INDIA

അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 23 വരെ നീട്ടി ഡൽഹി കോടതി

വെബ് ഡെസ്ക്

ഡല്‍ഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി അടുത്ത തിങ്കളാഴ്ച വരെ നീട്ടി ഡൽഹി കോടതി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റിമാൻഡ് കാലാവധി അവസാനിച്ചതിന് പിന്നാലെയാണ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയത്. നിലവിൽ തിഹാർ ജയിലിലാണ് കെജ്‍രിവാൾ. കേസിൽ ബിആർഎസ് നേതാവ് കെ കവിതയുടെ ജുഡീഷ്യൽ കസ്റ്റഡിയും ഏപ്രിൽ 23 വരെ കോടതി കഴിഞ്ഞ ദിവസം നീട്ടിയിരുന്നു.

വെർച്വൽ കോൺഫറൻസിലൂടെയാണ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയത്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടാൻ ഇ ഡി കോടതിയോട് ആവശ്യപ്പെട്ടത്. റോസ് അവന്യൂ കോടതികളിലെ പ്രത്യേക സി ബി ഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി ഉത്തരവിട്ടത്.

അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി ഇഡിയോട് പ്രതികരണം തേടിയിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഏപ്രിൽ 24-നകം മറുപടി നൽകാനാണ് ഇഡിയോട് ആവശ്യപ്പെട്ടത്. ഏപ്രിൽ 29 നാണ് കേസ് വീണ്ടും പരിഗണിക്കുക.

ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി കോടതി, കെജ്‍രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്ന് നിരീക്ഷിച്ചിരുന്നു.

കേന്ദ്ര ഏജൻസിയുടെ നിർബന്ധിത നടപടികളിൽനിന്ന് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് കെജ്‌രിവാൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് മാർച്ച് 21 ന് രാത്രി കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഏപ്രില്‍ 15 വരെ കെജ്‍രിവാളിനെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്റെ അറസ്റ്റ് ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യത്തയാളാണ് അരവിന്ദ് കെജ്‍രിവാൾ.

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

നായകന്‍ തുടരും; അഡ്രിയാന്‍ ലൂണയുമായുള്ള കരാർ നീട്ടി ബ്ലാസ്റ്റേഴ്‌സ്

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍