സംഘര്‍ഷമൊഴിയാതെ മണിപ്പൂർ; മെയ്റ്റികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അക്രമം, വെടിവയ്പിൽ നാല് മരണം

സംഘര്‍ഷമൊഴിയാതെ മണിപ്പൂർ; മെയ്റ്റികളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ അക്രമം, വെടിവയ്പിൽ നാല് മരണം

ഇംഫാലില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനെ പ്രതിഷേധക്കാര്‍ മര്‍ദിച്ച് കൊന്നു

മണിപ്പൂരിലെ ചുരാചന്ദ്പൂരില്‍ സുരക്ഷാസേന നടത്തിയ ഒഴിപ്പിക്കലിനിടെ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. മെയ്റ്റി വിഭാഗത്തെ ഒഴിപ്പിക്കാനുള്ള നീക്കത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കൊല്ലപ്പെട്ടവരെല്ലാം മെയ്റ്റി വിഭാഗത്തില്‍പ്പെട്ടവരാണ്.

മേഖലയിലെ സാഹചര്യം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടെ സംഘര്‍ഷ സാഹചര്യം രൂപപ്പെട്ടതോടെ വെടിവയ്ക്കേണ്ടി വന്നെന്നാണ് സുരക്ഷാ സേനയുടെ വിശദീകരണം. വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സുരക്ഷാസേന ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. ഇതോടെ സ്ത്രീകളേയും കുട്ടികളേയും മുന്നില്‍ നിര്‍ത്തി മെയ്റ്റികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ ബാരിക്കേഡുകള്‍ മറച്ചിടാന്‍ ശ്രമിച്ചതോടെ സുരക്ഷാസേന വെടിവയ്ക്കുകയായിരുന്നു.

ക്രമസമാധാനപാലനം ലക്ഷ്യമിട്ട് ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമെന്ന് സൈന്യം വ്യക്തമാക്കി. സുരക്ഷാസേനയുടെ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് ആദിവാസി വിഭാഗമായ കുകികളടക്കമുള്ളവര്‍ കടന്നുകയറാന്‍ ശ്രമിച്ചതായി മെയ്റ്റികള്‍ ആക്ഷേപിച്ചു.

അതിനിടെ തലസ്ഥാനമായ ഇംഫാലില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായ ലെമിന്താങ് ഹ്വാകിപ് കൊല്ലപ്പെട്ടു. ക്വാര്‍ട്ടേഴ്സില്‍ നിന്ന് വിളിച്ചിറക്കിയ ശേഷം ഉദ്യോഗസ്ഥനെ മെയ്റ്റി വിഭാഗക്കാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരാചാന്ദ്പൂരിലെ നടപടികളോടുള്ള പ്രതിഷേധമായാണ് കൊലപാതകമുണ്ടായതെന്നാണ് സൂചന.

മണിപ്പൂരില്‍ ദിവസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ വീഴ്ചയുണ്ടായയെന്നാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്കിടെ വെള്ളിയാഴ്ച ബിജെപി എംഎല്‍എയും ആക്രമിക്കപ്പെട്ടിരുന്നു. വുങ്കാഗിന്‍ വാള്‍ട്ടയാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് മൂന്നിന് പൊട്ടിപുറപ്പെട്ട അക്രമ സാഹചര്യം നിയന്ത്രിക്കുന്നതിനായി സംസ്ഥാനത്ത് പതിനായിരത്തോളം സുരക്ഷാ സൈനികരെയാണ് നിയോഗിച്ചിട്ടുള്ളത്.

ഗോത്ര മേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങിയത്. കൂടിയാലോചനയ്ക്ക് ശേഷം തയ്യാറാക്കിയ ബില്‍ അവതരിപ്പിക്കാതെ പുതിയ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു. 

logo
The Fourth
www.thefourthnews.in