ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്‌റ്റേ

ഡബ്ല്യുഎഫ്‌ഐ തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്‌റ്റേ

തങ്ങള്‍ക്ക് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയത്തിനുമെതിരേ അസം ഗുസ്തി അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്.

അടുത്ത മാസം 11-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പിന് ഗുവാഹത്തി ഹൈക്കോടതിയുടെ സ്‌റ്റേ. തങ്ങള്‍ക്ക് ഡബ്ല്യുഎഫ്‌ഐ അംഗത്വം നിഷേധിച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ഫെഡറേഷനും കേന്ദ്ര കായിക മന്രതാലയത്തിനുമെതിരേ അസം ഗുസ്തി അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി സ്‌റ്റേ പുറപ്പെടുവിച്ചത്.

2014 നവംബറില്‍ ചേര്‍ന്ന അന്നത്തെ ഡബ്ല്യുഎഫ്‌ഐ എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ് അസം ഗുസ്തി അസോസിയേഷന് അംഗത്വം നല്‍കണമെന്നു ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഡബ്ല്യുഎഫ്‌ഐ ഇതുവരെ അംഗത്വം നല്‍കാന്‍ തയാറായിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിനിധിയെ നോമിനേറ്റ് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ അസം അസോസിയേഷന്‍ അംഗത്വത്തിനു പൂര്‍ണ അംഗീകാരം ലഭിക്കുന്നതു തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിച്ച കോടതി വിശദ വാദം കേള്‍ക്കാന്‍ പിന്നീടത്തേക്കു മാറ്റി. അതുവരെ തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകരുതെന്ന് ഡബ്ല്യു.എഫ്.ഐ. അഡ്‌ഹോക് കമ്മിറ്റിക്കും കായിക മന്ത്രാലയത്തിനും നിര്‍ശേം നല്‍കി. ജൂലൈ 17-നാണ് കേസ് ഇനി കോടതി പരിഗണിക്കുന്നത്.

ജൂലൈ നാലിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 10 സംസ്ഥാന യൂണിറ്റുകളില്‍ നിന്നു പരാതി ഉയര്‍ന്നതോടെ അത് ജൂലൈ 11-ലേക്കു മാറ്റുകയായിരുന്നു.

അതേസമയം സമരംചെയ്യുന്ന താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് അട്ടിമറിച്ച് ബ്രിജ് ഭൂഷണിന്റെ മരുമകന്‍ വിശാല്‍ സിങ്ങിന്റെ പേര് തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ബ്രിജ് ഭൂഷണിന്റെ ബന്ധുക്കളോ സഹായികളോ മത്സരിക്കില്ലെന്നായിരുന്നു നേരത്തേ താരങ്ങള്‍ക്ക് കായികമന്ത്രി അനുരാഗ് താക്കൂര്‍ നല്‍കിയ ഉറപ്പ്.

എന്നാല്‍ ഇതു ലംഘിച്ച് ബിഹാര്‍ ഫെഡറേഷന്‍ പ്രസിഡന്റ് എന്ന നിലയില്‍ വിശാലിന്റെ പേര് തിരുകിക്കയറ്റുകയായിരുന്നു. ചട്ടം ലംഘിച്ചാണ് ബ്രിജ് ഭൂഷണ്‍ ബിഹാര്‍ യൂണിറ്റ് പിരിച്ചുവിട്ടതെന്നും മരുമകനെ പ്രസിഡന്റാക്കിയതെന്നും മുന്‍ ഭാരവാഹികള്‍ അഡ്ഹോക് കമ്മിറ്റിക്ക് പരാതി നല്‍കി. റിട്ടേണിങ് ഓഫീസറായ ജമ്മു കശ്മീര്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തല്‍കുമാര്‍ അപ്പീല്‍ പരിഗണിക്കും.

logo
The Fourth
www.thefourthnews.in