്പെടെയുള്ള പതിറ്റാണ്ടുകളായി സ്ഥാപനവൽക്കരിക്കപ്പെട്ട വിവേചനം, ഈ സംഘടനയുടെ രൂപീകരണത്തിന് ഊർജ്ജം പകരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സമുദായത്തിനുനേരെയുള്ള ഭൂരിപക്ഷ അക്രമസംഭവങ്ങളും പല സമയത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അവരുടെ ദുരവസ്ഥയ്ക്ക് രാഷ്ട്രീയ പരിഹാരം കാണാഞ്ഞതോടെ സർക്കാരിന്റെ ഭാഗത്ത് പിഴവ് വന്നുവെന്ന് പല വിദഗ്ധരും കുറ്റപ്പെടുത്തുന്നു. 2012ലെ മുസ്ലീം വിരുദ്ധ അക്രമത്തിന് ശേഷം 1,20,000-ത്തിലധികം റോഹിങ്ക്യകളെ രാജ്യത്ത് നിന്ന് കുടിയിറക്കിയിട്ടുണ്ട്. രാജ്യത്ത് സായുധ കലാപത്തിൽ വിത്തുപാകാൻ മ്യാൻമർ ഭരണകൂടവും സഹായിച്ചു.

സമീപ വർഷങ്ങളിൽ സാഹചര്യങ്ങൾ എങ്ങനെ മോശമായി?

പതിറ്റാണ്ടുകളായി റോഹിങ്ക്യകൾക്കെതിരെയുള്ള ഭൂരിപക്ഷ പീഡനം നടന്നുകൊണ്ടിരിക്കെ, 2012-ൽ അത് കൂടുതൽ വഷളായി. റോഹിങ്ക്യൻ-ബുദ്ധമത സംഘട്ടനങ്ങളുടെ പരമ്പര നിരവധി മരണങ്ങൾക്ക് കാരണമാവുകയും പതിനായിരക്കണക്കിന് റോഹിങ്ക്യകൾ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ഏകദേശം 200,000 പേർ അവരുടെ ജന്മ സ്ഥലമായ റാഖൈൻ സംസ്ഥാനത്തിനുള്ളിൽ നിന്നുതന്നെ മറ്റൊരിടത്തേക്ക് പലായനം ചെയ്യപ്പെട്ടു.

2017ൽ റോഹിങ്ക്യകൾ നടത്തിയ വലിയ ആക്രമണങ്ങളിൽ സുരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങൾ മ്യാൻമർ സൈന്യത്തിന്റെ ക്രൂരമായ അടിച്ചമർത്തലിലേക്ക് നയിച്ചു. ഗ്രാമങ്ങൾ റെയ്ഡ് നടത്തി പൂർണമായും നശിപ്പിക്കുകയും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു.

അഞ്ച് വയസ്സിൽ താഴെയുള്ള 730 കുട്ടികൾ ഉൾപ്പെടെ 6,700 റോഹിങ്ക്യകൾ അക്രമം പൊട്ടിപ്പുറപ്പെട്ട് ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടതായി മെഡിക്കൽ ചാരിറ്റി എംഎസ്എഫ് പറയുന്നു. റാഖൈനിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 288 ഗ്രാമങ്ങൾ ഭാഗികമായോ പൂർണമായോ നശിച്ചുവെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) റിപ്പോർട്ട് ചെയ്യുന്നു.

2017ലെ അക്രമത്തിന് ശേഷം 7,42,000 റോഹിങ്ക്യകൾ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തതായി യുഎൻ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ (യുഎൻഎച്ച്സിആർ) പറയുന്നു. സൈനിക അട്ടിമറിയെത്തുടർന്ന് മ്യാൻമറിൽ ആഭ്യന്തരയുദ്ധം ആരംഭിച്ചാൽ 2021 മുതൽ രാജ്യത്ത് ആഭ്യന്തര കുടിയൊഴിപ്പിക്കൽ തുടരുകയാണ്.

റോഹിങ്ക്യകൾ നേരിടുന്ന പ്രശ്നങ്ങൾ

വ്യവസ്ഥാപിതമായ അക്രമത്തോടൊപ്പം പൗരത്വത്തിന്റെയും അടിസ്ഥാന അവകാശങ്ങളുടെയും നിഷേധത്തിന്റെ വ്യക്തമായ പ്രശ്‌നത്തിന് പുറമെ, റോഹിങ്ക്യകൾ പല തരത്തിൽ പീഡിപ്പിക്കപ്പെടുന്നു. ചില സ്ഥലങ്ങളിൽ റോഹിങ്ക്യൻ ദമ്പതികൾക്ക് രണ്ട് കുട്ടികളേ അനുവദിക്കൂ. വിവാഹം കഴിക്കാൻ റോഹിങ്ക്യകൾ അനുമതി തേടണം. വിവാഹ ആവശ്യത്തിനായി, റോഹിങ്ക്യകൾ ശിരോവസ്ത്രം ധരിക്കാത്ത വധുവിന്റെയും ക്ലീൻ ഷേവ് ചെയ്ത വരന്റെയും ഫോട്ടോകൾ നൽകണം, ഇത് മുസ്ലീം ആചാരപ്രകാരം തെറ്റാണ്. റോഹിങ്ക്യകൾക്ക് വീട് മാറുന്നതിനോ നഗരത്തിൽനിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നതിനോ സർക്കാരിന്റെ അനുമതി ആവശ്യമാണ്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും