INDIA

മൂന്ന് മണിക്കൂറിനുള്ളിൽ 62,350 ഇടിമിന്നൽ : ഒഡിഷയിൽ 12 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വെബ് ഡെസ്ക്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കൂറിനുള്ളിൽ ഒഡിഷയിലുണ്ടായത് 62,350 ഇടിമിന്നൽ. ആറ് ജില്ലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഇടിമിന്നലിൽ 12 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഒഡിഷയിൽ കനത്ത മഴയും മിന്നലാക്രമണങ്ങളും തുടരുകയാണ്. ഞായറാഴ്ച, ഉച്ചകഴിഞ്ഞ് 3.15 വരെ സംസ്ഥാനത്ത് 3,240 മിന്നലാക്രമണങ്ങൾ രേഖപ്പെടുത്തിയെങ്കിലും ആളപായമുണ്ടായില്ല. അടുത്ത നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴയും മിന്നലും തുടരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ഖുര്‍ദ, ബോലൻഗിർ, അന്‍ഗുല്‍, ബൗധ്‌, ജഗത്‌സിങ്പുര്‍, ഢേംകാനാല്‍ എന്നീ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഖുർദ ജില്ലയിൽ നാലുപേരും ബൊലാൻഗീറിൽ രണ്ടുപേരും , അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനാൽ എന്നിവിടങ്ങളിൽ ഓരോരുത്തരും മറ്റ് രണ്ട് പേരും ഇടിമിന്നലേറ്റ് മരിച്ചതായി പ്രത്യേക ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഖുർദയിൽ മൂന്ന് പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഭുവനേശ്വർ, കട്ടക്ക് എന്നിവയുൾപ്പെടെ ഒഡീഷയുടെ തീരപ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയുണ്ടായതായും അധികൃതർ അറിയിച്ചു. 90 മിനിറ്റിൽ ഭുവനേശ്വറിലും കട്ടക്കിലും യഥാക്രമം 126 മില്ലീമീറ്ററും 95.8 മില്ലീമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ 11 വർഷത്തിനിടെ 3,790 പേരാണ് ഒഡീഷയിൽ ഇടിമിന്നലേറ്റ് മരിച്ചത്. ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ഇടിമിന്നൽ തീവ്രത വർധിപ്പിച്ചിരിക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ ചൂണ്ടിക്കാട്ടുന്നു. "അന്തരീക്ഷത്തിന്റെ മുകൾ ഭാഗത്ത് ഈർപ്പം വർദ്ധിക്കുമ്പോൾ, മിന്നലാക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നു," ഭുവനേശ്വർ കാലാവസ്ഥാ ഓഫീസിലെ ശാസ്ത്രജ്ഞനായ ഉമാശങ്കർ ദാസ് ദേശീയ മാധ്യമമായ ടെലിഗ്രാഫിനോട് പറഞ്ഞു.

“ശനിയാഴ്‌ച വൈകുന്നേരം 5.30 വരെ ക്ലൗഡ് ടു ക്ലൗഡ് മിന്നൽ 36,597 ആയിരുന്നപ്പോൾ ക്ലൗഡ് ടു ഗ്രൗണ്ട് സ്‌ട്രൈക്കുകൾ 25,753 ആയി രേഖപ്പെടുത്തി.” ഒഡീഷ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (OSDMA) പറഞ്ഞു. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മാനേജ്‌മെന്റിന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കണക്കുകൾ പുറത്തുവിട്ടതെന്ന് ഒഎസ്‌ഡിഎംഎ എംഡി ഗ്യാന രഞ്ജൻ ദാസ് പറഞ്ഞു.

കഴിഞ്ഞ മെയിൽ നയഗാർഹ് ജില്ലയിലുണ്ടായ ഇടിമിന്നലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. ശരണകുള പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് ഇടിമിന്നൽ ഉണ്ടായത്.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും