INDIA

ഡൽഹിക്ക് വീണ്ടും ആശങ്കയായി യമുനയിൽ ജലനിരപ്പുയരുന്നു; ഇന്ന് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പ്

വെബ് ഡെസ്ക്

ഒരാഴ്ചയിലേറെയായി ഡൽഹിയുടെ ചില ഭാഗങ്ങൾ വെള്ളപ്പൊക്കം കൊണ്ട് പൊറുതിമുട്ടുന്നതിനിടെ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്ക് മുകളില്‍. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അതീവ ജാ​ഗ്രത നിർദേശം നൽകിയിരിക്കുകയാണ് സർക്കാർ. ഇന്ന് മഴ കൂടുതൽ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്നലെ രാത്രി ഒൻപതോടെ യമുനയിലെ ജലനിരപ്പ് 206.42 മീറ്ററായി ഉയർന്നു. ഡൽഹി പഴയ റെയിൽവേ പാലത്തിന് മുകൾ തട്ടുവരെ വെളളമെത്തി. ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും ചില ഭാഗങ്ങളിൽ ഉണ്ടായ കനത്ത മഴയെത്തുടർന്ന് ഹത്നികുണ്ഡ് ബാരേജിൽനിന്ന് നീരൊഴുക്ക് കൂടിയതാണ് നദിയിലെ ജലനിരപ്പ് ഉയരാൻ കാരണം.

ശനിയാഴ്ച രാത്രി 10 വരെ യമുനയിലെ ഏറ്റവും ഉയർന്ന നില 205.02 മീറ്ററായിരുന്നു. ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് രണ്ട് ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിന് പിന്നാലെയാണ് ജലനിരപ്പ് ഉയർന്നത്. ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് തുറന്നുവിട്ട അധികജലം ഏകദേശം 36 മണിക്കൂറിനുശേഷമാണ് ഡൽഹിയിലെത്തിയത്.

ഇന്നലെ രാവിലെ ഒൻപതിന് ജലനിരപ്പ് 205.96 മീറ്ററായി ഉയർന്നതായി കേന്ദ്ര ജല കമ്മിഷൻ അറിയിച്ചിരുന്നു. 206.7 മീറ്റർ ഉയരത്തിൽ നദി കരകവിഞ്ഞൊഴുകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മിഷൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം രാത്രിയോടെ 206.42 മീറ്ററിൽ ജലനിരപ്പ് എത്തിയത്.

ഹത്‌നികുണ്ഡ് ബാരേജിൽനിന്ന് അധിക ജലം യമുനയിലേക്ക് ഒഴുക്കി വിട്ടതോടെ ‍ഡൽഹി സർക്കാർ അതീവ ജാ​ഗ്രതയിലാണെന്ന് റവന്യൂ മന്ത്രി അതിഷി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജലനിരപ്പ് 206.7 മീറ്ററായി ഉയർന്നാൽ യമുനയുടെ അടുത്തുളള താഴ്ന്ന പ്രദേശങ്ങളായ യമുന ബസാർ, യമുന ഖാദർ അടക്കമുളളവ വെള്ളത്തിനടിയിലാകുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.

രണ്ടു ദിവസമായി യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാൽ ഡൽഹിയിലെ വെള്ളപ്പൊക്ക ബാധിത താഴ്ന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും ഉയർന്ന വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ നാലോ അഞ്ചോ ദിവസമായി ജലനിരപ്പിൽ നേരിയ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ട്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഉത്തർപ്രദേശിലെ നോയിഡയിൽ ഹിൻഡൻ നദിയിലെ ജലനിരപ്പ് 200 മീറ്ററിലേക്ക് ഉയർന്നു. ഇതേത്തുടർന്ന് നോയിഡയിലും വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടത്തെ അഞ്ചു ​ഗ്രാമങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലായിരിക്കുകയാണ്. ഇവിടെ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ഒഴിപ്പിച്ച് ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി.

അതേസമയം, യുപിയിലെ ഗാസിയാബാദിലെ ഹിൻഡോൺ തീരത്ത് സ്ഥിതി ചെയ്യുന്ന കർഹേര ഗ്രാമത്തിൽനിന്ന് അൻപതിലധികം പേരെ ദേശീയ ദുരന്തപ്രതികരണ സേന രക്ഷപ്പെടുത്തി. എട്ടടിയിലധികം വെള്ളം കെട്ടിക്കിടക്കുന്ന ഗ്രാമത്തിലെ താമസക്കാരെ മാറ്റാൻ ദേശീയ ദുരന്തപ്രതികരണ സേനയും (എൻഡിആർഎഫ്) സാഹിബാബാദ് പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. ഒരാഴ്ചയിലേറെയായി തുടരുന്ന വെളളപ്പൊക്കത്തിൽ 27,000-ത്തിലധികം ആളുകളെയാണ് ഇതുവരെ മാറ്റിമാർപ്പിച്ചത്.

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ