ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം

ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം

വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസിൽ ജാമ്യം പോലും ലഭിക്കാതെ ജയിലിനുള്ളിൽ ഉമർ കഴിയാൻ തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം മൂന്നാണ്ട് തികഞ്ഞു

ഉമർ ഖാലിദ്, ആ പേര് ഇന്നൊരു പ്രതീകമാണ്. ഇന്ത്യയിലെ തടവറയിൽ ജാമ്യം പോലുമില്ലാതെ കഴിയുന്ന പതിനായിരക്കണക്കിന് രാഷ്ട്രീയ തടവുകാരുടെ പ്രതീകം. ഉമറിന്റെ തന്നെ ഭാഷയിൽ ഭരണകൂടം ശത്രുവായി കാണുന്ന ഒരു സമുദായത്തിന്റെ പ്രതീകം. വർഗീയ വാദികളും വിദ്വേഷം വമിപ്പിച്ച് വിവിധ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നവരും സമൂഹത്തിൽ സർവ്വസ്വതന്ത്രരായി വിഹരിക്കുന്ന ഒരു സമൂഹത്തിലാണ് ഉമറിനെ പോലുള്ള ജനാധിപത്യവിശ്വാസികൾ ഇരുമ്പഴിക്കുള്ളിൽ കഴിയുന്നത് എന്നത് ഏറെ നിരാശപ്പെടുത്തുന്ന വസ്തുതയാണ്. ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ലാത്ത കേസിൽ ജാമ്യം പോലും ലഭിക്കാതെ ജയിലിനുള്ളിൽ ഉമർ കഴിയാൻ തുടങ്ങിയിട്ട് കഴിഞ്ഞ ദിവസം മൂന്നാണ്ട് തികഞ്ഞു.

രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകർക്കാനും ഹിന്ദുത്വ വംശീയത അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉമറിന്റെ അറസ്റ്റ്
നോം ചോംസ്‌കി

പലതവണ കോടതി വരാന്തകൾ കയറിയിറങ്ങിയിട്ടും ഉമറിന് നീതി നൽകാൻ രാജ്യത്തെ ഒരു നിയമസംവിധാനവും കൂട്ടാക്കിയിട്ടില്ല. മനുഷ്യന്റെ മൗലികമായ അവകാശത്തിന് വേണ്ടി വാദിക്കുകയും സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടുകയും ചെയ്തുവെന്ന "കൊടും അപരാധ"ത്തിന് ഭരണകൂടം നൽകിയ മെഡലായിരുന്നു ഉമറിന്റെ ജയിൽവാസം. ഡൽഹിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്നു ഉമർ ഖാലിദ്. 2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്റെ മുഖ്യ ആസൂത്രകൻ എന്ന പട്ടം ചാർത്തി, 2020 സെപ്റ്റംബർ 13നാണ് ഉമറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്യുന്നത്. കൂട്ടിന് യുഎപിഎ എന്ന ഡ്രാക്കോണിയൻ വകുപ്പും.

തനിക്കെതിരെ പോലീസും മാധ്യമങ്ങളും നടത്തുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് തടവറയിലായി രണ്ട് വർഷം പിന്നിട്ടപ്പോൾ തന്റെ സുഹൃത്തിനെഴുതിയ കത്തിൽ ഉമർ പറയുന്നുണ്ട്. ശത്രുപക്ഷത്തുള്ളവരുടെ പ്രചാരണത്തെ എങ്ങനെ നേരിടുമെന്ന ആശങ്ക ഉമർ ആ കത്തിൽ പങ്കുവയ്ക്കുന്നുണ്ട്. 'വിദ്വേഷത്തിന്റെയും കളവിന്റെയും ഭീകരതയെ എങ്ങനെ നേരിടും? വിദ്വേഷ പ്രചാരകർക്ക് പണമുണ്ട്, വിധേയരായ ന്യൂസ് ചാനലുകളുണ്ട്. പിന്നെ ട്രോൾ സംഘങ്ങളുണ്ട്. ചിലപ്പോൾ എനിക്ക് വല്ലാതെ ഒറ്റപ്പെടൽ അനുഭവപ്പെടുന്നു. പൗരത്വ നിയമത്തിനെതിരെയും ഫാസിസത്തിനെതിരെയും പോരാടുന്ന എന്നെക്കാൾ പ്രിവിലേജുള്ള ചില ആളുകൾ ഇപ്പോൾ നിശബ്ദരായിരിക്കുന്നു. അതേസമയം വ്യാജ പ്രചാരണത്തിന് എന്നെ തിരഞ്ഞു പിടിക്കുകയും ചെയ്യുന്നു. ഇതൊന്നും വ്യക്തിപരമല്ലെന്ന ബോധ്യം മാത്രമാണ് ഇപ്പോൾ എനിക്ക് ആശ്വാസം തരുന്നത്. എന്റെ അറസ്റ്റും ഒറ്റപ്പെടുത്തലുമെല്ലാം ഒരു വിശാലമായ പദ്ധതിയുടെ പ്രതീകാത്മക മാത്രം ഉൾകൊളളുന്നതാണ്. അതയാത് മുസ്ലീങ്ങൾക്കെതിരായ നീക്കത്തിന്റെ പ്രതീകം മാത്രം.'

പൗരത്വ ഭേദഗതി പ്രതിഷേധങ്ങളുടെ മറവിൽ വർഗീയ കലാപങ്ങൾ, കേന്ദ്ര സർക്കാരിനെതിരായ നീക്കം, റോഡ് തടയുക എന്നിവ ആസൂത്രണം ചെയ്തെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട 18 പേരിൽ ഒരാളായിരുന്നു ഉമർ ഖാലിദ്. ഇത്തരം കേസുകളിൽ അറസ്റ്റിലായവരിൽ അധികവും 2014ന് ശേഷമുള്ള പല കേസുകളിലെ പോലെതന്നെ വിദ്യാർഥികളും ആക്ടിവിസ്റ്റുകളുമായിരുന്നു.

ആയുധം കൈവശംവയ്ക്കൽ നിയമം, യുഎപിഎ, കലാപശ്രമം, കൊലപാതകം (302 ഐപിസി), വധശ്രമം ( 307 ഐപിസി), രാജ്യദ്രോഹം (124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുക, തീവ്രവാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ് ഉമറെന്ന 35കാരനുമേൽ ഭരണകൂടം ചുമത്തിയത്.

2020 ഫെബ്രുവരി 23 മുതൽ ഫെബ്രുവരി 25 വരെ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 751 എഫ്ഐആറുകളിൽ ഒന്നായിരുന്നു ഡൽഹി കലാപ ഗൂഢാലോചന കേസ്. കലാപത്തിൽ ആകെ മൊത്തം 53 പേർ കൊല്ലപ്പെട്ടു. അവരിൽ മൂന്നിൽ രണ്ടും മുസ്ലിം മതവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. വസ്തുത അങ്ങനെയാണെങ്കിലും മൊത്തം 18 പ്രതികളിൽ 16 പേരും അതേ സമുദായാംഗങ്ങൾ ആണെന്നതാണ് കേസിലെ വൈരുദ്ധ്യം.

നോം ചോംസ്‌കി
നോം ചോംസ്‌കി

അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷം സഹോദരിയുടെ കല്യാണത്തിന് പോകാൻ ലഭിച്ച ഒരാഴ്ച മാത്രമാണ് ഉമർ പുറംലോകം കണ്ടത്. ഒരാഴ്ചത്തെ പരോളാകട്ടെ 800 ദിവസത്തെ ജയിൽവാസത്തിന് ശേഷമായിരുന്നു ലഭിച്ചത്. ഇതിനിടെയെല്ലാം വിമതരുടെ വായ്മൂടിക്കെട്ടാനുള്ള ഭരണകൂടത്തിന്റെ നീചശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ച് നിരവധി അന്താരാഷ്ട്ര സംഘടനകൾ രംഗത്തെത്തിയിരുന്നു. ബുദ്ധിജീവിയും പണ്ഡിതനുമായ നോം ചോംസ്കി അടക്കം ഉമറിന്റെ വിഷയം പൊതുവേദികളിൽ ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യത്തെ തകർക്കാനും ഹിന്ദുത്വ വംശീയത അടിച്ചേൽപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഉമറിന്റെ അറസ്റ്റ് എന്നായിരുന്നു നോം ചോംസ്‌കി അഭിപ്രായപ്പെട്ടത്.

ഡൽഹി കലാപകേസിലെ പോലീസിന്റെ വാദങ്ങളിൽ പലതും വ്യാജമാണെന്നും കെട്ടിച്ചമച്ചതാണെന്ന് കോടതികൾ തന്നെ കണ്ടെത്തിയിരുന്നു. പോലീസ് ഹാജരാക്കിയ പ്രോസിക്യൂഷൻ സാക്ഷികൾ പോലും കോടതികളിൽ വെള്ളംകുടിക്കുന്ന കാഴ്ചകൾ രാജ്യം കണ്ടതാണ്. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ തന്നെയാണ് കോടതികൾ ഉമറിന്റെ ജാമ്യാപേക്ഷകൾ നിരസിച്ചുകൊണ്ടേയിരുന്നത്. ജയിൽ നിയമവും ജാമ്യം അപവാദവുമായി മാറിയിരിക്കുന്ന സത്യാനന്തര ലോകത്ത് പുതിയ കാലത്തിന്റെ പ്രതിനിധിയായി തടവറയിൽ പുസ്തക വായനയിലും പഠനങ്ങളിലും മുഴുകി അതിജീവനം നടത്തുകയാണ് ഉമർ ഖാലിദ്.

ഉമര്‍ ഖാലിദ് - അനീതിയുടെ ഇരുട്ടില്‍ മൂന്ന് വര്‍ഷം
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി

മൂന്നുവർഷം തികയുമ്പോഴേക്കുമുള്ള ഏക ആശ്വാസം ഉമറിന്റെ ജാമ്യഹർജി പരിഗണിക്കാന്‍ സുപ്രീംകോടതി തയാറായി എന്നത് മാത്രമാണ്. നാലാഴ്ചകൾക്കപ്പുറം ഉമറിന്റെ വാദം സുപ്രീംകോടതി കേൾക്കും. നീതിയുടെ പ്രകാശഗോപുരത്തിൽ നിന്നുള്ള വെള്ളിവെളിച്ചം ഉമറിന്റെ മേൽ പതിക്കുന്ന ദിനം, കാത്തിരിക്കുകയാണ് രാജ്യത്തെ ജനാധിപത്യ സമൂഹം.

logo
The Fourth
www.thefourthnews.in