INDIA

'1984 - എ സിഖ് സ്റ്റോറി' ബിബിസി പുറത്തിറക്കിയിരുന്നു; എസ് ജയശങ്കറിന്റെ ആരോപണം തെറ്റ്

വെബ് ഡെസ്ക്

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ കഴിഞ്ഞദിവസം ബിബിസിക്കെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ബിബിസി ഡോക്യുമെന്ററി ആകസ്മികമല്ലെന്നും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ രാജ്യത്തിന്റെ യശസ് തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നുമായിരുന്നു അതില്‍ പ്രധാന ആരോപണം. ഈ വാദത്തിന്റെ ബലത്തിനായി വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത് ഗുജറാത്ത് കലാപം ഡോക്യുമെന്റിയാക്കിയ ബിബിസി, എന്തുകൊണ്ട് 1984-ലെ സിഖ് കലാപവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററി ചെയ്തില്ല എന്നതായിരുന്നു. എന്നാല്‍ വിദേശകാര്യമന്ത്രിയുടെ വാദം തെറ്റാണെന്നാണ് ബോധ്യപ്പെടുന്നത്. '1984 എ സിഖ് സറ്റോറി' എന്ന ഡോക്യുമെന്ററി ബിബിസി നിര്‍മിച്ചിട്ടുണ്ടെന്നതാണ് വാസ്തവം.

2010ലാണ് ബിബിസി '1984 -എ സിഖ് സ്റ്റോറി 'എന്ന ഡോക്യുമെന്ററി പുറത്തിറക്കുന്നത് . 1984ല്‍ പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിന് നേരെയുണ്ടായ നടപടികളും തുടര്‍ന്ന് ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലുമായുണ്ടായ സിഖ് വംശഹത്യയുമാണ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം, സിഖ് വംശഹത്യ തുടങ്ങിയ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നിര്‍ണായക സംഭവവികാസങ്ങള്‍ ഇന്ത്യന്‍ വംശജയായ സോണിയ ഡിയോ എന്ന മാധ്യമപ്രവര്‍ത്തക അന്വേഷിക്കുന്നതാണ് ഈ ഡോക്യുമെന്ററി.

സിഖ് കലാപത്തിന്റെ 26-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ബിബിസി '1984 എ സിഖ് സ്‌റ്റോറി' പുറത്തുവിട്ടത്. സമാനമായ സാഹചര്യത്തിലായിരുന്നു 'ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്ററിയും . 2002ല്‍ നടന്ന ഗുജറാത്ത കലാപത്തെ കുറിച്ച് 22 വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് ഡോക്യുമെന്ററി പുറത്തിറക്കിയത് .

ജയശങ്കറിന്റെ ആരോപണത്തെ മാധ്യമ നിരീക്ഷകരും തള്ളുന്നു. 1980 കാലഘട്ടം മുതല്‍ ബിബിസി ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ദിരാ ഗാന്ധിയുടെ കൊലപാതകവും തുടര്‍ സംഭവവികാസങ്ങളും ബിബിസി വസ്തുനിഷ്ഠാപരമായി റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് വാദം.

''ഗുജറാത്ത് കലാപം നടന്നിട്ട് വര്‍ഷങ്ങളായി. എന്നാല്‍, വര്‍ഷങ്ങള്‍ക്കിപ്പുറം സംഭവം ഉയര്‍ത്തികൊണ്ടുവന്നതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഒരുപക്ഷേ, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടായിരിക്കാമിത്. രാജ്യത്ത് ഗുജറാത്ത് കലാപമല്ലാതെ നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ ഈ പ്രശ്‌നം മാത്രം പെരുപ്പിച്ച് കാണിക്കുന്നു. അത് ശരിയല്ല .1984 ല്‍ ഡല്‍ഹിയില്‍ പലതും സംഭവിച്ചു. എന്തുകൊണ്ടാണ് ഡോക്യുമെന്ററിയായി കാണാത്തത്? അതുകൊണ്ടുതന്നെ ഇത് ആകസ്മികമായ നീക്കമാണെന്ന് കരുതുന്നില്ല.''- എന്നാമായിരുന്നു എസ് ജയശങ്കറിന്റെ ആരോപണം .

ഗുജറാത്ത് കലാപത്തെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിന്റെ രഹസ്യരേഖകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരുന്നു ബിബിസി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' ഡോക്യുമെന്ററി നിര്‍മിച്ചത്. രണ്ട് ഭാഗമായി ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ ബിജെപി വെട്ടിലായി . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച ഡോക്യുമെന്ററിയില്‍ മുസ്ലീങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ അന്നത്തെ ഭരണാധികാരിയായിരുന്ന മോദിയുടെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം

'എഎപിക്കുള്ളിൽ ബിജെപി 'ഓപ്പറേഷൻ ചൂൽ' നടപ്പാക്കുകയാണ്'; പോലീസ് ബാരിക്കേഡിന് മുന്നിൽ സമരം നയിച്ച് കെജ്‌രിവാൾ

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബൈഭവ് 5 ദിവസം കസ്റ്റഡിയില്‍

സോൻ പാപ്ഡി പലഹാരത്തിന് ഗുണനിലവാരമില്ല; പതഞ്ജലിയുടെ മൂന്ന് ഉദ്യോഗസ്ഥർക്ക് തടവ് ശിക്ഷയും പിഴയും