INDIA

സ്മാർട്ട്ഫോണ്‍ വിപണി കുത്തകയാക്കുന്നു, ആൻ്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചു; ആപ്പിളിനെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ്

വെബ് ഡെസ്ക്

ടെക് ഭീമനായ ആപ്പിളിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി യുഎസ്എ. സ്മാർട്ഫോൺ വിപണി കുത്തകയാക്കുന്നു, ഐ ഫോണിന്റെ ഹാർഡ്‌വെയർ- സോഫ്റ്റ്‌വെയർ സവിശേഷതകള്‍ ഉപയോഗിക്കുന്നതിൽ നിന്നും എതിരാളികളെ തടഞ്ഞ് ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് യുഎസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. ഡിജിറ്റൽ രംഗത്തെ വിപണി തങ്ങളുടെ കുത്തകയായി തുടർന്നുകൊണ്ട് പോകുകയാണെന്നും മറ്റുള്ള കമ്പനികളെ ഈ നടപടി തകർക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. ആപ്പിളിനെതിരെ അമേരിക്കയിലെ നീതിന്യായ വകുപ്പ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ്- ഡിഒജെ) ആണ് കേസെടുക്കാന്‍ ഒരുങ്ങുന്നത്.

ഉപയോക്താക്കളെയും ഡെവലപ്പർമാരെയും തടയുന്നതിനായി ഐ ഫോൺ ആപ്പ് സ്റ്റോറിൻ്റെ നിയന്ത്രണം കമ്പനി ദുരുപയോഗം ചെയ്തതായും ആപ്പിളിനെതിരായ നിയമനടപടിയിൽ നീതിന്യായ വകുപ്പ് ആരോപിക്കുന്നുണ്ട്. ഒപ്പം, എതിരാളികളായി കാണുന്ന ആപ്പുകളെ തടയാനും ഒപ്പത്തിനൊപ്പം നിൽക്കുന്നവയെ തകർക്കാനായി നിരന്തരം നിയമവിരുദ്ധമായ നടപടികൾ ആപ്പിൾ കൈക്കൊള്ളുന്നതായും ആരോപണമുണ്ട്.

അതേസമയം, നീതിന്യായ വകുപ്പിന്റെ നിയമനടപടിയെ ശക്തമായി തന്നെ നേരിടുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി സമീപ കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുള്ള നിയമ നടപടികളിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകളുമായി ചേർന്ന് ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഈ പരാതി. 88 പേജുള്ള പരാതിയിൽ അഞ്ച് മേഖലകളിലാണ് ആപ്പിൾ അധികാര ദുർവിനിയോഗം നടത്തിയതായി ആരോപിക്കുന്നത്. സൂപ്പർ ആപ്പുകളുടെയും സ്ട്രീമിങ് ആപ്പുകളുടെയും വളർച്ച തടയാൻ ആപ്പിൾ അതിൻ്റെ ആപ്പ് അവലോകന പ്രക്രിയ ഉപയോഗിച്ചുവെന്നും ആരോപണമുണ്ട്. സമാനമായ, മറ്റ് സ്മാർട്ട് വാച്ചുകളിലേക്ക് ഐഫോണിൽ നിന്ന് ബന്ധിപ്പിക്കുന്നത് തടഞ്ഞ് ബാങ്കുകളെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളെയും അവരുടെ ടാപ്പ്-ടു-പേ സാങ്കേതികവിദ്യ ആക്‌സസ് ചെയ്യുന്നതിൽ നിന്ന് വിലക്കി ആപ്പിൾ പേ ഇടപാടുകളിലൂടെ കമ്പനി വൻ ലാഭം കൊയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ആപ്പിളിന്റെ ഓഹരികള്‍ കുത്തനെ ഇടിയുകയാണ്. ആപ്പിള്‍ സ്റ്റോക്ക് വില റിപ്പോര്‍ട്ട് പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഏകദേശം 2 ശതമാനം കുറഞ്ഞ് 176.37 ഡോളറിലാണ് ഇന്നലെ എത്തി നിന്നത്. ആല്‍ഫബെറ്റ് ഇന്‍കോര്‍പ്പറേറ്റിന്റെ ഗൂഗിളിനെതിരെ കുത്തകവല്‍ക്കരണത്തിനായി ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഇതിനകം തന്നെ കേസെടുക്കുകയും ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ ഫെയ്സ്ബുക്ക് മാതൃസ്ഥാപനമായ മെറ്റയ്ക്കും ആമസോണ്‍ ഡോട്ട് കോം ഇന്‍കോര്‍പ്പറിനുമെതിരെയും വിശ്വാസവിരുദ്ധ നടപടികളില്‍ കേസെടുക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആപ്പിളിനെതിരെ കേസെടുത്ത റിപ്പോർട്ട് പുറത്തു വരുന്നത്.

കോര്‍പ്പറേറ്റ് ആധിപത്യം പരിമിതപ്പെടുത്തുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചിരുന്നു. നീതിന്യായ വകുപ്പിൻ്റെ കണക്കനുസരിച്ച്, അമേരിക്കൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിൻ്റെ വിഹിതം 70 ശതമാനത്തിലധികമാണ്. അതേസമയം, ആഗോള തലത്തിൽ 65 ശതമാനമാണ് സ്മാർട്ട്‌ഫോൺ വിപണിയിലെ വിഹിതം.

സന്ദേശ്ഖാലിയിൽ വീണ്ടും സംഘർഷം; കൊമ്പുകോര്‍ത്ത് ബിജെപി-തൃണമൂല്‍ പ്രവര്‍ത്തകര്‍

ഗുജറാത്ത് ബിജെപിയില്‍ 'തോല്‍ക്കുന്ന' അമിത് ഷാ!

പാടുപെടുത്തി പാട്ടീദാര്‍; ക്യാപിറ്റല്‍സിന് ജയിക്കാന്‍ 188 റണ്‍സ് ലക്ഷ്യം

10 നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ മീ ടു? പൊട്ടിത്തറികള്‍ക്ക് വേദിയാകുമോ കാന്‍ ഫെസ്റ്റിവെൽ?

സ്ത്രീവിരുദ്ധ പരാമര്‍ശം: ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പരാതി നല്‍കി ഡിവൈഎഫ്‌ഐയും മഹിളാ അസോസിയേഷനും