സിദ്ധരാമയ്യയും ഡികെ ശിവകുമാറും
സിദ്ധരാമയ്യയും ഡികെ ശിവകുമാറും 
INDIA

സിദ്ധരാമയ്യ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; ശിവകുമാറും ഏതാനും മന്ത്രിമാരും ചുമതലയേൽക്കും

ദ ഫോർത്ത് - ബെംഗളൂരു

കർണാടകയിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുളള സർക്കാർ ഇന്ന് ചുമതലയേൽക്കും. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. ഏതാനും മന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കും.

ബെംഗളുരുവിലെ ശ്രീ കണ്ടീരവ സ്റ്റേഡിയത്തിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 12.30 ന് ഗവർണർ താവർ ചന്ദ്‌ ഗെഹ്‌ലോട്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കും.

224 അംഗ നിയമസഭയിൽ 135 സീറ്റുകൾ നേടിയാണ് കോൺഗ്രസ് കർണാടകയിൽ അധികാരം തിരിച്ചുപിടിച്ചത്. സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി കസേരയിൽ ഇത് രണ്ടാം ഊഴമാണ്. നേരത്തെ മന്ത്രി പദവികൾ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി പദത്തിലേറുന്നത്. സിദ്ധരാമയ്യ മൈസൂരുവിലെ വരുണയേയും ഡി കെ ശിവകുമാർ രാമനഗരയിലെ കനക്‌പുരയേയുമാണ് നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മുഖ്യമന്ത്രിമാർക്കും രാജ്യത്തെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും ചടങ്ങിലേക്ക് ഹൈകമാന്‍റിന്‍റെ ക്ഷണമുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജമ്മു കശ്‍മീർ മുൻ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഫാറൂഖ് അബ്ദുള്ള, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ട് .

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, എൻസിപി അധ്യക്ഷൻ ശരത് പവാർ, ആർഎസ്‌പി നേതാവ് എൻ കെ പ്രേമചന്ദ്രൻ എംപി , കേരള കോൺഗ്രസ് അധ്യക്ഷൻ ജോസ് കെ മാണി, മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ സാദിഖലി തങ്ങൾ എന്നിവർക്കും ഔദ്യോഗിക ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ അസൗകര്യമുള്ളവർ പ്രതിനിധികളെ അയക്കുമെന്നറിയിച്ചതായി കെപിസിസി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിനിധിയായി തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാ കക്ഷി ഉപനേതാവ് പങ്കെടുക്കും. മുസ്ലിം ലീഗ് പ്രതിനിധിയായി എത്തുക ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എംപി ആയിരിക്കും.

വിവിഐപികളുടെ വരവ് കണക്കിലെടുത്തു വൻ സുരക്ഷാ വലയത്തിലാണ് ചടങ്ങ് നടക്കുന്ന ശ്രീ കണ്ടീരവ സ്റ്റേഡിയം . പൊതുജനങ്ങൾ ഉൾപ്പടെ ഒരു ലക്ഷത്തോളം പേർ ചടങ്ങിന് സാക്ഷിയാകുമെന്നാണ് കരുതപ്പെടുന്നത്. ചടങ്ങ് വീക്ഷിക്കുന്നതിന് വിപുലമായ സജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബെംഗളൂരു നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപമാനം ഭയന്ന് നാടുവിട്ട് പ്രജ്വല്‍ കേസ് അതിജീവിതകള്‍; ലൈംഗികാതിക്രമദൃശ്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടി, ഹെൽപ്പ്ലൈൻ ആരംഭിച്ചു

മഴയെത്തുന്നു; വ്യാഴം, വെള്ളി ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട്

എഴുതിത്തള്ളാന്‍ വരട്ടെ; മുംബൈ ഇന്ത്യന്‍സിന് ഇനിയും തിരിച്ചുവരാം

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരേ കേസെടുക്കാന്‍ കോടതി ഉത്തരവ്‌