FOURTH SPECIAL

'പോയ് വരൂ ഉമർ, ഞങ്ങൾ ഇവിടെയുണ്ട്'; അപേക്ഷ പ്രിയദർശിനി അഭിമുഖം

സൗമ്യ ആർ കൃഷ്ണ

മൂന്ന് വർഷമായി തടവിൽ കഴിയുകയാണ് ഉമർ ഖാലിദ്. പതിനൊന്നാമത്തെ തവണ ഉമറിനെ ജയിലിൽ സന്ദർശിച്ച സുഹൃത്ത് അപേക്ഷ പ്രിയദർശിനി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഹൃദയഭേദകമായിരുന്നു. നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ ദൈർഘ്യമുള്ളത്രയും ആഴമുള്ള ആ കൂടിക്കാഴ്ചകളെക്കുറിച്ച്, അവരുടെ സംവാദങ്ങളെ കുറിച്ച്, ഉമറിന്റെ തടവുകാലത്തെക്കുറിച്ച് അപേക്ഷ പ്രിയദർശിനി ദ ഫോർത്തിനോട് സംസാരിക്കുന്നു.

അവൻ ഒറ്റയ്ക്കല്ല...

തടവിൽ കഴിയുകയെന്നത് തീർത്തും ഒറ്റപ്പെടുത്തുന്ന അനുഭവമാണ്. സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിനും പരസ്പരം കാര്യങ്ങൾ പങ്കുവെയ്ക്കുന്നതിനുമൊന്നുമുള്ള സാഹചര്യമല്ല. അതുകൊണ്ടുതന്നെ ഒരു ഘട്ടത്തിലും തീർത്തും ഒറ്റയ്ക്കായെന്ന് തോന്നാതിരിക്കുക പ്രധാനമാണ്. തമ്മിൽ കാണുമ്പോൾ പരമാവധി ഉമറിനെക്കൊണ്ട് സംസാരിപ്പിക്കാനാണ് ശ്രമിക്കാറ്. ഏതെങ്കിലും തരത്തിലുള്ള ആശങ്കകളുണ്ടെങ്കിൽ അത് തുറന്നുപറയിപ്പിക്കാൻ ശ്രമിക്കും. ഈ കാലയളവ് അതിജീവിക്കാൻ സഹായിച്ചത് എന്റെ പ്രിയപ്പെട്ടവരാണെന്ന് ഉമർ എപ്പോഴും പറയും. പുറത്ത് എന്നെ കാത്തിരിക്കാൻ കുടുംബമുണ്ട്, ഞാൻ ഒറ്റപ്പെട്ടുവെന്ന് തോന്നരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സുഹൃത്തുക്കളുണ്ട്, ആ ചിന്തയാണ് അതിജീവനത്തിന്റെ ഊർജമെന്നും ഉമർ പറയാറുണ്ട്. അതുതന്നെയാണ് ഈ കൂടിക്കാഴ്ചകളുടെ ഉദ്ദേശ്യവും.

അപേക്ഷയും ഉമറും

തടവറയ്ക്കുള്ളിലും പഠനം തുടരുന്നുണ്ട് ഉമർ

ആത്യന്തികമായി ഉമർ സ്കോളറാണ്. ജയിലിലെത്തിയ ശേഷം നൂറിലധികം പുസ്തകം വായിച്ചുതീർത്തു. വായിക്കാൻ അത്രയും ഇഷ്ടമുള്ളൊരാൾക്ക് അതൊരു വലിയ ആശ്വാസം തന്നെയാണ്. മാത്രമല്ല ഉമറിലെ ആക്ടിവിസ്റ്റിന് ഒന്നും സംഭവിച്ചിട്ടില്ല. ജയിലിനകത്തും രാഷ്ട്രീയ നിരീക്ഷണങ്ങളും പഠനവും തുടരുന്നുണ്ട്. ചിലപ്പോൾ അത് ഉമറിൻറെ അതിജീവന തന്ത്രം കൂടിയാവാം. എന്നോട് ഉമർ ഒരിക്കൽ പറഞ്ഞത് സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വിവേചനങ്ങളും അതിന്റെ പത്തിരട്ടിയിൽ ജയിലിലും നിലനിൽക്കുന്നുണ്ടെന്നാണ്. ജാതി അടിസ്ഥാനത്തിലോ, മതാടിസ്ഥാനത്തിലോ ഉള്ള വിവേചനങ്ങൾ അതിന്റെ ഏറ്റവും വികൃതമായ രൂപത്തിൽ ജയിലിനുള്ളിൽ കാണാറുണ്ടെന്ന്. ആളുകൾ തമ്മിൽ ഇടപഴുകുന്നതിൽ, കൂട്ടം കൂടുന്നതിൽ ഒക്കെ. ജയിലിനുപുറത്ത് സമൂഹമണിയുന്ന മുഖംമൂടി അകത്തില്ലാത്തതുകൊണ്ട് എല്ലാം തെളിവായി കാണാമെന്ന്. കശ്മീർ ഫയൽസ് പോലെ ഒരു സിനിമ പുറത്ത് പ്രചരിക്കുമ്പോൾ, അതിനുശേഷം പുതുതായി ജയിലിലേക്ക് വരുന്നവർ മുസ്ലിം തടവുകാരോട് പെരുമാറുന്ന രീതിയിൽ ആ സിനിമയുണ്ടാക്കിയ മാറ്റം പ്രകടമായിരുന്നുവെന്നും ഉമർ ഒരിക്കൽ പറഞ്ഞിരുന്നു.

ഉമറിനെ കോടതിയിലെത്തിച്ച ഒരു ദിവസം പോലും അവിടെ സുഹൃത്തുക്കളില്ലാതെ പോയിട്ടില്ല. പോയ് വരൂ ഉമർ ഞങ്ങൾ ഇവിടെയുണ്ട് എന്ന് പറയാൻ വേണ്ടി മാത്രം ഞങ്ങൾ ആ കോടതി വരാന്തകളിൽ എത്താറുണ്ട്. ആ വരാന്തകളിൽ ഇതുപോലെ മറ്റ് രാഷ്ട്രീയത്തടവുകാരുടെ ബന്ധുക്കളുമുണ്ടാകും. അവിടെ വച്ചാകും പലരും ആദ്യമായി കണ്ടുമുട്ടുന്നത്. പക്ഷേ ആ ബന്ധം ആഴമുള്ളതാണ്. ആത്യന്തികമായി അവർ അനുഭവിക്കുന്നത് സമാനമായ വേദനകളാണ്. അത് പരസ്പരം പങ്കുവെയ്ക്കുന്നതും കോടതി വരാന്തകളിൽ കാണാറുണ്ട്. ഇതൊക്കെ ഈ പ്രതിരോധത്തിന്റെ ഭാഗം തന്നെയാണ്. ഒന്നും വേർതിരിച്ച് കാണാൻ കഴിയില്ല. കോടതി കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. പ്രതിരോധം തുടരുകയെന്നത് മാത്രമാണ് നമ്മുടെ കയ്യിലുള്ള കാര്യം. എത്ര കാലം ഇനിയും അതുപോലെ കോടതിയിൽ കാത്തിരിക്കേണ്ടിവന്നാലും അത് തുടരും, ഒരടി പോലും പിന്നോട്ട് പോകാതെയെന്ന് മാത്രമേ എനിക്ക് പറയാൻ കഴിയൂ.

അവർക്ക് പേടി വ്യക്തികളെയല്ല

സിഎഎ പ്രതിഷേധത്തിലെ പ്രധാന ശബ്ദങ്ങളാണ് ജയിലിലടയ്ക്കപ്പെട്ടത്. അവരുടെ പ്രതിരോധം ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു. അതുകൊണ്ട് മനുഷ്യരിലുള്ള പ്രതീക്ഷ കൈവിടാൻ ഞങ്ങളാരും തയ്യാറല്ല. മറ്റൊന്നും നമ്മുടെ കൈയ്യിലല്ല. ഉമർ ഖാലിദിനെക്കുറിച്ച് സർക്കാരുണ്ടാക്കിയ ഒരു ചിത്രമുണ്ട്. ആദ്യകാലങ്ങളിൽ ജയിലിനുള്ളിലെ പോലീസുകാർ ഉമറിനെ കണ്ടത് അങ്ങനെയായിരുന്നു. പക്ഷേ ഇപ്പോൾ അവർക്കറിയാം ഉമർ ഖാലിദ് ആരാണെന്നും എന്താണെന്നും. വിദ്യാഭ്യാസമുള്ള, മാന്യനായ, ശാന്തനായ ഉമറിനെ അവർക്കറിയാം. അതുകൊണ്ട് തന്നെ ഒരുപാട് കാലം എല്ലാവരേയും തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം.

അപേക്ഷ പ്രിയദർശിനി

ഇത് വ്യക്തികളുടെ പ്രശ്നമല്ല

ഉമർ ഖാലിദിനെ പോലെ ഒരുപാട് പേർ ജയിലിൽ കഴിയുന്നുണ്ട്. അവരുടെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കാം. പക്ഷേ അതിനെ അവരുടെ മാത്രം വിഷയമായി ചുരുക്കാൻ പാടില്ല. ആ വ്യക്തികളല്ല, അവർ എന്തിന് വേണ്ടിയാണോ ശബ്ദമുയർത്തിയത് അതാണ് സർക്കാരിന്റെ പ്രശ്നം. ആ പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് അവസാനിപ്പിക്കാൻ പാടില്ല. ഓരോ തവണ ഉമറിനെ കണുമ്പോഴും അതുവരെ നടന്ന സംഭവങ്ങൾ ചർച്ചയിൽ വരും. പലപ്പോഴും ജയിലിനുള്ളിൽനിന്ന് അവൻ നടത്തിയ നിരീക്ഷണങ്ങൾ ഞങ്ങളുടെ ചിന്തകളെ പോലും സ്വാധീനിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ ആ ചിന്തകൾ സ്വാധീനിച്ചിട്ടുണ്ട്. അവർ തളർന്നുപോകാതിരിക്കാൻ അവർ ഒറ്റയ്ക്കല്ലെന്ന് നിരന്തരം ഓർമിപ്പിക്കുക കൂടി വേണം. അതിനുവേണ്ടി തന്നെയാണ് എന്നെ പോലെ ഉമറിന്റെ സുഹൃത്തുക്കൾ ഓരോ വട്ടവും കിട്ടുന്ന ചെറിയ സമയത്തേക്ക് വേണ്ടിയാണെങ്കിലും അവരെ കാണാനായി പോകുന്നത്. ഇനിയും പോവുക തന്നെ ചെയ്യും.

ചട്ടം ലംഘിച്ച് 7 കോടി വിദേശ സംഭാവന വാങ്ങി, എഎപിക്കെതിരെ അന്വേഷണം വേണമെന്ന് ഇ ഡി; ആഭ്യന്തരമന്ത്രാലയത്തിന് കത്ത്

വന്‍മരങ്ങള്‍ വീണ ഇറാനില്‍ പിന്‍ഗാമികളാര്?

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി