INDIA

'ദില്ലി ചലോ' മാര്‍ച്ച് നിര്‍ത്തിവച്ചു; അതിര്‍ത്തിയില്‍ തുടരുമെന്ന് കര്‍ഷകര്‍

വെബ് ഡെസ്ക്

കേന്ദ്ര സര്‍ക്കാരിനെതിരായ 'ദില്ലി ചലോ' മാര്‍ച്ച് ഫെബ്രുവരി 29 വരെ നിര്‍ത്തിവച്ച് കര്‍ഷക സംഘടനകള്‍. ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹരിയാന അതിര്‍ത്തിയില്‍ തമ്പടിച്ച് സമരം നടത്താനാണ് തീരുമാനം. ബുധനാഴ്ചയാണ് ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ബത്തിന്‍ഡയില്‍ ഹരിയാന പോലീസുമായുണ്ടായ സംഘര്‍ഷത്തിനിടെ 22 കാരനായ ശുഭ്കരണ്‍ സിങ് എന്ന കര്‍ഷകന്‍ കൊല്ലപ്പെട്ടത്.

പോലീസിന്റെ ടിയര്‍ഗ്യാസ് പ്രയോഗത്തിനിടെയാണ് ശുഭ്കരണ്‍ കൊല്ലപ്പെട്ടതെന്നാണ് കര്‍ഷകരുടെ ആരോപണം. സംഭവത്തില്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച് നിര്‍ത്തിവച്ച് ഹരിയാന അതിര്‍ത്തി ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തില്‍ ഏതുതരത്തിലുള്ള സമരരീതി സ്വീകരിക്കണമെന്ന് ഫെബ്രുവരി 29-ന് പ്രഖ്യാപിക്കുമെന്നു കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ദര്‍ പറഞ്ഞു. ഇതിനായി കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം 27-ന് ചേരും.

സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കൊലപാതകത്തിന് കേസെടുക്കണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം) നേതാവ് ബല്‍ബീര്‍ സിങ് രാജേവല്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടാഴ്ചയായി തുടരുന്ന കര്‍ഷകസമരത്തില്‍ ഒരു കര്‍ഷകന്റെകൂടി ജീവന്‍ ഇന്നു നഷ്ടമായി. പഞ്ചാബ് ബത്തിന്‍ഡ ജില്ലയിലെ അമര്‍പുര ഗ്രാമത്തില്‍നിന്നുള്ള അറുപത്തി രണ്ടുകാരനായ ദര്‍ശന്‍ സിങ്ങാണ് മരിച്ചത്. ഇന്നലെ രാത്രി അസ്വസ്ഥത അനുഭവപ്പെട്ട ദര്‍ശന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും മുപ്പതോളം പേര്‍ക്ക് പരുക്കേറ്റതായും ഹരിയാന പോലീസ്അറിയിച്ചു. കര്‍ഷകര്‍ക്കെതിരെ 1980ലെ ദേശീയ സുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം ഇന്നു വീണ്ടും ഹരിയാന അതിര്‍ത്തിയില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടി. മാര്‍ച്ചിന്റെ ഭാഗമായി ഹിസാര്‍ അതിര്‍ത്തിയില്‍ സമരക്കാരെ തടയാന്‍ ഹരിയാന പോലീസ് ഒരുക്കിയ സന്നാഹങ്ങള്‍ മറികടക്കാനുള്ള കര്‍ഷകരുടെ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. റോഡ് ബ്ലോക്ക് ചെയ്ത് പോലീസ് സ്ഥാപിച്ചിരുന്നു കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ട്രാക്ടര്‍ ഉപയോഗിച്ച് കര്‍ഷകര്‍ വലിച്ചുനീക്കാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.

സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് 11 റൗണ്ട് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പോലീസ് വാഹനവ്യൂഹത്തിനു നേര്‍ക്ക് ട്രാക്ടര്‍ ഓടിച്ചു കയറ്റിയും കല്ലേറുനടത്തിയും കര്‍ഷകര്‍ ഇതിനെ നേരിട്ടതോടെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയായിരുന്നു. കല്ലേറില്‍ നാലു പോലീസുകാര്‍ക്കു പരുക്കേറ്റു. നിരവധി കര്‍ഷകര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും മൂന്നു കര്‍ഷകരുടെയും നില ഗുരുതരമാണെന്ന് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര സിഖ് സംഘടനയായ നിഹാംഗ് സഖ് വാരിയേഴ്സ് രംഗത്തെത്തി. ഗുരുദ്വാരകളെ സംരക്ഷിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലെ പ്രവര്‍ത്തകരും ഇന്നു പ്രക്ഷോഭത്തില്‍ അണിനിരന്നു. വാളുകളും മൂര്‍ച്ചയേറിയ കുന്തങ്ങളും ഏന്തി തങ്ങളുടെ പരമ്പരാഗത നീല വേഷത്തിലാണ് അവര്‍ ഇന്ന് കര്‍ഷക സമരത്തില്‍ അണിനിരന്നത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, ഇടിച്ചിറക്കിയത് അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത്

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം