വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

കണ്ണിന്റെ ബ്രൗണ്‍ നിറത്തില്‍നിന്ന് നീലയിലേക്കും പച്ചയിലേക്കും മാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ ടിക്ടോക് വീഡിയോകളായി ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ പങ്കുവെക്കുകയും പ്രചരിക്കുകയും ചെയ്യുന്നു

പല തരത്തിലുള്ള ട്രെന്‍ഡുകളാണ് ദിനം പ്രതി സോഷ്യല്‍ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്. വൈറല്‍ ഡാന്‍സുകള്‍, ബ്യൂട്ടി ടിപ്‌സ് തുടങ്ങി ഭൂരിഭാഗം പേരും ശ്രമിക്കുന്ന ട്രെന്‍ഡുകള്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡിന് മുന്നറിയിപ്പുമായി വന്നിരിക്കുകയാണ് ആരോഗ്യ വിദഗ്ദര്‍. കണ്ണില്‍ പച്ചകുത്തുന്നതിനെതിരെയാണ് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്.

കണ്ണിന്റെ രൂപം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അടുത്തിടെ വികസിപ്പിച്ചെടുത്ത ചികിത്സാ രീതിയാണ് കെരാറ്റോപിഗ്മെന്റേഷന്‍ എന്നറിയപ്പെടുന്ന ഐ ടാറ്റൂയിങ്. അണുബാധ, രോഗം, മുറിവ്, ഐറിസ് കൃത്യമായി രൂപപ്പെടാത്ത, കണ്ണുകളിലെ അംഗവൈകല്യമായ അനിറിഡിയ രോഗം തുടങ്ങിയ കാരണങ്ങളാല്‍ കണ്ണിന്റെ സുതാര്യമായ മുന്‍ഭാഗമായ കോര്‍ണിയയില്‍ പാടുകള്‍ ഉള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ചികിത്സാരീതിയാണ് ഇത്.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
രണ്ടാഴ്ച വളരെ നിര്‍ണായകം; മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

എന്നാല്‍ ജനപ്രിയമായ, സൗന്ദര്യം വര്‍ധിക്കുന്ന ട്രെന്‍ഡായി ഈ ചികിത്സാ രീതി മാറുന്നതിലാണ് ആരോഗ്യ വിദഗ്ദര്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. കണ്ണിന്റെ ബ്രൗണ്‍ നിറത്തില്‍നിന്ന് നീലയിലേക്കും പച്ചയിലേക്കും മാറ്റം വരുത്തുന്ന ശസ്ത്രക്രിയകള്‍ ടിക്ടോക് വീഡിയോകളായി ഇന്‍ഫ്‌ളൂവന്‍സര്‍മാര്‍ പങ്കുവെക്കുകയും പ്രചരിക്കുകയും ചെയ്യുന്നു.

അതേസമയം ബ്രിട്ടണില്‍ ഈ ചികിത്സാരീതി ലഭ്യമല്ലാത്തതിനാല്‍ തന്നെ വിദേശത്ത് പോയാണ് ബ്രിട്ടണിലുള്ളവര്‍ ഐ ടാറ്റൂയിങ് ചെയ്യുന്നത്. ടാറ്റൂ ചെയ്ത് കഴിഞ്ഞുള്ള മാസങ്ങളില്‍ അന്ധതയടക്കമുള്ള രോഗാവസ്ഥകള്‍ ഉണ്ടാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യമുള്ള കണ്ണുകള്‍ ഉള്ളവര്‍ സൗന്ദര്യവര്‍ധക ആവശ്യത്തിനായി കെരാറ്റോ പിഗ്മെന്റേഷന്‍ നടത്തിയാല്‍ ദീര്‍ഘകാലത്തേക്കുള്ള കാഴ്ച പ്രശ്‌നങ്ങള്‍ വരെ സംഭവിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

കെരാറ്റോപിഗ്മെന്റേഷനില്‍ സൂചിയോ ലേസറോ ഉപയോഗിച്ച് കോര്‍ണിയയില്‍ ചെറിയ മുറിവുണ്ടാക്കുന്നതിന് മുമ്പ് സാധാരണ അനസ്‌തേഷ്യ നല്‍കുന്നു. നിറങ്ങള്‍ കുത്തിവെക്കുന്നതിനായി ചെറിയ അറകള്‍ ഉണ്ടാക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പിഗ്മെന്റുകള്‍ കോര്‍ണിയയിലൂടെ കാണപ്പെടുന്ന ഐറിസിലെ സ്വാഭാവിക നിറത്തെ മറയ്ക്കുകയും നിറ വ്യത്യാസം ഉണ്ടാക്കുകയും ചെയ്യുന്നു.

ഐ ടാറ്റൂയിങ്ങിനെക്കുറിച്ച് ഇതാദ്യമായല്ല ആശങ്ക ഉയരുന്നത്. നേരത്തെ കാഴ്ച നഷ്ടപ്പെടുന്നതും സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നതും കാരണം കെരാറ്റോപിഗ്മെന്റേഷനും കണ്ണിന്റെ നിറം വ്യത്യാസപ്പെടുത്തുന്ന മറ്റ് വിദ്യകളായ ഐറിസ് ഇംപ്ലാന്റ് ശസ്ത്രക്രിയയെയും അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി ജനുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍
അനാരോഗ്യത്തിന് കാരണമാകുന്ന അമിതവണ്ണവും പ്രമേഹവും; നഷ്ടമാകുന്നത് ജീവിതത്തിന്‌റെ 50 ശതമാനം

ലൈറ്റ് സെന്‍സിറ്റിവിറ്റി (പ്രകാശ സംവേദനക്ഷമത), കാഴ്ച നഷ്ടപ്പെടുന്ന രീതിയില്‍ കോര്‍ണിയയ്ക്ക് തകരാര്‍ സംഭവിക്കുക, അണുബാധ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ കെരാറ്റോപിഗ്മെന്റേഷന്‍ മൂലം സംഭവിക്കുമെന്നും അതുകൊണ്ട് സൗന്ദര്യത്തിന് വേണ്ടി ഈ ട്രെന്‍ഡ് ചെയ്യുന്നവര്‍ ഈ കാര്യങ്ങള്‍ ഓര്‍മിക്കണമെന്നും സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.

കണ്ണുകളുടെ നിറം മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ ഐ ടാറ്റൂയിങ്ങിന് പകരം നിറമുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നുള്ള നിര്‍ദേശങ്ങളും കണ്ണ് രോഗ വിദഗ്ദര്‍ മുന്നോട്ട് വെക്കുന്നുണ്ട്. ലെന്‍സുകളുടെ കാര്യത്തിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഓണ്‍ലൈന്‍ മുഖാന്തരം വാങ്ങിക്കാതെ കണ്ണ് രോഗ വിദഗ്ദരെ സമീപിച്ച് അഭിപ്രായം തേടുന്നതായിരിക്കും നല്ലത്.

കെരാടോപിഗ്മെന്റേഷനുമായി ബന്ധപ്പെട്ട ആദ്യ ലോക കോണ്‍ഗ്രസ് ഈ മാസം സ്‌പെയിനില്‍ നടക്കാനിരിക്കെയാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്. കെരാറ്റോപിഗ്മെന്റേഷന്റെ ചികിത്സാപരവും സൗന്ദര്യപരവുമായ ഉപയോഗത്തെക്കുറിച്ച് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശസ്ത്രക്രിയാ പ്രോട്ടോക്കോളുകള്‍ സൃഷ്ടിക്കുകയാണ് കോണ്‍ഗ്രസിന്റെ ഉദ്ദേശ്യമെന്ന് കെരാറ്റോപിഗ്മെന്റേഷന്റെ പ്രക്രിയകള്‍ വികസിപ്പിച്ചെടുത്ത പ്രൊഫസര്‍ ജോര്‍ഗോ അലിയോ പറഞ്ഞു. സ്‌പെയിനിലെ മിഗ്വെല്‍ ഹെര്‍ണാണ്ടസ് സര്‍വകലാശാലയിലെ ഒഫ്താല്‍മോളജി ചെയര്‍മാനും പ്രൊഫസര്‍മാരുമായ ജോര്‍ഗോ അലിയോയാണ് കോണ്‍ഫറന്‍സ് അധ്യക്ഷന്‍. സൗന്ദര്യ ആവശ്യങ്ങള്‍ക്കായി ശസ്ത്രക്രിയ വ്യാപകമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'' രോഗിയെ തിരഞ്ഞെടുക്കേണ്ട മാനദണ്ഡം, സങ്കീര്‍ണതകള്‍, ഉപയോഗിക്കേണ്ട പിഗ്മെന്റേനുകള്‍ എന്നിവയെക്കുറിച്ച് കൃത്യമായ അറിവുകള്‍ ഉള്ള വൈദ്യശാസ്ത്രപരമായി വിദ്യാഭ്യാസമുള്ള കോര്‍ണിയല്‍ സര്‍ജന്‍മാരാണ് ഇത് ചെയ്യേണ്ടത്,'' അദ്ദേഹം പറഞ്ഞു. കോര്‍ണിയയ്ക്കുള്ളില്‍ കുത്തിവെക്കുന്ന എല്ലാ പിഗ്മെന്റേഷനുകള്‍ സുരക്ഷിതവും സുസ്ഥിരവുമല്ലെന്നും അലിയോ പറയുന്നു.

logo
The Fourth
www.thefourthnews.in