ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

എല്ലാവരും തഴഞ്ഞ യാഷിനെ നിർബന്ധ ബുദ്ധിയോടെ ബെംഗളൂരു സ്വന്തമാക്കിയപ്പോഴും സോഷ്യല്‍ ലോകം പരിഹസിക്കുകയായിരുന്നു

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും പ്ലേ ഓഫിനുമിടയില്‍ 17 റണ്‍സ്. ചെന്നൈയ്ക്കായി ക്രീസില്‍ സാക്ഷാല്‍ എം എസ് ധോണിയും അത്ഭുതങ്ങള്‍ പലകുറി കാട്ടിയിട്ടുള്ള രവീന്ദ്ര ജഡേജയും. മറുവശത്ത് റിങ്കു സിങ് നല്‍കിയ ദുഃസ്വപ്നത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന യാഷ് ദയാല്‍.

'The good thing about time is, it changes'

ഒടുവില്‍ ചിന്നസ്വാമിയിലെ പതിനായിരങ്ങളും ക്രിക്കറ്റ് ലോകവും സാക്ഷി യാഷ് ദയാലിന് റിഡംപ്ഷന്‍.

2023 ഏപ്രില്‍ ഒന്‍പത്, അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള ത്രില്ലർ പോര്. ഗുജറാത്ത് ഉയർത്തിയ 208 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ അവസാന ഓവറില്‍ കൊല്‍ക്കത്തയ്ക്ക് ആവശ്യമായിരുന്നത് 29 റണ്‍സ്. അന്നും അവസാന ഓവറില്‍ പന്തെത്തിയത് യാഷ് ദയാലിന്റെ കൈകളിലായിരുന്നു.

വിജയം പ്രതീക്ഷിച്ച ഗുജറാത്ത് ടൈറ്റന്‍സിനും തോല്‍വി ഉറപ്പിച്ച കൊല്‍ക്കത്തയ്ക്കും മുന്നില്‍ റിങ്കു സിങ്ങെന്ന താരം ഉദിച്ചു. യാഷിന്റെ ഓവറില്‍ തുടർച്ചയായി അഞ്ച് സിക്സറുകള്‍ നേടി കൊല്‍ക്കത്തയ്ക്ക് അവിശ്വസനീയമായ ജയമായിരുന്നു റിങ്കു സമ്മാനിച്ചത്. പക്ഷേ, മറുവശത്ത് യാഷ് ദയാലെന്ന ഇരുപത്തിയഞ്ചുകാരനെ കാത്തിരുന്നത് നിരാശയുടേയും വിഷാദത്തിന്റേയും നാളുകളായിരുന്നു.

അവശേഷിച്ച ഗുജറാത്തിന്റെ മത്സരങ്ങളില്‍ യാഷ് ദയാല്‍ പ്രത്യക്ഷപ്പെട്ടില്ല. കൊല്‍ക്കത്തയ്ക്കെതിരായ മത്സരം തന്നെ മാനസികമായും ശരീരികമായും തളർത്തിയെന്ന് താരം തുറന്നു പറഞ്ഞു. ഇടവേളയ്ക്ക് ശേഷം കളത്തിലെത്തിയ യാഷിന്റെ ദൃശ്യങ്ങള്‍ ആഘാതത്തിന്റെ ആഴം തെളിയിക്കുന്നതായിരുന്നു.

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'
IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

മെഗാ താരലേലത്തില്‍ യാഷിനെ ബെംഗളൂരു കൈപിടിച്ചുയർത്തുകയായിരുന്നു. എല്ലാവരും തഴഞ്ഞ യാഷിനെ നിർബന്ധ ബുദ്ധിയോടെ ബെംഗളൂരു സ്വന്തമാക്കിയപ്പോഴും സോഷ്യല്‍ ലോകം പരിഹസിക്കുകയായിരുന്നു. ബെംഗളൂരു മാനേജ്മെന്റിന്റും യാഷും അതിന്റെ രൂക്ഷത അറിഞ്ഞു. വിമർശകർ കയ്യടിക്കുന്നതും ആരാധകരാകുന്നതുമായ കാഴ്ചകള്‍ കായികലോകത്തിന് പുതുമയുള്ളതല്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാകുകയായിരുന്നു ചിന്നസ്വാമിയില്‍ യാഷ് ദയാല്‍.

ആദ്യ പന്ത് ധോണി ഫൈന്‍ ലെഗിന് മുകളിലൂടെ ധോണി മൈതാനത്തിന് പുറത്തെത്തിച്ചപ്പോള്‍ യാഷിന്റെ മനസിലൂടെ റിങ്കു സിങ് മിന്നിമറിഞ്ഞിട്ടുണ്ടാകുമെന്ന് ഉറപ്പ്. എന്നാല്‍ അടുത്ത പന്തില്‍ ധോണിയുടെ വിക്കറ്റിലൂടെ ചെന്നൈ ആരാധകരെ ഒന്നടങ്കം നിശബ്ദരാക്കിക്കൊണ്ടായിരുന്നു സിക്സിനുള്ള മറുപടി യാഷ് നല്‍കിയത്. കളത്തില്‍ കൂളെന്ന് പേരുകേട്ട ധോണിപോലും സമ്മർദത്തെ അതിജീവിക്കാനാകാതെ മുഷ്ടി ചുരുട്ടി മടങ്ങിയപ്പോള്‍ ക്രീസിലെത്തിയത് എത്തിയത് ശാർദൂല്‍ താക്കൂർ.

അപ്പോഴും ശാന്തനായിരുന്നു യാഷ്. ശാർദൂലിന് കാത്തുവെച്ചത് വേഗത കുറഞ്ഞ ബൌണ്‍സറായിരുന്നു. ഡോട്ട് ബോള്‍. അടുത്ത പന്തില്‍ സിംഗിളെടുത്ത് ശാർദൂല്‍ ജഡേജയ്ക്ക് സ്ട്രൈക്ക് കൈമാറി. രണ്ട് പന്തും 10 റണ്‍സുമായിരുന്നു ഇക്വേഷന്‍. ഇതേ നിലയില്‍ നിന്നായിരുന്നു ജഡേജ കഴിഞ്ഞ സീസണില്‍ ഗുജറാത്തിന്റെ കൈകളില്‍ നിന്ന് കിരീടം തട്ടിയെടുത്തത്.

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'
'എന്ത് സംഭവിക്കുമെന്ന് പറയാനാകില്ല'; രോഹിതിന്റെ ഭാവിയില്‍ മുംബൈ പരിശീലകന്‍ മാർക്ക് ബൗച്ചർ

ചരിത്രം ആവർത്തിക്കാന്‍ ഒരുങ്ങിയ ജഡേജയ്ക്ക് മുന്നിലും ക്രിക്കറ്റ് ലോകത്തിന് മുന്നിലും തലകുനിച്ച് മടങ്ങാനായിരുന്നില്ല യഷിന്റെ തീരുമാനം. യഷിന് ഉപദേശം നല്‍കാന്‍ ഡുപ്ലെസിസോ കോഹ്ലിയോ സിറാജോ എത്തിയിരുന്നില്ല. ആ ആത്മവിശ്വാസം യാഷ് കാത്തു. ജഡേജയുടെ ഹിറ്റിങ് ആർക്ക് മനസിലാക്കിയെറിഞ്ഞ രണ്ട് പന്തുകളും ഡോട്ടായി മാറി. ഐപിഎല്‍ ചരിത്രം കണ്ട ഏറ്റവും മികച്ച തിരിച്ചുവരവിന്റെ തലപ്പൊക്കത്തോടെ ബെംഗളൂരു പ്ലേ ഓഫില്‍. തല ഉയർത്തി യാഷ് ദയാലും.

ചിന്നസ്വാമിയില്‍ ആരവങ്ങളുയർന്നപ്പോള്‍ റിങ്കു സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ യാഷിനെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടു.

For every setback, there’s a comeback waiting for you if you’re brave enough to fight it out. Well done, Yash!

logo
The Fourth
www.thefourthnews.in