INDIA

മൂന്നാം ഊഴത്തിലെ ആദ്യ 100 ദിന കർമപദ്ധതി, അഭിപ്രായം തേടി കേന്ദ്രമന്ത്രിസഭയുടെ അവസാന യോഗം; വീണ്ടും കാണാമെന്ന് മോദി

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് അവസാന മന്ത്രി സഭായോഗം ചേര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. എൻഡിഎ മൂന്നാം തവണയും അധികാരത്തിലേറുമെന്ന പ്രതീക്ഷയിൽ, പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മപദ്ധതികളും ഇന്നലത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നീണ്ട യോഗത്തില്‍ 'വികസിത ഭാരതം 2047' പദ്ധതിയുടെ ദർശനരേഖയും അഞ്ച് വര്‍ഷത്തേക്കുള്ള കര്‍മപദ്ധതികളും സെക്രട്ടറിമാര്‍ അവതരിപ്പിച്ചു.

വികസിത ഭാരതത്തെക്കുറിച്ചുള്ള മോദിയുടെ വീക്ഷണങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ദാരിദ്ര്യം പൂർണമായും നിർമാർജനം ചെയ്യുക, എല്ലാ യുവാക്കള്‍ക്കും പരിശീലനം നല്‍കുക, ക്ഷേമപദ്ധതികള്‍ 100 ശതമാനം പൂര്‍ണതയിലെത്തിക്കുക തുടങ്ങിയ കാര്യങ്ങളും 'വികസിത ഭാരതത്തില്‍' ഉള്‍പ്പെടുന്നു.

സര്‍ക്കാര്‍ പദ്ധതികളിലെ ജോലികള്‍ തുടരാനും ദേശീയ നേതൃത്വം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വ്യാപൃതരാകുന്ന തിരഞ്ഞെടുപ്പ് കാലത്തെ അവധിക്കാലമായി കണക്കാക്കരുതെന്നും ഉദ്യോഗസ്ഥരോട് മോദി പറഞ്ഞു. തിരഞ്ഞെടുപ്പിനുശേഷം തിരിച്ചുവരുമ്പോള്‍ പുതിയ ഉണര്‍വോടെയും ഉന്മേഷത്തോടെയും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

''രണ്ട് വര്‍ഷത്തിലേറെയുള്ള തയ്യാറെടുപ്പിന്റെ ഫലമാണ് വികസിത ഭാരതത്തിന്റെ രൂപരേഖ. എല്ലാ മന്ത്രാലയങ്ങളും ഉള്‍പ്പെടുന്ന സര്‍ക്കാര്‍ സമീപനം, സംസ്ഥാന സര്‍ക്കാര്‍, അക്കാദമിക്കുകള്‍, വ്യവസായ സ്ഥാപനങ്ങള്‍, പൗരസമൂഹം, ശാസ്ത്ര സംഘടനകള്‍ എന്നിവരുമായുള്ള വിപുലമായ കൂടിയാലോചനകളും ആശയങ്ങളും നിര്‍ദേശങ്ങളും തേടുന്നതിനായി യുവാക്കളെ അണിനിരത്തുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. 2700ലധികം യോഗങ്ങളും വര്‍ക്ക്‌ഷോപ്പുകളും സെമിനാറുകളും വിവിധതലത്തില്‍ നടത്തിയിട്ടുണ്ട്. 20 ലക്ഷത്തിലധികം യുവാക്കളുടെ നിര്‍ദേശങ്ങളും സ്വീകരിച്ചു'', വികസിത ഭാരതത്തിന്റെ രൂപരേഖയെക്കുറിച്ച് ഉന്നത വൃത്തങ്ങള്‍ പറയുന്നു.

സാമ്പത്തിക വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്‌ഡിജി), ജീവിത സൗകര്യം, വ്യവസായം നടത്താനുള്ള സൗകര്യം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹ്യക്ഷേമം എന്നിവയും വികസിത ഭാരതത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ ചില പദ്ധതികളുടെ ഉദ്ഘാടനങ്ങളും വരും ദിവസങ്ങളില്‍ മോദി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ ആറ് വരെ തെലങ്കാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്ന സംസ്ഥാനങ്ങള്‍ മോദി സന്ദര്‍ശിക്കും.

തെലങ്കാനയിലെ അലിദാബാദിലെ 56,000 കോടി രൂപയുടെ പദ്ധതികളുടെയും സങ്കറെഡ്ഡിയിലും 6800 കോടിയുടെ പദ്ധതികളുടെയും ഉദ്ഘാടനവും തറക്കല്ലിടലും മോദി നിര്‍വഹിക്കും. ഹൈദരാബാദിലെ സിവില്‍ ഏവിയേഷന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, ഒഡിഷയിലെ ഛന്‍ഡിഖോലിലെ 19,600 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.

'എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു'; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

ഹനുമാന്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, ആവേശത്തില്‍ എഎപി പ്രവര്‍ത്തകര്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍

ഒരു സൈക്കിളിക്കല്‍ പ്രക്രിയയാണ് ഫാസിസം, എങ്ങനെ അതിജീവിക്കുമെന്ന് ഓർക്കാറുണ്ട്: കനി കുസൃതി

എ ഐ നൈപുണ്യം പ്രധാന യോഗ്യതയാകുന്നു, സാങ്കേതിക ജ്ഞാനമില്ലാത്ത ജീവനക്കാരെ തൊഴിലുടമകൾ ആഗ്രഹിക്കുന്നില്ല; റിപ്പോർട്ട്