INDIA

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ: സുപ്രീം കോടതിയുടെ നിര്‍ണായക വിധി 11ന്‌

വെബ് ഡെസ്ക്

ഭരണഘടനയുടെ അനുച്ഛേദം 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ 2019ലെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി 11 ന് വിധി പറയും. 2019-ൽ കേന്ദ്രം വരുത്തിയ മാറ്റങ്ങളുടെ ഭരണഘടനാ സാധുതയെയും മുൻ സംസ്ഥാനമായ ജമ്മു കാശ്മീരിനെ കാശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിച്ചതിനെതിനെയും ചോദ്യം ചെയ്തുള്ള ഹർജികളിലാണ് വിധി പറയുക.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 16 ദിവസത്തെ വാദം കേട്ടശേഷം സെപ്തംബർ അഞ്ചിനാണ് 23 ഹർജികളിൽ വിധി പറയാൻ മാറ്റിയത്. ജസ്റ്റിസുമാരായ എസ് കെ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരും ബെഞ്ചിലുണ്ട്.

ഓഗസ്റ്റ് 2-ന് ആരംഭിച്ച വാദം കേൾക്കലിൽ പതിനാറ് ദിവസം നീണ്ട വിപുലമായ ചർച്ചകൾക്കും വാദങ്ങൾക്കുമാണ് കോടതി മുറി സാക്ഷ്യം വഹിച്ചത്. മൂന്ന് വർഷത്തിന് ശേഷം ഈ വർഷം ജൂലൈയിലാണ് കേസ് വീണ്ടും ലിസ്റ്റ് ചെയ്തത്.

ജമ്മു കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ പൂർണമായും സംയോജിപ്പിക്കാൻ അനുച്ഛേദം 370 റദ്ദാക്കൽ അനിവാര്യമാണെന്ന് സർക്കാർ വാദിച്ചിരുന്നു. 2019 ഓഗസ്റ്റിൽ അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം കഴിഞ്ഞ നാലര വർഷമായി ജമ്മു കശ്മീരിലും ലഡാക്കിലും "അഭൂതപൂർവമായ സമാധാനം" പുനഃസ്ഥാപിക്കുന്നതിലേക്ക് നയിച്ചതായി സർക്കാർ അവകാശപ്പെടുന്നു.

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളായി ജമ്മു കശ്മീർ തീവ്രവാദത്തെ അഭിമുഖീകരിക്കുകയാണ്. അതിനെ ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി അനുച്ഛേദം 370 റദ്ദാക്കുകയായിരുന്നു. സ്കൂളുകൾ, കോളേജുകൾ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിവയെല്ലാം താഴ്വരയിൽ സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്. ഭയചകിതമായ അന്തരീക്ഷത്തിൽ നിന്ന് മാറി താഴ്വരയിലെ ജനങ്ങൾ സമാധാനത്തോടെ ജീവിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ കശ്മീരിൽ രാഷ്ട്രപതിയുടെ പ്രഖ്യാപനത്തിലൂടെ അനുച്ഛേദം 370 റദ്ദാക്കിയത് അവിടുത്തെ ആളുകളുടെ ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാരുടെ വാദം. ഈ വിഷയത്തിൽ 20 ലധികം ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം ഒഴികെ പാര്‍ലമെന്റ് പാസാക്കുന്ന ഏതു നിയമവും ജമ്മുകശ്മീരില്‍ പ്രാബല്യത്തില്‍ വരണമെങ്കില്‍ കശ്മീര്‍ നിയമനിര്‍മാണ സഭയുടെ അംഗീകാരം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 370ാം അനുച്ഛേദം. 2018ൽ മെഹ്ബൂബ മുഫ്തിയുടെ പിഡിപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിന് പിന്നാലെയാണ് അന്ന് സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിൽ രാഷ്രപതി ഭരണം ഏർപ്പെടുത്തുന്നത്. പദവി റദ്ദാക്കിയ സംഭവം വലിയ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ