KERALA

'ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചു'; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് അടൂർ

ദ ഫോർത്ത് - തിരുവനന്തപുരം

വിവാദങ്ങൾക്കൊടുവിൽ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ച് സംവിധായകന്‍ അടൂർ ഗോപാലകൃഷ്ണൻ. സ്ഥാപനത്തെ പറ്റി ഒരുപാട് അപഖ്യാതി പ്രചരിപ്പിച്ച സാഹചര്യത്തിലാണ് രാജിയെന്ന് അടൂര്‍ വ്യക്തമാക്കി. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപാണ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നുള്ള അടൂരിന്റെ രാജി. അക്കാദമിക് കൗൺസിൽ ചെയർമാൻ സ്ഥാനത്തുനിന്ന് പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചതായി അടൂർ അറിയിച്ചു. അധ്യാപകരും നടത്തിപ്പുകാരുമായി എട്ട് പേരാണ് രാജിവച്ചിരിക്കുന്നത്.

ശങ്കര്‍ മോഹനെ വിളിച്ചുവരുത്തി അപമാനിച്ചെന്ന് അടൂര്‍ കുറ്റപ്പെടുത്തി. ''മികച്ച പ്രൊഫഷനലായ ശങ്കര്‍മോഹനോളം ചലച്ചിത്രസംബന്ധമായ അറിവോ പ്രവർത്തന പരിചയമോയുള്ള മറ്റൊരു വ്യക്തി ഇന്ത്യയിലില്ല. ശങ്കർ മോഹന്റെ രാജിയോടെ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾക്ക് തിരശ്ശീല വീണു എന്ന് കരുതേണ്ട. പ്രശ്നങ്ങൾ കുറച്ചുകൂടി തീവ്രമാകും. മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കി, പേപ്പട്ടിയെ തല്ലിക്കൊന്നു'' - അടൂര്‍ പറഞ്ഞു. രാജിക്കാര്യത്തെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചെന്നും അടൂര്‍ വ്യക്തമാക്കി.

വിദ്യാർഥികൾ തിരുവനന്തപുരത്തേക്ക് രഹസ്യ യാത്ര നടത്തിയത് സിനിമ കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായിരുന്നു

സമരക്കാർ ഉന്നയിക്കുന്ന ദളിത് വിരോധം, ജാതി വിവേചനം എന്നീ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്ന് അടൂര്‍ പറഞ്ഞു.

ആത്മാർത്ഥ സേവനം നടത്തിയിരുന്ന ചുരുക്കം ചിലരെ കെട്ടുകെട്ടിക്കണം എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ആരംഭിച്ചതെന്ന് അടൂര്‍ പറഞ്ഞു ''അന്വേഷണ കമ്മീഷൻ ശങ്കർ മോഹനെ സംസാരിക്കാൻ പോലും സമ്മതിച്ചില്ല. വിദ്യാർഥികൾ തിരുവനന്തപുരത്തേക്ക് രഹസ്യ യാത്ര നടത്തിയത് സിനിമ കാണാനല്ല, മറിച്ച് സമരതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായിരുന്നു'' - അടൂര്‍ കുറ്റപ്പെടുത്തി. ഇന്‍സ്റ്റിറ്റ്യൂട്ട് പിആർഒ, അധ്യാപകരിൽ രണ്ടുപേർ, ഒരു ഡെമോൺസ്ട്രേറ്റർ, ഒരു ക്ലാർക്ക്, ഒരു സ്റ്റോർ കീപ്പർ എന്നിവരാണ് സമരത്തിന്റെ അണിയറയിൽ പ്രവർത്തനം നടത്തിയ പ്രമുഖരെന്നും അടൂര്‍ ചൂണ്ടിക്കാട്ടി.

2021 - 2022 വര്‍ഷത്തെ പ്രവേശന പ്രക്രിയയില്‍ സംവരണം അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ദളിത് അപേക്ഷാര്‍ഥി കോടതിയെ സമീപിച്ചതോടെയാണ് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവാദങ്ങൾക്ക് തുടക്കമായത്. ഒമ്പത് മാസം മുമ്പ് സ്വീപ്പര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാരിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജോലിക്ക് ശേഷം ഡയറക്ടറായിരുന്ന ശങ്കര്‍ മോഹന്റെ വീട്ടിലും ജോലി ചെയ്യേണ്ടി വന്നെന്ന ആരോപണവും പുറത്തുവന്നു. ഇതിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവർത്തികൾക്കെതിരെ വിദ്യാർഥികൾ പരസ്യ സമരവുമായി മുന്നോട്ട് വരുകയായിരുന്നു. മൂന്ന് വര്‍ഷത്തെ കോഴ്‌സ് രണ്ട് വര്‍ഷമായി വെട്ടിച്ചുരുക്കുക, സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാതിരിക്കുക എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ശങ്കര്‍ മോഹനും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുമെതിരെ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്.

സമരത്തിലുടനീളം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കര്‍ മോഹനെ ന്യായീകരിക്കുന്ന സമീപനമായിരുന്നു അടൂരിന്റേത്. ജാതി വിവേചനം നടത്തിയിട്ടില്ലെന്ന് ആവർത്തിച്ച അടൂർ വിദ്യാർത്ഥികൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. പഠിക്കാന്‍ വന്ന വിദ്യാര്‍ഥികള്‍ പഠിക്കണം, പഠിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ സമരം ചെയ്യില്ലെന്നുമാണ് സമരം നയിച്ച വിദ്യാർത്ഥികൾക്കെതിരെ അടൂർ പറഞ്ഞത്.

വിദ്യാർത്ഥികളുടെ നിരന്തര സമരത്തിനൊടുവിൽ ജനുവരി 21ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹൻ രാജിവച്ചിരുന്നു. ശങ്കര്‍ മോഹൻ രാജിവച്ചതോടെ ആര്‍ ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിൽ വിദ്യാർത്ഥികൾ സമരം ഒത്തുതീർപ്പായിരുന്നു. അടൂര്‍ ഗോപാലകൃഷ്ണനുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്നാണ് വിദ്യാർഥികൾ ആവർത്തിച്ചിരുന്നു.

സൂപ്പര്‍ ജയന്റസ് വീണു; തകര്‍പ്പന്‍ ജയത്തോടെ നൈറ്റ്‌റൈഡേഴ്‌സ് പ്ലേ ഓഫിനരികെ

'ഹോം ഗ്രൗണ്ട്' നഷ്ടപ്പെട്ട് ശരദ് പവാര്‍; നാല്‍പ്പത് വര്‍ഷത്തെ ശീലം മാറ്റി, ബാരാമതിയിലെ കൊട്ടിക്കലാശം അതിവൈകാരികം

'രാമക്ഷേത്രം സന്ദര്‍ശിച്ചതിന് മോശമായി പെരുമാറി'; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര പാര്‍ട്ടിവിട്ടു

ഇസ്രയേലില്‍ അല്‍ ജസീറ അടച്ചുപൂട്ടും; സംപ്രേഷണം നിലച്ചു

'ടൈറ്റാനിക്കിലെ ക്യാപ്റ്റൻ, ലോർഡ് ഓഫ് ദ റിംഗ്‌സിലെ തിയോഡൻ' ; ബ്രിട്ടീഷ് താരം ബെർണാഡ് ഹിൽ അന്തരിച്ചു