INDIA

മണിപ്പൂർ സംഘർഷം: ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്, ആശങ്ക അറിയിച്ച് സിബിസിഐ

വെബ് ഡെസ്ക്

മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട്. മൃതദേഹങ്ങൾ ചുരാചന്ദ്പൂർ ജില്ലാ ആശുപത്രിയിലും ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലും സൂക്ഷിച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ് ജില്ലയിൽ 23 പേർ മരിച്ചതായി ലാംഫെലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥിരീകരിച്ചു.

അതേസമയം, മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കാത്തലിക് ബിഷപ്പ് കൗൺസിൽ ആവശ്യപ്പെട്ടു. മൂന്ന് പള്ളികൾക്കും നിരവധി വീടുകൾക്കും തീവച്ചു. പോലീസ് ഇടപെട്ടതും വൈകി. നിരവധി ആളുകൾ പലായനം ചെയ്തു. സാഹചര്യം ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണെന്നും സിബിസിഐ പറഞ്ഞു.

വ്യാപാരസ്ഥാപനങ്ങളും മറ്റും പലയിടത്തും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഗതാഗതവും പുഃനസ്ഥാപിച്ചിട്ടുണ്ട്. പട്ടാളം, ദ്രുതകർമസേന, കേന്ദ്ര പോലീസ് സേന എന്നിവരുടെ നേതൃത്വത്തില്‍ എല്ലായിടത്തും സുരക്ഷ ശക്തമാണ്. ചുരാചന്ദ്പൂരില്‍ സുരക്ഷാസേന നടത്തിയ ഒഴിപ്പിക്കലിനിടെ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടെന്ന് രാവിലെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. മെയ്റ്റി വിഭാഗത്തെ ഒഴിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൊല്ലപ്പെട്ടവരെല്ലാം മെയ്റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്.

ചുരാചന്ദ്പൂർ, മോറെ, കാക്‌ചിങ്, കാങ്‌പോക്‌പി ജില്ലകൾ നിലവിൽ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 13,000 പേരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായും പ്രതിരോധ വക്താവ് വ്യക്തമാക്കി. വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് സുരക്ഷാസേന ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്.

"കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ ഇംഫാലിന്റെ കിഴക്കൻ പടിഞ്ഞാറൻ മേഖലകളിൽ തീവയ്‌പ് സംഭവങ്ങളും ഉപരോധവും ശക്തമാക്കാനുള്ള ശ്രമം നടന്നിരുന്നെങ്കിലും കൃത്യമായ പ്രതികരണത്തിലൂടെ സ്ഥിതി നിയന്ത്രിക്കാൻ സാധിച്ചു," പ്രതിരോധ വക്താവ് പറഞ്ഞു. അതേസമയം സംഭവങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മണിപ്പൂരില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ വീഴ്ചയുണ്ടായയെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

ഗോത്രമേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. കൂടിയാലോചനയ്ക്കുശേഷം തയ്യാറാക്കിയ ബില്‍ അവതരിപ്പിക്കാതെ പുതിയ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. 

ഇസ്രയേലില്‍ അല്‍ ജസീറ അടച്ചുപൂട്ടും; സംപ്രേഷണം നിലച്ചു

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു

'അഞ്ചാം ക്ലാസിൽ കൈയിൽ കിട്ടിയ അടി ഇപ്പോഴും വേട്ടയാടുന്നു'; കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ച് ചീഫ് ജസ്റ്റിസ്

ഓള്‍റൗണ്ട് പ്രകടനവുമായി ജഡേജ; പഞ്ചാബിനെ തകര്‍ത്ത് സൂപ്പര്‍ കിങ്‌സ് ടോപ് ഫോറില്‍

ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും