INDIA

മോശം പെരുമാറ്റം: 12 പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധൻഖര്‍

വെബ് ഡെസ്ക്

രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കുകയും സഭാ നടപടികള്‍ തടസപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതികൂടിയായ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍. അവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടപെടല്‍. ഒമ്പത് എംപിമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും മൂന്ന് പേര്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നുള്ളവരുമാണ്. അവകാശലംഘനം അന്വേഷിക്കാന്‍ പാര്‍ലമെന്ററി സമിതിയെ നിയമിക്കണമെന്ന് ധന്‍ഖര്‍ ആവശ്യപ്പെട്ടു. രാജ്യസഭാ ബുള്ളറ്റിനിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

നടുത്തളത്തിൽ പ്രവേശിക്കുക, മുദ്രാവാക്യം മുഴക്കുക, നടപടികൾ തടസ്സപ്പെടുത്തുക തുടങ്ങിയ ആരോപണങ്ങളാണ് എംപിമാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ശക്തിസിങ് ഗോഹിൽ, നരൻഭായ് ജെ രത്വ, സയ്യിദ് നാസിർ ഹുസൈൻ, കുമാർ കേത്കർ, ഇമ്രാൻ പ്രതാപ് ഗർഹി, എൽ ഹനുമന്തയ്യ, ഫുലോ ദേവി നേതം, ജെ ബി മാതർ ഹിഷാം, രഞ്ജീത് രഞ്ജൻ എന്നിവരാണ് അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപിമാർ. സഞ്ജയ് സിങ്, സുശീൽ കുമാർ ഗുപ്ത, സന്ദീപ് കുമാർ പഥക് എന്നിവരാണ് ആം ആദ്മി പാർട്ടിയില്‍ നിന്നുള്ള അംഗങ്ങള്‍.

പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിരന്തരമായി സഭ തടസപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ക്കെതിരെ അധ്യക്ഷന്‍ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാരിനെയും അവരുടെ നയങ്ങളെയും വിമര്‍ശിക്കുന്നത് സഭയുടെ അന്തസ്സുമായി ബന്ധപ്പെടുത്തരുതെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷന് കത്തെഴുതിയിരുന്നു.സര്‍ക്കാരിനെതിരെ ഖാര്‍ഗെ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പലതും സഭാ രേഖകളില്‍ നിന്ന് നീക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വ്യവസായി ഗൗതം അദാനിയുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുയര്‍ന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്ങ്?,ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍

അഞ്ച് ദിവസത്തേക്ക് മഴ തുടരും; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത