EXPLAINER

ടിക് ടോക്കിന് അമേരിക്ക പൂട്ടിടുന്നത് എന്തിന്? പുതിയ ബില്ലും ജനപ്രിയ ആപ്ലിക്കേഷന്റെ ഭാവിയും

വെബ് ഡെസ്ക്

സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിന് പൂട്ടിടാനുള്ള ബിൽ പാസാക്കിയിരിക്കുകയാണ് അമേരിക്കൻ പ്രതിനിധി സഭ. 'പ്രൊട്ടക്റ്റിങ് അമേരിക്കൻസ് ഫ്രം ഫോറിൻ അഡ്‌വേഴ്സറി കൺട്രോൾഡ് ആപ്ലിക്കേഷൻസ് ആക്‌ട്' എന്ന ബിൽ ബുധനാഴ്ച പാസായതോടെ ടിക് ടോക്കിന്റെ കാര്യം അമേരിക്കയിൽ പരുങ്ങലിലായിരിക്കുകയാണ്.

എന്താണ് ബിൽ?

ബീജിങ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയാണ് ടിക് ടോക്കിന്റെ മാതൃസ്ഥാപനം. അമേരിക്കയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ ടിക് ടോക്കിലൂടെ ചൈന കടന്നുകയറുന്നുവെന്നും രാജ്യത്തിൻറെ ദേശീയ സുരക്ഷയ്ക്ക് ഭീഷണി ആണെന്നും മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബില്ലുകൾ അമേരിക്കൻ നിയമനിർമാണ സഭയിലെത്തിയിരുന്നു. എന്നാൽ പലപ്പോഴും നീണ്ട ചർച്ചകൾ അന്തിമ തീർപ്പിലെത്താതെ പോകുകയായിരുന്നു.

നിലവിൽ പാസാക്കിയിരിക്കുന്ന ബിൽ പ്രകാരം, ബൈറ്റ്ഡാൻസ് അവരുടെ ഓഹരികൾ വിൽക്കുകയോ അല്ലെങ്കിൽ ടിക് ടോക് സമ്പൂർണ നിരോധനം നേരിടുകയോ ചെയ്യേണ്ടി വരും. അമേരിക്കൻ സർക്കാരിന് അംഗീകരിക്കാൻ കഴിയുന്ന ഒരു സ്ഥാപനത്തെ കണ്ടെത്താൻ ബൈറ്റ് ഡാൻസിന് ആറ് മാസത്തെ സമയമാണ് ബിൽ അനുവദിക്കുന്നത്. അതിനുകഴിഞ്ഞില്ലെങ്കിൽ ടിക് ടോക്കിന് അമേരിക്കയിൽ പ്രവർത്തനം സാധ്യമാകില്ല. അമേരിക്കൻ ആപ്പ് സ്റ്റോറുകളിൽനിന്ന് ഡൗൺലോഡ് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ സാധിക്കില്ല.

നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ടിക് ടോക് ഉപയോഗിക്കാൻ അനുവദിക്കുന്ന ആപ്പ് സ്റ്റോർ പ്ലാറ്റ്‌ഫോമുകൾക്ക് വലിയ പിഴ ചുമത്താനും ബിൽ നിഷ്കർഷിക്കുന്നു. എത്രപേർ ആപ് ഉപയോഗിക്കുന്നുണ്ടോ അതനുസരിച്ചാകും പിഴ, ഒരാൾക്ക് 5000 ഡോളർ എന്ന തോതിലാണ് നിലവിൽ പിഴ നിശ്ചയിച്ചിരിക്കുന്നത്. അറുപത്തിയഞ്ചിനെതിരെ 352 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ ബിൽ പാസാക്കിയത്.

ഏകദേശം 170 ദശലക്ഷം അമേരിക്കക്കാരാണ് ടിക് ടോക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബില്ലിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്

ബിൽ നിയമമാകുമോ?

ഏകദേശം 170 ദശലക്ഷം അമേരിക്കക്കാരാണ് ടിക് ടോക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ബില്ലിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. നിലവിൽ ജനപ്രതിനിധി സഭയിൽ മാത്രമാണ് ബിൽ പാസായിരിക്കുന്നത്. ഇനി സെനറ്റിലും ബിൽ പാസാകേണ്ടതുണ്ട്. എന്നാൽ അതത്ര എളുപ്പമായിരിക്കില്ല എന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ യുവാക്കളാണ് കൂടുതൽ ടിക് ടോക്കിന്റെ ഉപയോക്താക്കൾ. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടിക് ടോക്കിന്റെ നിരോധനം ഒരുപക്ഷെ തിരിച്ചടിയായേക്കാമെന്നും ചർച്ചകളുണ്ട്.

അതേസമയം, ബിൽ സെനറ്റ് പാസാക്കി, തന്റെ മുന്നിലെത്തിയാൽ ഉടൻ നിയമമാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപനം. അഥവാ ബിൽ പാസായി നിയമമായാലും നിയമനിർമ്മാണത്തെ കോടതിയിൽ വെല്ലുവിളിക്കുമെന്ന് ടിക് ടോക്ക് സൂചന നൽകിയിട്ടുണ്ട്.

ടിക് ടോക്കിനെ നിരോധിക്കുന്നത് എന്തിന്?

ടിക് ടോക്കും അതിൻ്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാൻസും ലൊക്കേഷൻ വിവരങ്ങൾ പോലെയുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന് കൈമാറുന്നതായി അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളിലെ ഭരണാധികാരികളും പലപ്പോഴും ആശങ്ക പ്രകടിപ്പിച്ചിരുന്നു. രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കായി ചൈനീസ് കമ്പനികളിൽനിന്നും പൗരന്മാരിൽനിന്നും വിവരങ്ങൾ ആവശ്യപ്പെടാൻ ചൈനീസ് സർക്കാരിനെ അനുവദിക്കുന്ന നിയമങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. കൂടാതെ ടിക് ടോക്കിലെ ഉള്ളടക്കങ്ങളുടെ ശുപാർശ ക്രമം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ഉപയോഗിക്കുന്നുവെന്നും പാശ്ചാത്യ രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

സർക്കാർ ഉപകരണങ്ങളിൽ നിന്നെല്ലാം ടിക് ടോക്ക് നീക്കം ചെയ്യണമെന്ന് 2023 ഫെബ്രുവരിയിൽ വൈറ്റ് ഹൗസ് അമേരിക്കൻ ഫെഡറൽ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. കൂടാതെ സർക്കാർ ജീവനക്കാർ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് പല അമേരിക്കൻ നഗരങ്ങളും നിരോധിച്ചിട്ടുമുണ്ട്.

നേരത്തെ 2020ൽ ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു. അമേരിക്കയോട് സമാനമായ കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെ നടപടി. ബ്രിട്ടൻ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ന്യൂസിലൻഡ്, യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് വിഭാഗം എന്നിവരുൾപ്പെടെ ടിക് ടോക്കിനെ സർക്കാരുമായി ബന്ധപ്പെട്ട ഉപകരണങ്ങളിൽ ഉപയോഗിക്കുന്നതിനെ വിലക്കുകയും ചെയ്തിട്ടുണ്ട്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി