INDIA

'ഞങ്ങൾ അന്ധരല്ല, ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ല'; പതഞ്ജലിയുടെ മാപ്പപേക്ഷ വീണ്ടും തള്ളി സുപ്രീംകോടതി

വെബ് ഡെസ്ക്

പതഞ്ജലി സ്ഥാപകരായ ബാബാ രാംദേവും ബാലകൃഷ്‌ണയും സമർപ്പിച്ച ക്ഷമാപണം വീണ്ടും തള്ളി സുപ്രീം കോടതി. തങ്ങൾ അന്ധരല്ലെന്നും ഈ കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് കോടതി ക്ഷമാപണം നിരസിച്ചത്. വിഷയത്തിൽ കേന്ദ്രത്തിൻ്റെ മറുപടിയിൽ തൃപ്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പതഞ്ജലിയുടെ മാപ്പപേക്ഷ കടലാസിൽ മാത്രമാണെന്നും ഇത് അംഗീകരിക്കാൻ തയാറല്ലെന്നും ജസ്റ്റിസ് ഹിമ കോഹ്‌ലിയും ജസ്റ്റിസ് എ അമാനുള്ളയും ഉൾപ്പെട്ട ബെഞ്ച് പറഞ്ഞു. നടപടിക്രമങ്ങളുടെ തുടക്കത്തിൽ, രാംദേവും ബാലകൃഷ്‌ണയും ആദ്യം മാധ്യമങ്ങൾക്ക് മാപ്പപേക്ഷ അയച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.

"വിഷയം കോടതിയിൽ എത്തുന്നതുവരെ, ഞങ്ങൾക്ക് സത്യവാങ്മൂലം അയയ്ക്കാൻ അവർക്ക് സാധിച്ചില്ല. അവർ ആദ്യം മാധ്യമങ്ങൾക്ക് അയച്ചു, ഇന്നലെ വൈകുന്നേരം 7.30 വരെ കോടതിക്കുവേണ്ടി മാപ്പപേക്ഷ അപ്‌ലോഡ് ചെയ്തിട്ടില്ല. അവർ പരസ്യത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്," ജസ്റ്റിസ് ഹിമ കോഹ്‌ലി പറഞ്ഞു. മാപ്പപേക്ഷയിലൂടെ പതഞ്ജലി കോടതിയെ കബളിപ്പിക്കുകയാണെന്ന് ജസ്റ്റിസ് എ അമാനുള്ള വിമർശിച്ചു. ആരാണ് ഈ മാപ്പപേക്ഷ തയ്യാറാക്കിയതെന്ന് താൻ അത്ഭുതപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ പതഞ്ജലിക്കും സ്ഥാപകരായ യോഗ ഗുരു രാംദേവിനും സഹായി ബാലകൃഷ്ണനുമെതിരായ കേസിൽ സുപ്രീംകോടതിയിൽ കഴിഞ്ഞ ദിവസം കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഏത് തരത്തിലുള്ള ആരോഗ്യസേവനങ്ങൾ ലഭ്യമാക്കണമെന്നുള്ളത് വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. എന്നാൽ ഏതെങ്കിലും സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണമെന്നും കേന്ദ്രം അറിയിച്ചു. പതഞ്ജലിക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ മറുപടി.

കൃത്യമായ സത്യവാങ് മൂലം സമർപ്പിക്കാത്ത പാശ്ചാത്തലത്തിലായിരുന്നു ഗുരു രാംദേവിനും സഹായി ബാലകൃഷ്ണനുമെതിരെ കോടതി വിമർശനം ഉന്നയിച്ചത്. കഴിഞ്ഞ മാസം പതഞ്ജലി സമർപ്പിച്ച മാപ്പപേക്ഷ സ്വീകരിക്കാൻ കോടതി വിസമ്മതിച്ചിരുന്നു. കോടതിയെ അനുനയിപ്പിക്കാൻ ഉദ്ദേശിച്ചല്ല അപേക്ഷ സമർപ്പിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി മാപ്പപേക്ഷ തള്ളിയത്. വിഷയത്തിൽ കേന്ദ്രത്തെയും സുപ്രീം കോടതി വിമർശിച്ചിരുന്നു. വിഷയത്തിൽ സർക്കാർ സ്വന്തം കണ്ണുകളടയ്ക്കാൻ തീരുമാനിച്ചത് എന്ത് കൊണ്ടാണെന്നായിരുന്നു കഴിഞ്ഞയാഴ്ച കോടതി ചോദിച്ചത്.

മാന്ത്രിക പ്രതിവിധി അവകാശപ്പെടുന്ന പരസ്യങ്ങൾക്കെതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് കേന്ദ്രത്തിൻ്റെ മറുപടിയിൽ പറയുന്നു. എന്നിരുന്നാലും, നിയമപ്രകാരം സമയബന്ധിതമായി വിഷയം കേന്ദ്രം ഏറ്റെടുത്തിട്ടുണ്ട്. കോവിഡ് -19 ൻ്റെ പ്രതിവിധിയായി കൊറോണിൽ എന്ന മരുന്ന് വികസിപ്പിച്ചെടുത്തതായി പതഞ്ജലിയുടെ അവകാശവാദം പരാമർശിച്ച്, ആയുഷ് മന്ത്രാലയം ഇക്കാര്യം പരിശോധിക്കുന്നത് വരെ അത്തരം പരസ്യങ്ങൾ നൽകരുതെന്ന് കമ്പനിയോട് നിര്‍ദേശിച്ചിരുന്നതായി സത്യവാങ്മൂലത്തിൽ പറയുന്നു.

വിശദമായ ഇൻ്റർ ഡിസിപ്ലിനറി പ്രക്രിയയ്ക്ക് ശേഷം, കൊറോണിൽ ടാബ്‌ലെറ്റ് "കോവിഡ് -19 സപ്പോര്‍ട്ടിങ് സിസ്റ്റമായി മാത്രമേ പരിഗണിക്കൂ" എന്ന് സംസ്ഥാന ലൈസൻസിങ് അതോറിറ്റിയെ അറിയിച്ചതായി കേന്ദ്രത്തിൻ്റെ മറുപടിയിൽ പറയുന്നു. കോവിഡ് രോഗശമനത്തിനായുള്ള തെറ്റായ അവകാശവാദങ്ങൾക്കെതിരെ കേന്ദ്രം സജീവമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിൽ പറയുന്നു. കോവിഡ് ചികിത്സയ്ക്കായി ആയുഷുമായി ബന്ധപ്പെട്ട അവകാശവാദങ്ങളുടെ പരസ്യങ്ങൾ നിർത്താൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

"ആയുഷ് സംവിധാനത്തിൻ്റെയോ അലോപ്പതി മരുന്നിന്റെയോ സേവനങ്ങൾ ലഭ്യമാക്കുന്നത് ഒരു വ്യക്തിയുടെ തിരഞ്ഞെടുപ്പാണ്. ഓരോ ആരോഗ്യ പരിപാലന സംവിധാനത്തിൻ്റെയും കഴിവുകൾ അതിൻ്റെ പൗരന്മാരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സമഗ്രമായ രീതിയിൽ ഉപയോഗിക്കാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, മറ്റ് വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെക്കുറിച്ച് പൂർണമായ ധാരണയില്ലാത്തതിനാൽ മറ്റ് മരുന്നുകളുടെ ചികിത്സാ സമ്പ്രദായത്തെ അപകീർത്തിപ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്," കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം