അറസ്റ്റിലായ പ്രതി ദിനേശ്, കൊല്ലപ്പെട്ട സുശീലാമ്മ
അറസ്റ്റിലായ പ്രതി ദിനേശ്, കൊല്ലപ്പെട്ട സുശീലാമ്മ 
INDIA

ആഭരണങ്ങള്‍ക്കായി കൊലപാതകം, വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുക്കുപണ്ടം; മൃതദേഹം വീപ്പയിലാക്കി തള്ളി, പ്രതി അറസ്റ്റില്‍

ദ ഫോർത്ത് - ബെംഗളൂരു

ബെംഗളൂരുവില്‍ വയോധികയെ കൊന്ന് മൃതദേഹം കഷണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ ഉപേക്ഷിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. കെ ആര്‍ പുര നിസര്‍ഗ ലേഔട്ടിലെ സുശീലാമ്മ (70) ആണ് കൊല്ലപ്പെട്ടത്. സുശീലാമ്മയുടെ അയല്‍വാസി ദിനേശ് ആണ് അറസ്റ്റിലായത്. ഞായറാഴ്ചയായിരുന്നു വീപ്പയിലാക്കി ഉപേക്ഷിച്ച മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ടു ഞായറാഴ്ചതന്നെ പോലീസ് ദിനേശിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്.

മകളോടും പേരക്കുട്ടിയോടുമൊപ്പം താമസിച്ചിരുന്ന സുശീലാമ്മ വീട് വിട്ടു പോകുന്നതും പരിചയക്കാരുടെ വീടുകളില്‍ താമസിക്കുന്നതും പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍നിന്നു പോയ ഇവര്‍ ഞായറാഴ്ചയായിട്ടും തിരിച്ചെത്താത്തതില്‍ അതുകൊണ്ടുതന്നെ കുടുംബാംഗങ്ങള്‍ക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല.

വീട്ടില്‍ നിന്നിറങ്ങിയ വൃദ്ധയെ പ്രതി ക്ഷേത്രത്തിലേക്കെന്നു പറഞ്ഞു കൂടെ കൂട്ടുകയും സ്വന്തം വീട്ടിലേക്കു കൊണ്ടു പോകുകയുമായിരുന്നു. സുശീലാമ്മയുടെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. മൂക്കും വായയും മൂടി വൃദ്ധയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം പ്രതി ആഭരണങ്ങള്‍ ഊരി എടുത്തു. ഇവ വില്‍ക്കാനായി ജ്വല്ലറിയില്‍ പോയെങ്കിലും കമ്മലൊഴികെ എല്ലാം മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞു. നിരാശനായി തിരികെ എത്തിയ ദിനേശ് മൃതദേഹം ഒളിപ്പിക്കുന്നതിനായി സമീപത്തെ കടയില്‍ നിന്ന് പ്ലാസ്റ്റിക് വീപ്പവാങ്ങി മൃതദേഹം കഷ്ണങ്ങളാക്കി അതില്‍ നിറച്ച് അടപ്പിട്ട് വിജനമായ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച വീപ്പ

ചെന്നൈയില്‍ ജോലി ചെയ്തിരുന്ന ദിനേശ് നാലു വര്‍ഷം മുന്‍പായിരുന്നു സുശീലാമ്മയുടെ വീടിനടുത്തു താമസമാക്കിയത്. 30 ലക്ഷം രൂപയുടെ കടബാധ്യതയുള്ള പ്രതി അടുത്തിടെ സുശീലാമ്മ സ്ഥലവില്പന നടത്തി നേടിയ പണം കടമായി ചോദിച്ചിരുന്നു. ഇത് വൃദ്ധ നിരസിച്ചതോടെയായിരുന്നു ആഭരണങ്ങളില്‍ കണ്ണ്‌വെച്ച് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. തുടക്കം മുതല്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന പ്രതിയെ പോലീസ് കുടുക്കിയത് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്. ദിനേശ് ശനിയാഴ്ച പുലര്‍ച്ചെ വീപ്പയുമായി പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ വീടുകളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു.

നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ വീപ്പയുമായി പോകുന്ന പ്രതിയുടെ ദൃശ്യം

വീട്ടില്‍ വിരുന്നുവന്ന വൃദ്ധ കുഴഞ്ഞു വീണു മരിച്ചെന്നും താന്‍ കൊലപ്പെടുത്തിയെന്ന് ആരെങ്കിലും സംശയിച്ചാലോ എന്ന പേടിയില്‍ കഷ്ണങ്ങളാക്കി വീപ്പയില്‍ നിറച്ചെന്നുമായിരുന്നു ഇയാള്‍ ആദ്യം നല്‍കിയ മൊഴി. പോലീസിന്റെ നിരന്തരമായ ചോദ്യം ചെയ്യലിലാണ് കടബാധ്യതയും കൊലപാതകത്തിനായി നടത്തിയ മുന്നൊരുക്കങ്ങളും പ്രതി തുറന്നുസമ്മതിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍