ബ്രിജ് ഭൂഷണ്‍ ഹാജരാകണം; ലൈംഗിക പീഡനാരോപണ കേസില്‍  കോടതി നോട്ടീസ്

ബ്രിജ് ഭൂഷണ്‍ ഹാജരാകണം; ലൈംഗിക പീഡനാരോപണ കേസില്‍ കോടതി നോട്ടീസ്

റോസ് അവന്യൂ കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാലാണ് ബ്രിജ് ഭൂഷണും ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും നോട്ടീസ് അയച്ചത്

വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിന് കോടതിയില്‍ ഹാജരാകാൻ നോട്ടീസ്. കേസില്‍ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, റോസ് അവന്യൂ കോടതി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിങ് ജസ്പാലാണ് ബ്രിജ് ഭൂഷണും ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനും നോട്ടീസ് അയച്ചത്. ഈ മാസം 18നാണ് കേസ് പരിഗണിക്കുക.

“ജൂലൈ 18ന് ഞാൻ കോടതിയിൽ ഹാജരാകും. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് എനിക്ക് ഒരു ഇളവും ആവശ്യമില്ല. ”ബ്രിജ് ഭൂഷൺ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചത് ജൂൺ 15നാണ് . ഗുസ്തി താരങ്ങൾ നൽകിയ പരാതിയിൽ വനിത താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്ത 1500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പോലീസ് സമർപ്പിച്ചിരുന്നു.

ബ്രിജ് ഭൂഷണ്‍ ഹാജരാകണം; ലൈംഗിക പീഡനാരോപണ കേസില്‍  കോടതി നോട്ടീസ്
ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്‌റ്റേ

ആറ് ഗുസ്തി താരങ്ങളുടെ മൊഴികളും 80ഓളെ സാക്ഷികളുടെ മൊഴിയുമാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക തെളിവുകളായി ഫോട്ടോകൾക്കും വീഡിയോകൾക്കും പുറമെ ഫോൺ കോൾ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പരാതികൾ സാധൂകരിക്കാൻ വേണ്ടിയാണ് ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചിട്ടുള്ളത്.

നിയമ പോരാട്ടം കോടതിയിലൂടെ തുടരുമെന്ന് പ്രഖ്യാപിച്ച് ജൂണ്‍ മാസം അവസാനത്തോടെയാണ് നാല് മാസം നീണ്ടു നിന്ന സമരം ഗുസ്തി താരങ്ങള്‍ അവസാനിപ്പിച്ചത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ നേതൃത്വം നല്‍കിയ സമരത്തില്‍ മാസങ്ങളോളം കേന്ദ്രസർക്കാർ ഇടപെട്ടില്ലെന്നത് വിമർശനങ്ങള്‍ക്കിട നല്‍കിയിരുന്നു. പിന്നീട്, അടിയന്തരമായി സർക്കാർ ഇടപെടലുണ്ടാകുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.

logo
The Fourth
www.thefourthnews.in