അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി; 'ഞാൻ മുസ്ലിമായതാണോ കാരണം?'  സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു

അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി; 'ഞാൻ മുസ്ലിമായതാണോ കാരണം?' സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു

ഖജുരി ഖാസിലെ രണ്ട് മുറികളുണ്ടായിരുന്ന ഒറ്റനില വീട് കഴിഞ്ഞ ബുധനാഴ്ചയാണ് അധികാരികള്‍ പൊളിച്ചുമാറ്റുന്നത്
Published on

''എന്റെ പേര് വക്കീല്‍ ഹസന്‍, ഞാനൊരു മുസ്ലിമാണ്. എന്റെ വീട് പൊളിക്കാന്‍ അവര്‍ക്ക് എളുപ്പമായിരുന്നു...'' ഏതാനും മാസങ്ങള്‍ക്കു മുമ്പ് രാജ്യം 'ഹീറോ' എന്നു വിളിച്ച് ആദരിച്ച മനുഷ്യന്‍ വിതുമ്പലോടെ പറയുന്നു...

രാജ്യം ഒന്നടങ്കം ശ്വാസംവിടാതെ നോക്കി നിന്ന അപകടമായിരുന്നു സില്‍ക്യാര ടണലില്‍ 41 തൊഴിലാളികള്‍ കുടുങ്ങിയത്. ആധുനിക യന്ത്രങ്ങളുപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം പരാജയമായിടത്താണ് 12 പേരടങ്ങുന്ന 'റാറ്റ് ഹോള്‍' ഖനന തൊഴിലാളികളെത്തുന്നത്. പതിനേഴ് ദിവസത്തെ അനിശ്ചിതത്വത്തിനൊടുവില്‍ ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചപ്പോള്‍ രാജ്യം ഒന്നടങ്കം ഇവരെ ഹീറോയെന്ന് വിളിച്ചു. അവരിലൊരാളാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം അഭിനന്ദിച്ച വക്കീല്‍ ഹസന്‍.

എന്നാല്‍ സമ്പാദ്യങ്ങളെല്ലാം കൂട്ടിവെച്ച് പണിത വീടിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിസ്സഹായതയോടെ നോക്കിനില്‍ക്കുകയാണ് ഹസനിപ്പോള്‍. തന്റെ വീട് നിലനിന്നിരുന്ന സ്ഥലത്തേക്ക് എത്താന്‍ ഇപ്പോള്‍ മണ്‍കൂനകളും കെട്ടിടാവശിഷ്ടങ്ങളും അയല്‍വാസിയുടെ 1.8 മീറ്റര്‍ ഉയരമുള്ള മതിലുകള്‍ ചാടികടന്ന് പോകേണ്ട സ്ഥിതിയാണ് ഹസന്. വീടുണ്ടായിരുന്ന സ്ഥലത്ത് പോലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെ ബുള്‍ഡോസര്‍ ആക്രമണത്തിന്റെ മറ്റൊരു ഇര.

അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഹസൻ
അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഹസൻ

ഖജുരി ഖാസിലെ രണ്ട് മുറികളുണ്ടായിരുന്ന ഒറ്റനില വീട് കഴിഞ്ഞ ബുധനാഴ്ചയാണ് അധികാരികള്‍ പൊളിച്ചുമാറ്റുന്നത്. മൂന്ന് മാസം മുമ്പ് ആ വീട്ടില്‍ അഭിനന്ദന പ്രവാഹവും ടിവി ചാനലുകളുടെ ഇന്റര്‍വ്യൂകളുടെ ബഹളവുമായിരുന്നെങ്കില്‍ ഇന്നവിടം കല്ലുകളുടെ അവശിഷ്ടങ്ങള്‍ മാത്രമാണ്. വെറും മൂന്ന് മൂന്നുമാസത്തിനുള്ളിലാണ് അയാളുടെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞത്.

രാവിലെ 9.30നായിരുന്നു പോലീസ് വക്കീല്‍ ഹസന്റെ വീട്ടിലെത്തുന്നത്. താനും തന്റെ സഹോദരനായ അസീമും പോലീസ് വീടിനകത്ത് പ്രവേശിക്കാതിരിക്കാന്‍ വാതിലിന് മുന്നില്‍ കാവല്‍നിന്നെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വീട് പൊളിക്കുകയായിരുന്നുവെന്നും മകള്‍ അലീസ വാര്‍ത്താ ഏജന്‍സിയായ അല്‍ജസീറയോട് പറയുന്നുണ്ട്. തൊട്ടടുത്ത നിമിഷം വനിതകളുള്‍പ്പെടെയുള്ള ആറോളം പോലീസ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് ഇടിച്ചുകയറുകയും തങ്ങളെ കയ്യേറ്റം ചെയ്യുകയും ചെയ്തു.

അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി; 'ഞാൻ മുസ്ലിമായതാണോ കാരണം?'  സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു
പതിനേഴാം രാവില്‍ ആശ്വാസ ചിരി; മരണത്തെ തോല്‍പ്പിച്ച് 41പേര്‍

''വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നെ മര്‍ദിച്ചു. അസീമിനെ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങളെ വീട്ടില്‍നിന്ന് പിടിച്ചിറക്കി പോലീസ് കാറിലേക്ക് തള്ളിക്കയറ്റി,'' അലീസ പറയുന്നു.

ഹസന്‍ തിരിച്ചു വരുന്ന സമയത്ത് ഡല്‍ഹി ഡെവലപ്‌മെന്റ് അതോറിറ്റി (ഡിഡിഎ) തന്റെ വീട് വലിയ ഹാമ്മറുകള്‍ ഉപയോഗിച്ച് തകര്‍ക്കുന്നതാണ് കാണുന്നത്. ഡല്‍ഹിയിലെ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ചുമതലയുള്ള കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനമാണിത്.

ഹസന് എന്തെങ്കിലും പറയാനുള്ള സാവകാശം ലഭിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ മുന്നില്‍ സ്വന്തം വീട് തകരുകയായിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതിനാലാണ് ഹസന്റെ വീട് തകര്‍ത്തതെന്നാണ് ഡിഡിഎ അവകാശപ്പെടുന്നത്. ഹസന്റെ കുടുംബത്തോട് ഇക്കാര്യം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും ഒഴിഞ്ഞു പോകാനുള്ള ആവശ്യത്തിനുള്ള സമയം നല്‍കിയതാണെന്നും ഡിഡിഎ വിശദീകരിക്കുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള ഒരു അറിയിപ്പും ഹസന് ലഭിച്ചിരുന്നില്ല. മാത്രവുമല്ല, തന്റെ വീടാണിതെന്ന് തെളിയിക്കാനുള്ള സര്‍ക്കാര്‍ നല്‍കിയ വൈദ്യുതി ബില്ലുകളടക്കമുള്ള നിയമപരമായ തെളിവുകള്‍ അദ്ദേഹത്തിന്റെ കൈവശമുണ്ട്. നിയമപരമല്ലാത്ത സ്വത്തുക്കള്‍ പൊളിച്ചുകളയുന്ന ഭാഗമാണിതെന്ന് അവര്‍ പറയുമ്പോഴും തന്റെ വീട് മാത്രമേ പൊളിച്ചുള്ളുവെന്ന് ഹസന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

''ഉത്തരാഖണ്ഡില്‍ ഞാന്‍ ചെയ്ത രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് അവരോട് പറഞ്ഞു. അവരുടെ എല്ലാ യന്ത്രങ്ങളും തോറ്റ സ്ഥലത്താണ് ഞങ്ങള്‍ തൊഴിലാളികളെ പുറത്തെടുത്തത്. എന്റെ വീട് അവര്‍ പൊളിച്ചുകളയില്ലെന്നായിരുന്നു എന്റെ പ്രതീക്ഷ. എന്തുകൊണ്ടാണ് എന്നെ ലക്ഷ്യം വെച്ചതെന്ന് എനിക്ക് അറിയില്ല. ഞാനൊരു ന്യൂനപക്ഷ സസമുദായത്തില്‍ നിന്നുള്ളയാളായതാണോ കാരണം?,'' ഹസന്‍ ചോദിക്കുന്നു.

അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി; 'ഞാൻ മുസ്ലിമായതാണോ കാരണം?'  സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു
രാജ്യം കാത്തിരുന്ന സന്തോഷവാര്‍ത്ത; ടണലില്‍ കുടുങ്ങിയ 41 തൊഴിലാളികളെയും പുറത്തെത്തിച്ചു

ഡല്‍ഹിയില്‍ ഇത്തരത്തിലുള്ള പൊളിച്ചുമാറ്റലുകള്‍ പലപ്പോഴായി നടക്കുന്നുണ്ട്. കൈക്കൂലി നല്‍കി ഒതുക്കി തീര്‍ക്കുന്ന പതിവും അവിടെ നടക്കുന്നുണ്ട്. നേരത്തെ ഇത്തരത്തില്‍ കൈക്കൂലി നല്‍കിയാണ് ഹസന്‍ വീട് പൊളിച്ചുമാറ്റലിനെ തടഞ്ഞിരുന്നത്. 2016ല്‍ അധികാരികള്‍ ബുള്‍ഡോസറുമായി വരികയും അദ്ദേഹത്തിന്റെ വീടിന്റെ തന്റെ ഭാഗം പൊളിച്ചുകളയുകയും ചെയ്തതായി ഹസന്‍ പറയുന്നു. അന്ന് താനും തന്റെ അയല്‍വാസിയും ചേര്‍ന്ന് 8 ലക്ഷം രൂപയാണ് നല്‍കിയതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

താന്‍ കൈക്കൂലി നല്‍കിയ ഉദ്യോഗസ്ഥന്‍ മറ്റൊരു വകുപ്പിലേക്ക് മാറുകയും പുതുതായി വന്ന ഉദ്യോഗസ്ഥന്‍ വീണ്ടും കൈക്കൂലി ചോദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം നല്‍കിയില്ലെങ്കില്‍ വീട് പൊളിച്ചുമാറ്റുമെന്ന് ഡിഡിഎ ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും എന്നാല്‍ കൈക്കൂലി നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലായിരുന്നുവെന്നും ഹസന്‍ വ്യക്തമാക്കി. തന്റെ കയ്യില്‍ പണമടക്കാനുള്ള സാഹചര്യമില്ലാത്തതാണ് വീട് പൊളിക്കപ്പെടാന്‍ കാരണമെന്നാണ് ഹസന്‍ വിശ്വസിക്കുന്നത്.

ഹസൻ്റെ മകള്‍ അലീസ
ഹസൻ്റെ മകള്‍ അലീസ

ഹസന്റെ കുടുംബത്തെ മാത്രമല്ല, പോലീസ് ഉപദ്രവിച്ചത്. സംഭവം അറിഞ്ഞ് വന്ന അദ്ദേഹത്തിന്റെ സുഹൃത്ത് മുന്ന ഖുറേഷിയെയും ഹസന്റെ കൂടെ പോലീസ് തടവിലാക്കുകയും അവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെക്കുകയും ചെയ്തിരുന്നു. പോലീസ് സ്‌റ്റേഷനില്‍ വച്ച് പോലീസുകാര്‍ മുഖത്തടിക്കുകയും അസഭ്യം പറയുകുയും ചെയ്തതായി മുന്ന പറയുന്നു.

തനിക്ക് ലഭിച്ച അനുമോദന ട്രോഫികള്‍ എന്ത് ചെയ്യുമെന്നാണ് ഹസന്‍ ചോദിക്കുന്നത്. രാജ്യത്തിന് അഭിമാനമാകുന്നവരോട് ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും ഹസന്‍ ചോദിക്കുന്നുണ്ട്. തങ്ങളുടെ എല്ലാ സമ്പാദ്യങ്ങളും ചേര്‍ത്ത്, കടവും വാങ്ങിയാണ് വീട് പണിതതെന്നും എന്നാല്‍ അത് ഒറ്റ മിനുട്ടിനുള്ളില്‍ തകര്‍ത്തുകളയുകയായിരുന്നുവെന്നും ഹസന്റെ പങ്കാളിയായ ശോഭനയും പറയുന്നു. പ്രതീക്ഷയൊന്നുമില്ലെങ്കിലും തങ്ങളുടെ വീട് തിരികെ ലഭിക്കുന്നത് വരെ നിയമപരമായി പോരാടുമെന്നുള്ള ദൃഢനിശ്ചയത്തിലാണ് ഹസന്‍. റോഡിന്റെ ഓരത്ത് ബെഡും അതിനുമുകളില്‍ അയല്‍വാസികള്‍ നല്‍കിയ ഷെഡും കെട്ടിയാണ് ഇപ്പോള്‍ അവര്‍ താമസിക്കുന്നത്.

പൊളിച്ചുമാറ്റലുകള്‍ തുടർക്കഥയായ ഡല്‍ഹി

മൂന്ന് കോടി ജനങ്ങളുള്ള ന്യൂ ഡല്‍ഹിയില്‍ മതിയായ സര്‍ക്കാര്‍ രേഖകളില്ലാതെ താമസിക്കുന്ന നിരവധിപ്പേരാണുള്ളത്. കോടിക്കണക്കിന് ഡല്‍ഹിക്കാര്‍ തലമുറകളായി താമസിക്കുന്നത് അവിടെയാണ്. നഗരത്തിലെ താമസക്കാരില്‍ 12 ശതമാനവും മുസ്‌ലിങ്ങളാണ്. സര്‍ക്കാര്‍ നിരന്തരം ഇവരെ ലക്ഷ്യം വെക്കുന്നുമുണ്ട്. ഖജുരി ഖാസിലെ പ്രദേശങ്ങളും ഇത്തരത്തില്‍ ക്രമരഹിതമായാണുള്ളത്. ചില താമസക്കാരുടെ കൈവശം വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട രേഖകളുണ്ടാകുമെങ്കിലും ഈ ക്രമരഹിതമായ സംവിധാനം ഉപയോഗിച്ച് സര്‍ക്കാര്‍ താമസക്കാരെ ഭീഷണിപ്പെടുത്തും. വോട്ടിന് വേണ്ടി വീടുകള്‍ പൊളിച്ചുകളയില്ലെന്ന് സര്‍ക്കാര്‍ പറയുകയും അതിന് ശേഷം അത് പൊളിച്ചുകളയുന്ന പ്രവണതയും നിലനില്‍ക്കുന്നു.

ഡല്‍ഹിയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും പൊളിച്ചുകളയലിന്റെ ഭീഷണിയിലാണെന്നും സര്‍ക്കാര്‍ ആഗ്രഹമുള്ളപ്പോഴെല്ലാം പൊളിച്ച് കളയല്‍ നേരിടുന്നവരുമാണെന്നും തൊഴില്‍ അവകാശ പ്രവര്‍ത്തകയായ സുചേത ദേ പറയുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഉത്തരവാദിത്തപരമായ സമീപനമില്ലെന്നും ഡല്‍ഹിയിലെ യാഥാര്‍ത്ഥ്യം ഇതാണെന്നും അവര്‍ വ്യക്തമാക്കുന്നു.

അനുമോദിച്ചവർ തന്നെ കിടപ്പാടം ഇല്ലാതാക്കി; 'ഞാൻ മുസ്ലിമായതാണോ കാരണം?'  സില്‍ക്യാര ടണല്‍ ദൗത്യത്തിലെ ഹീറോ ചോദിക്കുന്നു
ടണല്‍ ദൗത്യം പ്രതിസന്ധിയില്‍; കുത്തനെ തുരക്കാന്‍ ശ്രമം, രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയെന്ത്?

അധികാരികളെ സഹായത്തിനായി വിളിച്ചപ്പോഴും ഹസന് അനൂകൂല മറുപടികള്‍ ലഭിച്ചിരുന്നില്ല. മൂന്ന് മാസം മുമ്പ് ഏതാനും ഹിന്ദു അയല്‍വാസികളുടെ വീട് പൊളിക്കാനും ഡിഡിഎ എത്തിയിരുന്നു. എന്നാല്‍ പ്രദേശിക ഭരണാധികാരിയായ ബിജെപിയുടെ മോഹന്‍ സിങ് ബിഷ്ത് ഇടപെട്ട് ഇത് നിര്‍ത്തിക്കുകയായിരുന്നു. ഹസന്റെ വീട് പൊളിക്കുന്ന സമയത്ത് അദ്ദേഹത്തെ വിളിച്ചപ്പോള്‍ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്ന മറുപടിയാണ് നല്‍കിയത്.

തന്റെ മണ്ഡലത്തിലെ എംപിയായ മനോജ് തിവാരിയെയും ഫോണിലൂടെ ഹസന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു, എന്നാല്‍ മനോജ് തിവാരി ഫോണെടുത്തില്ലെന്നും പൊളിച്ച് ഒരു ദിവസം കഴിഞ്ഞിട്ട് പോലും തിരിച്ച് വിളിച്ചില്ലെന്നും ഹസന്‍ പറയുന്നു. ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നണ് തിവാരി അല്‍ജസീറയോട് പറഞ്ഞത്. നിയമപരമായി അദ്ദേഹത്തിന് മികച്ചൊരു വീട് പണിത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നത് കൂടിവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെയുള്ള ഗൂഡാലോചനയാണിതെന്ന തരത്തിലുള്ള മറുപടിയാണ് തിവാരി നല്‍കിയത്.

അതേസമയം സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് ആരോപിച്ച് 600 വര്‍ഷം പഴക്കമുള്ള മുസ്‌ലിം പള്ളി കഴിഞ്ഞ മാസം ന്യൂ ഡല്‍ഹിയില്‍ പൊളിച്ചുകളഞ്ഞിരുന്നു. അതേ ആഴ്ച തന്നെ പള്ളിയും സമീപമുള്ള മദ്രസയും പൊളിച്ചതില്‍ പ്രതിഷേധിച്ച് ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ പോലീസ് നടപടിയില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2022 ഏപ്രിലിനും ജൂണിനുമിടയില്‍ കുറഞ്ഞത് 128 മുസ്ലിം നാമധാരികളുടെ സ്വത്തുക്കളെങ്കിലും ഡല്‍ഹി അധികൃതര്‍ പൊളിച്ചു കളഞ്ഞിട്ടുണ്ടെന്നും 617 പേരെങ്കിലും ഭവനരഹിതരോ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടവരോ ആയിട്ടുണ്ടെന്നും കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച രണ്ട് റിപ്പോര്‍ട്ടുകളില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in