INDIA

പമ്പുകളില്‍ വന്‍ തിരക്ക്, ഇന്ധനക്ഷാമം; ദേശീയപാതകള്‍ ഉപരോധിച്ച് ട്രക്ക് ഡ്രൈവര്‍മാര്‍, എന്താണ് 'പ്രകോപനം?'

വെബ് ഡെസ്ക്

ദേശീയപാതകള്‍ ഉപരോധിച്ച്‌ ട്രക്ക് ഡ്രൈവര്‍മാര്‍ ആരംഭിച്ച സമരം രാജ്യമെമ്പാടും വ്യാപിക്കുന്നു. പെട്രോള്‍ പമ്പുകളില്‍ നീണ്ടനിരകള്‍ രൂപപ്പെട്ടു. സമരം നീളുകയാണെങ്കില്‍ ഇന്ധന ക്ഷാമമുണ്ടായേക്കാം എന്ന ഭയത്താലാണ് ആളുകളുടെ നീണ്ടനിര പെട്രോള്‍ പമ്പുകളില്‍ രൂപപ്പെട്ടിരിക്കുന്നത്. 'ഹിറ്റ് ആന്‍ഡ് റണ്‍' കേസുകളിലെ ശിക്ഷ വര്‍ധിപ്പിച്ചതിന് എതിരെയാണ് ട്രക്ക് ഡ്രൈവര്‍മാരുടെ സമരം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് (ഐപിസി) പകരം പാസാക്കിയ ഭാരതീയ ന്യായ് സംഹിതയിലെ വാഹനാപകടങ്ങളിലെ മരണങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ട്രക്ക് ഡ്രൈവര്‍മാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ നിയമം അനുസരിച്ച്, അപകട മരണത്തിന് പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

താനെ, ജല്‍ഗാവ്, ധുലിയ എന്നിവടങ്ങളിലെ പമ്പുകള്‍ക്ക് മുന്നിലാണ് വന്‍ തിരക്ക് അനുഭവപ്പെട്ടത്. ട്രക്ക് ഡ്രവര്‍മാരുടെ ഉപരോധത്തെ തുടര്‍ന്ന് നാഗ്പൂര്‍ ജില്ലയിലെ ചില പെട്രോള്‍ പമ്പുകളില്‍ ഇന്ധനത്തിന്റെ സ്റ്റോക്ക് തീര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്രയിലാണ് സമരം രൂക്ഷമായിരിക്കുന്നത്. നവി മുംബൈയിലും താനെയിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. മുംബൈ-അഹമ്മദാബാദ് ഹൈവേയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. നാസിക്കില്‍ ആയിരത്തില്‍ അധികം ട്രക്കുകള്‍ പനവേഡി ഗ്രാമത്തില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. ബിഹാര്‍, പഞ്ചാബ്, ഹിമാചല്‍പ്രദേശ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും സമരം ശക്തമാണ്.

ചിലയിടങ്ങളില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കൊപ്പം സ്വകാര്യ ബസ് ഡ്രൈവര്‍മാരും സര്‍ക്കാര്‍ ബസ് ഡ്രൈവര്‍മാരും സമരത്തില്‍ പങ്കാളികളാകുന്നുണ്ട്. ഇന്ധന ക്ഷാമം മാത്രമല്ല, പച്ചക്കറികള്‍ അടക്കമുള്ള അവശ്യവസ്തുക്കളുടെ ചരക്ക് നീക്കത്തേയും സമരം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡ്രൈവര്‍മാര്‍ ദേശീയപാതകള്‍ ഉപരോധിക്കുകയും റോഡുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയും ചെയ്തതോടെ, രാജ്യത്തിന്റെ പലഭാഗത്തും വലിയതോതിലുള്ള ട്രാഫിക് ബ്ലോക്കുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

എന്താണ് ട്രക്ക് ഡ്രൈവര്‍മാരെ പ്രകോപിപ്പിച്ചത്?

മൂന്നു ദിവസത്തെ സമരമാണ് ട്രക്ക് ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ചത്. പുതിയ നിയമം തങ്ങളെ പ്രതിരോധത്തിലാക്കുന്നതാണ് എന്നാണ് പ്രതിഷേധക്കാര്‍ വാദിക്കുന്നത്. നേരത്തെ, ഐപിസി 304(എ) പ്രകാരം, മരണകാരണമാകുന്ന അപകടമുണ്ടാക്കുന്ന ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷത്തെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടുവര്‍ഷം തടവും പിഴയും ഒന്നിച്ചോ ആണ് ശിക്ഷ നല്‍കിയിരുന്നത്. എന്നാല്‍, പുതിയ നിയമം പ്രകാരം ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കും.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാതിരിക്കുകയും പോലീസിലോ മജിസ്‌ട്രേറ്റിലോ വിവരമറിയിക്കാതിരിക്കുകയും സംഭവ സ്ഥലത്ത് നിന്ന് ഒളിവില്‍ പോവുകയും ചെയ്യുന്നവര്‍ക്ക് പത്തു വര്‍ഷം തടവും ഏഴ് ലക്ഷം രൂപ പിഴയും ലഭിക്കും.

ആള്‍ ഇന്ത്യ മോട്ടോര്‍ ആന്‍ഡ് ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. മധ്യപ്രദേശില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടന അവകാശപ്പെട്ടു. അപകടമുണ്ടായാല്‍, ആള്‍ക്കൂട്ട ആക്രണം ഭയന്നാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന് പിന്നിലെ കാരണമെന്നും ഇത്രയും വലിയ പിഴ സാധാരണക്കാരായ ട്രക്ക് ഡ്രൈവര്‍മാര്‍ താങ്ങില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സമരം ആരംഭിച്ചത്. നിയമത്തില്‍ മാറ്റം വരുത്തുന്നതിന് മുന്‍പ്, ട്രക്ക് ഡ്രൈവര്‍മാരുടെ സംഘടന പ്രതിനിധികളുമായും വിദഗ്ധരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.

ഏഴു മാസത്തെ ജയില്‍വാസം; ഒടുവില്‍ പ്രബീര്‍ പുരകായസ്ത ജയില്‍ മോചിതനായി

'കോണ്‍ഗ്രസ് നീക്കം ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രത്യേക ബജറ്റിന്'; വീണ്ടും വിദ്വേഷ പരാമര്‍ശവുമായി മോദി

IPL 2024| പോരാളിയായി പരാഗ് മാത്രം; പഞ്ചാബിനെതിരെ രാജസ്ഥാന് ഭേദപ്പെട്ട സ്കോർ

സ്ലൊവാക്യന്‍ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെ വെടിവെപ്പ്; ഒരാള്‍ കസ്റ്റഡിയില്‍

'അതൊരു സാധാരണ വിധിയല്ല, കെജ്‌രിവാളിന് പ്രത്യേക പരിഗണന ലഭിച്ചതായി ജനങ്ങള്‍ കരുതുന്നു'; സുപ്രീംകോടതിക്ക് എതിരെ അമിത് ഷാ