INDIA

ഗുസ്തി താരങ്ങൾക്ക് നേരെ ലൈംഗിക പീഡനവും വേട്ടയാടലുമുണ്ടായി; ബ്രിജ് ഭൂഷണെ ശിക്ഷിക്കണമെന്ന് കുറ്റപത്രത്തിൽ ഡൽഹി പോലീസ്

വെബ് ഡെസ്ക്

ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ കുറ്റപത്രത്തിൽ ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ശരിവച്ച് ഡൽഹി പോലീസ്. ലൈംഗിക പീഡനം, ഉപദ്രവം, വേട്ടയാടൽ തുടങ്ങിയ ആരോപണങ്ങൾ ഡൽഹി പോലീസ് ശരിവച്ചു. ബ്രിജ് ഭൂഷൺ വിചാരണ ചെയ്യപ്പെടണമെന്നും ശിക്ഷയ്ക്കപ്പെടണമെന്നും ജൂണിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ആറ് ഗുസ്തി താരങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലീസ് കണ്ടെത്തല്‍.

സെക്ഷന്‍ 506 (ഭീഷണിപ്പെടുത്തല്‍), 354 (സ്ത്രീകള്‍ക്കെതിരായ അക്രമം), 354 എ (ലൈംഗിക പീഡനം), 354 ഡി (വേട്ടയാടല്‍) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബ്രിജ് ഭൂഷണ്‍ കുറ്റം ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഡൽഹി പോലീസ് പറയുന്നു. ബ്രിജ് ഭൂഷണെതിരെ രജിസ്റ്റര്‍ ചെയ്ത ആറ് കേസുകളില്‍ രണ്ടെണ്ണത്തില്‍ സെക്ഷന്‍ 354, 354 എ, 354 ഡി എന്നിവ പ്രകാരമാണ് കേസെടുത്തത്. നാല് കേസുകളില്‍ സെക്ഷന്‍ 354, 354എ എന്നിവ പ്രകാരവുമാണ് കേസ്. ഇത് അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി 108 സാക്ഷികളുമായി ഉദ്യോഗസ്ഥര്‍ സംസാരിച്ചു. ഇതിൽ 15 പേര്‍ പരിശീലകരാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു.

ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. ആരോപണമുന്നയിച്ച ഗുസ്തി താരങ്ങളെ താന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലെന്നും അവരുടെ ഫോണ്‍ നമ്പറുകള്‍ തന്റെ കൈവശം ഇല്ലെന്നുമായിരുന്നു ബ്രിജ് ഭൂഷന്റെ വിശദീകരണം. മോശം പെരുമാറ്റം, അനുവാദമില്ലാതെ സ്പർശനം, വസ്ത്രം അഴിച്ചുമാറ്റാൻ ശ്രമം തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് വനിതാ ഗുസ്തി താരങ്ങൾ ഉന്നയിച്ചിരുന്നത്.

ഡൽഹി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ഫോട്ടോ, വീഡിയോ തെളിവുകളും ഉൾപ്പെടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആറ് വനിത ഗുസ്തിതാരങ്ങളുടെ പരാതിയിൽ നാലെണ്ണത്തിലും ഫോട്ടോ തെളിവുകളും മൂന്നെണ്ണത്തിൽ വീഡിയോ തെളിവുകളും പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. 1500 പേജുള്ള കുറ്റപത്രം ജൂൺ 14നാണ് ഡൽഹി പോലീസ് കോടതിയിൽ സമർപ്പിച്ചത്.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും