INDIA

ബില്ലുകളിൽ തീരുമാനം വൈകല്‍: രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി കേരളം സുപ്രീംകോടതിയില്‍

വെബ് ഡെസ്ക്

രാഷ്ട്രപതിക്കെതിരെ അസാധാരണ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നിയമസഭ പാസാക്കിയ നാല് ബില്ലുകളില്‍ തീരുമാനം വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. രാഷ്ട്രപതിയുടെ സെക്രട്ടറിയെ കക്ഷിചേര്‍ത്തുകൊണ്ടാണ് സംസ്ഥാന ചീഫ് സെക്രട്ടറിയും ടി പി രാമകൃഷ്ണന്‍ എംഎല്‍എയും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയിൽ കേരളത്തിന്റെ ഹർജി നിലവിലുണ്ട്.

ബില്ലുകള്‍ രണ്ടുവര്‍ഷം തടഞ്ഞുവച്ചതിന് ശേഷമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണങ്ങള്‍ വ്യക്തമാക്കാതെയാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുകള്‍ രണ്ടുവര്‍ഷം തടഞ്ഞുവെച്ചശേഷമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചത്.

രാഷ്ട്രപതിയുടെ അനുമതി ആവശ്യമുള്ള പ്രത്യേക വിഭാഗങ്ങളില്‍ പെടുന്നതല്ല ഈ ബില്ലുകളെന്നാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകള്‍ 24 മാസം വരെ തീര്‍പ്പാക്കാതെ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണയ്ക്കു വിട്ടത് ഭരണഘടന ലംഘിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഇത് 200, 201 അനുച്ഛേദപ്രകാരമുള്ള ഭരണഘടനാപരമായ കടമകളും പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കുകയെന്ന ഉത്തരവാദിത്തത്തിന്റെ ലംഘനമാണെന്ന് കേരളം ആരോപിക്കുന്നു.

ഗവര്‍ണര്‍ രാഷ്ട്രപതിക്കയച്ച ഏഴ് ബില്ലുകളില്‍ മൂന്നെണ്ണത്തില്‍ തീരുമാനമെടുത്തിരുന്നു. നാലു ബില്ലുകളില്‍ രാഷ്ട്രപതിയുടെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടായിട്ടില്ല.

രാഷ്ട്രപതിക്ക് തെറ്റായ ഉപദേശം നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍, ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുകള്‍ തയാറാക്കി അവതരിപ്പിച്ച സംസ്ഥാന നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും നിഷ്‌ഫലമാക്കുന്നതാണ് ഗവര്‍ണറുടെ നടപടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ സികെ ശശി മുഖേനയാണ് കേരളം റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

രക്തസാക്ഷി പരിവേഷവുമായി കെജ്‌രിവാള്‍ പ്രചാരണത്തിനെത്തുന്നു; പുത്തനുണർവിൽ 'ഇന്ത്യ'

'ബിജെപിയുടെ കുത്സിത നീക്കത്തിനേറ്റ കനത്ത തിരിച്ചടി'; കെജ്‌രിവാളിന്റെ ജാമ്യത്തില്‍ പ്രതിപക്ഷം

'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

'രക്ഷിതാക്കളിൽനിന്ന് തട്ടിയെടുത്ത കുട്ടികളെ കൂട്ടിയിട്ട് വെടിവച്ചു;' സുഡാനിൽ നടുക്കുന്ന വംശഹത്യയുടെ വിവരങ്ങൾ പുറത്ത്

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: കെജ്‌രിവാള്‍ പുറത്തേക്ക്, ഇടക്കാല ജാമ്യം